മഹീന്ദ്ര മറാറ്റ്‌സോയില്‍ എഎംടി നല്‍കും

മഹീന്ദ്ര മറാറ്റ്‌സോയില്‍ എഎംടി നല്‍കും

മറാറ്റ്‌സോ എഎംടി വികസിപ്പിക്കുന്നതിന് മാന്യെറ്റി മാറെല്ലിയുമായി പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ ഏറ്റവും പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ മറാറ്റ്‌സോയില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കും. നിലവില്‍ ഒരു എന്‍ജിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനിലാണ് (1.5 ലിറ്റര്‍ ഡീസല്‍- 6 സ്പീഡ് മാന്വല്‍) മഹീന്ദ്ര മറാറ്റ്‌സോ ലഭിക്കുന്നത്. നാല് വേരിയന്റുകളിലും രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനിലുമായി ഈ മാസം മൂന്നിനാണ് വാഹനം വിപണിയിലെത്തിച്ചത്.

മറാറ്റ്‌സോ എഎംടി വികസിപ്പിക്കുന്നതിന് ഇറ്റാലിയന്‍ കമ്പനിയായ മാന്യെറ്റി മാറെല്ലിയുമായി മഹീന്ദ്ര പ്രവര്‍ത്തനമാരംഭിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ആയിരിക്കും മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ നല്‍കുന്നത്. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഓടെ മറാറ്റ്‌സോയുടെ പെട്രോള്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ എന്‍ജിനിലാണോ അതോ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലുമാണോ മറാറ്റ്‌സോ എഎംടി ലഭിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

നിലവില്‍ പുതിയ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് മഹീന്ദ്ര മറാറ്റ്‌സോ ലഭിക്കുന്നത്. ഈ മോട്ടോര്‍ 123 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 17.3 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ, മാരുതി എര്‍ട്ടിഗയുടെ ഉയര്‍ന്ന വേരിയന്റുകള്‍ തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto