പരപരാഗണത്തിന്റെ പ്രത്യയശാസ്ത്രം

പരപരാഗണത്തിന്റെ പ്രത്യയശാസ്ത്രം

ലയനത്തിന്റെയും ഏറ്റെടുക്കലുകളുടെയും കഥകള്‍ എന്നത്തെക്കാളും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കാലമാണിത്. ടെലികോം മേഖലയില്‍ വോഡഫോണും ഐഡിയയും ലയിച്ചൊന്നായതും ഫഌപ്കാര്‍ട്ടിനെ വമ്പന്‍ തുക മുടക്കി ഏറ്റെടുത്ത വാള്‍മാര്‍ട്ടിന്റെ ഇടപാടും മുതല്‍ മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചൊന്നാക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി വരെ ഈ പ്രവണതക്ക് അനുഗുണമായതാണ്. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡെന്ന പാപ്പരത്ത നിയമവും എറ്റെടുക്കലുകള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. ഈ ഏറ്റെടുക്കലുകളുടെയും ലയനങ്ങളുടെയും രസതന്ത്രം പരിശോധിക്കുകയാണ് ലേഖകന്‍.

”ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര, കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി..!”
-കുഞ്ഞുണ്ണിക്കവിത

ഒരു സ്ഥാപനത്തിന് പ്രധാനമായും രണ്ട് രീതിയില്‍ വളര്‍ച്ച നേടാനാവും. ഒന്ന,് അനുസ്യൂതമായ ബിസിനസ്സ് വികാസത്തിന്റെ ഫലമായുണ്ടാവുന്ന നൈസര്‍ഗ്ഗിക വളര്‍ച്ച (ഓര്‍ഗാനിക് ഗ്രോത്ത്). രണ്ട,് മറ്റൊരു സ്ഥാപനത്തെ ഏറ്റെടുത്ത് ലയിപ്പിച്ച് നേടുന്ന നൈസര്‍ഗ്ഗികേതര വളര്‍ച്ച അഥവാ ഇനോര്‍ഗാനിക് ഗ്രോത്ത്. ആദ്യത്തേതിന് സമയവും പ്രയത്‌നവും ക്ഷമയും വളരെയധികം വേണം. പടിപടി ആയേ വളര്‍ച്ച കൈവരിക്കാനാവൂ. കാലപ്രവാഹത്തിനിടയിലുണ്ടാവുന്ന സാമ്പത്തിക നിമ്‌നോന്നതികള്‍ ആ വളര്‍ച്ചയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാം. ഒരു കുഞ്ഞ,് പൂര്‍ണ്ണ മനുഷ്യനാവുന്നത് പോലുള്ള വികാസപരിണാമങ്ങളാണ് നൈസര്‍ഗ്ഗിക വളര്‍ച്ച നേടുന്ന സ്ഥാപനങ്ങളില്‍ നടക്കുന്നത്.

പക്ഷേ, വാണിജ്യലോകത്തെ മുഴുവന്‍ പങ്കാളികളും താലോലിക്കുന്ന സ്വപ്നമാണ് പെട്ടെന്നുള്ള വളര്‍ച്ച. അത് പലകാരണങ്ങളാലാണ്. ചെറിയ രീതിയിലുള്ള കച്ചവടത്തേക്കാള്‍ ആദായദായകമായിരിക്കും വലിയ തോതിലുള്ള കച്ചവടം എന്നതാണ് ഒരു കാരണം. പല പ്രവര്‍ത്തനച്ചെലവുകളും അതേ നിലയില്‍ അല്ലെങ്കില്‍ വലിയ അധികരിക്കല്‍ ഇല്ലാതെ തന്നെ മൊത്തം വ്യാപാരത്തിന്റെ അളവ് വര്‍ധിപ്പിക്കാനാവും. സ്വാഭാവികമായും അതേ തോതിലുള്ള മെച്ചം ലാഭത്തിലും ലഭിക്കുന്നു. ചില ചെലവുകള്‍ അധികരിക്കുന്നുമില്ല. അങ്ങനെ വരുമ്പോള്‍, ലാഭത്തിന്റെ അളവും തോതും വര്‍ധിക്കുന്നു. ഇതാണ് സംയോഗ-സംഗ്രഹണങ്ങളുടെ (mergers and acquisitions) ലളിതഗണിതം.

