ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാനാരംഭിച്ചെന്ന് ജനറല്‍ ഇലക്ട്രിക്

ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാനാരംഭിച്ചെന്ന് ജനറല്‍ ഇലക്ട്രിക്

ചൈന, ജപ്പാന്‍, യുഎസ്, യുകെ എന്നീ വിപണികള്‍ക്കൊപ്പം മുന്‍നിരയിലുള്ള ഇന്ത്യന്‍ വിപണിയിലെ ബിസിനസിന് അഞ്ചാം സ്ഥാനമുണ്ടെന്ന് ജനറല്‍ ഇലക്ട്രിക് ഇന്ത്യ സിഇഒ വിശാല്‍ വാന്‍ചു

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്ന മികച്ച അവസരങ്ങള്‍ കമ്പനിയെ സംബന്ധിച്ച് ലാഭത്തിലേക്ക് പരിവര്‍ത്തിതമാവാന്‍ തുടങ്ങിയെന്ന് ജനറല്‍ ഇലക്ട്രിക് ഇന്ത്യ സിഇഒ വിശാല്‍ വാന്‍ചു വ്യക്തമാക്കി. കമ്പനിയെ സംബന്ധിച്ച് വലിയ ഭാവി പ്രതീക്ഷകളുള്ള വിപണിയാണ് ഇന്ത്യയെന്നും യുഎസ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി പറഞ്ഞു. ഈ വര്‍ഷം അഞ്ച് ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ചൈന, ജപ്പാന്‍, യുഎസ്, യുകെ എന്നീ വിപണികള്‍ക്കൊപ്പം മുന്‍നിരയിലുള്ള ഇന്ത്യന്‍ വിപണിയിലെ ബിസിനസിന് അഞ്ചാം സ്ഥാനമുണ്ട്. വളര്‍ച്ചാ വീക്ഷണത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യയുണ്ട്. ഇന്ത്യയുടെ പ്രാപ്തിയില്‍ വലിയ ആത്മവിശ്വാസമാണുള്ളത്. കമ്പനിയുടെ ബിസിനസില്‍ ഇന്ത്യയേക്കാള്‍ 70-75 ശതമാനം വലുതാണ് ചൈനയെങ്കിലും ഇവിടുത്തെ ജീവനക്കാരുടെ അടിത്തറ 20,000 ആണ്. ചൈനയുടേതിന് സമാനമാണ് ഈ എണ്ണമെന്നും വാന്‍ചു ചൂണ്ടിക്കാട്ടി.

2015 മുതല്‍ സ്ഥിരമായ വളര്‍ച്ചക്കാണ് ഇന്ത്യയില്‍ കമ്പനി നേടുന്നത്. കമ്പനിയുടെ ബിസിനസുകള്‍ എല്ലാം വളരുകയും ഭാവിയിലേക്കുള്ള ക്രിയാത്മക വീക്ഷണം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നോയ്ഡ, മുംബൈ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള ജനറല്‍ ഇലക്ട്രിക് ടെക്‌നോളജി കേന്ദ്രങ്ങളില്‍ 4,300 ജീവനക്കാരാണുള്ളത്. ബെംഗളൂരുവിലെ 50 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജോണ്‍ എഫ് വെല്‍ക് ടെക് കേന്ദ്രം യുഎസിന് പുറത്തുള്ള ഏറ്റവും വലിയ സംയോജിത ബഹുമുഖ ഗവേഷണ-വികസന കേന്ദ്രമാണെന്നും വിശാല്‍ വാന്‍ചു പ്രതികരിച്ചു.

പുനരുപയോഗം ഊര്‍ജം, വ്യോമയാനം എന്നിവയില്‍ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. ബംഗ്ലാദേശിലും വലിയ അവസരങ്ങളാണ് കമ്പനി കാണുന്നത്. ഭാവിയിലേക്കുള്ള വീക്ഷണത്തില്‍ വ്യോമയാനം അതിവേഗം വളരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. നിരക്കുകളുടെ അടിസ്ഥാനത്തില്‍ പുനരുപയോഗ ഊര്‍ജ ബിസിനസ് വളരെ മത്സരാധിഷ്ഠിതമാണ്. വൈദ്യുതി, വ്യോമയാനം എന്നിവ വളരുന്നുണ്ടെങ്കിലും പുനരുപയോഗ ഊര്‍ജ ബിസിനസ് ഏറ്റവുമധികം വേഗത്തില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗം വളരുന്ന മറ്റൊരു ബിസിനസ് മേഖലയാണ് പ്രതിരോധം. ഈ വര്‍ഷം വളരെയേറെ പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

Comments

comments

Categories: Business & Economy