കാമധേനു ബ്രാന്‍ഡില്‍ ഡസന്‍ ഉല്‍പ്പന്നങ്ങളുമായി ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ദീന്‍ ദയാല്‍ ധാം

കാമധേനു ബ്രാന്‍ഡില്‍ ഡസന്‍ ഉല്‍പ്പന്നങ്ങളുമായി ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ദീന്‍ ദയാല്‍ ധാം

ആമസോണ്‍ വെബ്‌സൈറ്റിലൂടെയും തപാല്‍ വകുപ്പിലൂടെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും; ചാണകവും ഗോമൂത്രവും പാലും ഉപയോഗിച്ച സോപ്പുകളും ഫേസ്പാക്കും മരുന്നുകളും തയാര്‍

 

മഥുര: ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ഗോസംരക്ഷണ പ്രവര്‍ത്തനത്തിന്റെ മാതൃക കാട്ടാന്‍ സംഘപരിവാര്‍ സംഘടന രംഗത്ത്. ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാം കേന്ദ്രമാണ് ചാണകവും ഗോമൂത്രവും പാലും നെയ്യും അടക്കം പശുക്കളില്‍ നിന്നു ലഭിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഡസനോളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവയടക്കം മുപ്പതോളം ഉല്‍പ്പന്നങ്ങളാണ് വൈകാതെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെ ലഭ്യമാവുക. സ്വയം സേവന കേന്ദ്രത്തില്‍ നിര്‍മിച്ച മോദി, യോഗി കുര്‍ത്തകളാണ് മറ്റൊരു ആകര്‍ഷണം. ആമസോണിന്റെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍ തപാല്‍ വകുപ്പിന്റെ സഹായത്തോടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കും.

ഗോമൂത്രവും ചാണകവും അടക്കം അസംസ്‌കൃത പദാര്‍ത്ഥങ്ങളായ സോപ്പുകളും ഷാപൂവും സൗന്ദര്യ വര്‍ധക വസ്തുക്കളും മരുന്നുകളും മറ്റുമാണ് ദീന്‍ ദയാല്‍ ധാം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനുതകുന്ന, പ്രകൃതിയോടിണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഗോസംരക്ഷണത്തിന്റെ പ്രാധാന്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ് ലക്ഷ്യം. പ്രദേശത്തെ സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യമാക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതുന്നു.

‘ആമസോണില്‍ ഉല്‍പ്പന്നത്തിന് ഓര്‍ഡര്‍ ലഭിക്കുന്ന മുറക്ക് വെബ്‌സൈറ്റ് ഞങ്ങള്‍ക്ക് അറിയിപ്പ് തരും. അതനുസരിച്ച് ഞങ്ങളുടെ കേന്ദ്രത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. ആമസോണിന്റെ കൊറിയര്‍ സേവനം നിലവില്‍ ഇവിടെ ലഭ്യമല്ല. അതിനാല്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കരാറില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്,’ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാമിന്റെ മാനേജര്‍ ഘന്‍ശ്യാം ഗുപ്ത പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ പാടില്ലെന്നും അതിനോട് യോജിക്കാനാവില്ലെന്നും ആര്‍എഎസ്എസ് മേധാവി മോഹന്‍ ഭാഗ്‌വത് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അക്രമം നിര്‍ത്തി ഗോപരിപാലനത്തിലും സേവനത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രതികരിച്ചിരുന്നു.

ഗ്രാമീണ വികസനവും സ്വയംപര്യാപ്്തതയും ലക്ഷ്യമിട്ട് മഥുരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ദീന്‍ ദയാല്‍ ധാമില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അധ്വാനിക്കുന്നത് സമീപ ഗ്രാമങ്ങളിലെ സ്ത്രീകളാണ്. ഉല്‍പ്പന്ന നിര്‍മാണത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനൊപ്പം സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന പശുക്കളില്‍ നിന്ന് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കേന്ദ്രത്തിന് കൈമാറിയും ഇവര്‍ വരുമാനം കണ്ടത്തുന്നു. ദീന്‍ ദയാല്‍ കാമധേനു ഗോശാല ഫാര്‍മസിയാണ് കേന്ദ്രത്തിന്റെ നട്ടെല്ല്. 90 പശുക്കളും 10 പരിപാലകരുമാണ് നിലവില്‍ ഇവിടെ ഉള്ളത്. പനിക്കുള്ള ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നായ ഘന്‍വതി, രോഗപ്രതിരോധ ശേഷിക്കായുള്ള പഞ്ചവഗ്യ ചൂര്‍ണം, ച്യവനപ്രാശം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഫാര്‍മസിയില്‍ ഉണ്ടാക്കുന്നത്.

വസ്ത്ര വിപണിയില്‍ നേരത്തെ തന്നെ ശ്രദ്ധേയമായ സ്ഥാനം ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. കോട്ടണ്‍ കുര്‍ത്തകളാണ് പ്രധാന ഉല്‍പ്പന്നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണ് അനൗദ്യോഗികമായി ഈ കുര്‍ത്തകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. നിലവില്‍ ഒരു ലക്ഷം രൂപയുടെ സൗന്ദര്യ വര്‍ധക വസ്തുക്കളും 3 ലക്ഷം രൂപയുടെ തുണിത്തരങ്ങളും പ്രതിമാസം വിറ്റഴിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിംഗിലൂടെ ഇത് പല മടങ്ങായി വര്‍ധിപ്പിക്കാനാവുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

———————————————-

കോട്ടണ്‍ കുര്‍ത്തകളാണ് പ്രധാന ഉല്‍പ്പന്നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണ് അനൗദ്യോഗികമായി ഈ കുര്‍ത്തകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

Comments

comments

Categories: Business & Economy