മിക്ക സ്ഥാപനങ്ങള്‍ക്കും ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ അധിഷ്ഠിതമായ മാര്‍ക്കറ്റ് ആണ് ഉണ്ടാവുക. ലെയ്ലാന്‍ഡ് ട്രക്കിനും ഹിന്ദു പത്രത്തിനും വടക്കേ ഇന്ത്യയില്‍ പ്രചാരം താരതമ്യേന കുറവാണ്. അമുലിന്റെ കവര്‍ പാലിന് (പൊടിയല്ല) കേരളത്തില്‍ അത്ര പ്രചാരമില്ല; ഇവിടെ മില്‍മ ആണ് നമ്മള്‍ കണികണ്ടുണരുന്ന നന്മ. ഗോതമ്പ് പൊടി (ആട്ട) കൂടുതല്‍ ഉപയോഗിക്കുന്നത് വടക്കേ ഇന്ത്യയിലാണെങ്കിലും ‘ആശീര്‍വാദ്’ ബ്രാന്‍ഡിന് പ്രിയം തെക്കേ ഇന്ത്യയിലാണ്. ഫെഡറല്‍ ബാങ്കിന്റെ കൂടുതല്‍ ശാഖകള്‍ കേരളത്തിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ആണ്. ഇങ്ങനെ ക്ലിപ്ത സ്ഥലങ്ങളില്‍ കൂടുതല്‍ കയ്യൊപ്പും കാല്‍പ്പാടും പതിപ്പിച്ച ബ്രാന്‍ഡുകള്‍ക്ക് മറ്റിടങ്ങളില്‍ കാല്‍പ്പെരുമാറ്റം കിട്ടാന്‍ നല്ല മാര്‍ഗ്ഗം അവിടങ്ങളില്‍ പരിചിതമായ ബ്രാന്‍ഡുകളെ സ്വന്തമാക്കുകയാണ്. പിന്നെ പേര് മാറ്റിയാലും, ആ മാര്‍ക്കറ്റ് കൂടെ പോരും. സിബാക്ക ടൂത്ത്‌പേസ്റ്റിനെ കോള്‍ഗേറ്റ് എറ്റെടുത്തത് ഗ്രാമീണ ഭാരതത്തില്‍ ഉള്ള സിബാക്കയുടെ മേല്‍ക്കൈ സ്വന്തമാക്കാനാണ്. ഇന്ന് കോള്‍ഗേറ്റ് സിബാക്കയാണ് അവിടെ വില്‍ക്കപ്പെടുന്നത്.

ഇന്നും തുടര്‍ന്ന് പോരുന്ന പരമ്പരാഗത വ്യവസ്ഥ പ്രകാരം സേവന വ്യവസായത്തില്‍ ഓരോ സ്ഥലത്തും ശാഖകള്‍ അനിവാര്യമാണ്. ചിട്ടിക്കമ്പനികള്‍, ഗോള്‍ഡ്ലോണ്‍ കമ്പനികള്‍ തുടങ്ങിയ ബാങ്കിങ് ഇതര ഫിനാന്‍സ് കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വര്‍ധിപ്പിക്കുവാന്‍ സാധാരണ ഉപയോഗിക്കുന്ന മാര്‍ഗ്ഗം, സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പ്രചാരം കൂടുതലുള്ള ഇത്തരം കമ്പനികളെ ഏറ്റെടുത്ത് പേര് മാറ്റി തങ്ങളുടേതാക്കുക എന്നതാണ്. എന്‍ബിഎഫ്സി വില്‍പ്പന-വാങ്ങലുകള്‍ക്ക് മാത്രമായി നിരവധി വെബ്സൈറ്റുകള്‍ പോലുമുണ്ട്. ശ്രീറാം-ഐഡിഎഫ്സി ലയനം ഇത്തരം സാധ്യതകളെയാണ് ലക്ഷ്യമിടുന്നത്.

ഒരു സ്ഥാപനം ആദായകരമാവുന്നതിന്റെ തോത് അളക്കുന്ന ഒരു സമവാക്യമാണ് നികുതിക്ക് മുന്‍പുള്ള ലാഭവും വിറ്റുവരവും തമ്മിലുള്ള അനുപാതം അഥവാ ആദായ സൂചിക. സാമ്പത്തിക സ്ഥിരതയുടെ ഒരു ദിശാസൂചകം എന്ന നിലയില്‍ ആദായ സൂചികയിലെ വ്യതിയാനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെങ്കിലും ആദായത്തുകയിലുണ്ടാവുന്ന വര്‍ധനവിനാണ് കൂടുതല്‍ പ്രാധാന്യം. കാരണം, മൂലധനത്തിന്റെ പ്രവര്‍ത്തനക്ഷമത അതുല്‍പ്പാദിപ്പിക്കുന്ന ലാഭത്തെ ആശ്രയിച്ചിരിക്കുന്നു. ഒരേ അളവിലുള്ള മൂലധനം രണ്ട് കമ്പനികളില്‍ വ്യത്യസ്തമായ തുക ലാഭമായി നല്‍കുമ്പോള്‍, കൂടുതല്‍ ലാഭം തരുന്ന കമ്പനിയില്‍ മുതല്‍ മുടക്കുന്നതാണ് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ലാഭകരം. വലിയ തോതില്‍ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ വാങ്ങാനാവുമ്പോള്‍ അവ ചെറിയ അളവില്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നു. ഇത്, അവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണ ചെലവ് തദനുസരണമായി കുറയ്ക്കുന്നു. നിര്‍മ്മാണച്ചെലവ് കുറയുമ്പോള്‍ മറ്റുള്ളവരുടേതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ എത്തിക്കാനാവുന്നു. ഇവിടെ, ഒരു പക്ഷേ, ആദായ സൂചിക ഒരല്‍പ്പം കുറവായാലും, കുറഞ്ഞ വിലയില്‍ വില്‍ക്കുമ്പോള്‍ മൊത്തം വിറ്റുവരവ് വളരെയധികം വര്‍ധിക്കുന്നു. അനുഗുണമായി ലാഭവും ഉയരുന്നു. എന്നാല്‍, അങ്ങിനെ വലിയ തോതില്‍ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുവാനും വലിയ തോതില്‍ ഉല്‍പ്പാദനം നടത്തുവാനും പുതിയ നിര്‍മ്മാണ ഉപാധികള്‍ വേണം. അവ പടുത്തുയര്‍ത്തുക ശ്രമകരവും സമയമെടുക്കുന്നതും ആയ പ്രക്രിയയാണ്. ചിലപ്പോള്‍, സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങളും പുതിയ സ്ഥാപനങ്ങളുടെ വരവ് നിയന്ത്രിക്കുന്നുണ്ടാവാം. ഇതിനെ മറികടക്കാന്‍ ഏറ്റവും എളുതായ മാര്‍ഗ്ഗം അതേ ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന മറ്റ് കമ്പനികളെ ഏറ്റെടുക്കുക എന്നതാണ്. ടാറ്റ സ്റ്റീല്‍, ഭൂഷണ്‍ സ്റ്റീലിനെ ഏറ്റെടുത്തതെല്ലാം ഈ ഗണത്തില്‍ പെടും. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ എക്കൊണോമീസ് ഓഫ് സ്‌കെയില്‍ നേടുക.

ചില കമ്പനികളുടെ ഉല്‍പ്പാദനപ്രക്രിയയിലെ അസംസ്‌കൃത വസ്തു ഒരു പക്ഷേ, മറ്റൊരു കമ്പനിയുടെ ഉല്‍പ്പന്നം ആയിരിക്കും. താപോര്‍ജ വൈദ്യുതി നിലയം പടുത്തുയര്‍ത്തിയ കമ്പനിക്ക് ആവശ്യമായ കല്‍ക്കരി നല്‍കുന്നത് മറ്റൊരു ഖനനക്കമ്പനി ആയിരിക്കും. ഉല്‍പ്പാദനച്ചെലവിനോടൊപ്പം മതിയായ അല്ലെങ്കില്‍ അമിതമായ ലാഭം കൂടി ചേര്‍ത്തായിരിക്കും ഖനനക്കമ്പനി വൈദ്യുതിക്കമ്പനിക്ക് കല്‍ക്കരി വില്‍ക്കുന്നത്. ഈ ലാഭം സ്വന്തമാക്കാന്‍ വേണ്ടി വൈദ്യുതിക്കമ്പനിക്ക് സ്വന്തമായി കല്‍ക്കരി ഖനനം തുടങ്ങണമെങ്കില്‍ ഭൂഗര്‍ഭ പര്യവേഷണം, ഖനി അനുവദിച്ചു കിട്ടല്‍, ഖനനാനുമതി, പാരിസ്ഥിതികാനുമതി, ഖനനോപാധികള്‍ സംഘടിപ്പിക്കല്‍, ആവശ്യമായ സാങ്കേതിക പരിജ്ഞാനം നേടല്‍ തുടങ്ങി നിരവധി കടമ്പകള്‍ ഉണ്ട്. അവയില്‍ പലതും ചിലപ്പോള്‍ തരണം ചെയ്യാനുമാവില്ല. അപ്പോള്‍ കരണീയമായ കാര്യം, നിലവില്‍ മതിയായ രീതിയില്‍ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി വാങ്ങുകയാണ്. ഭാരതത്തിലെ ചില വൈദ്യുതിനിലയങ്ങളെങ്കിലും ഇങ്ങനെ ഇന്തോനേഷ്യയിലും മൊസാംബിക്കിലും ഒക്കെ ഖനികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ‘അക്വിസിഷന്‍ ഫോര്‍ ബാക്വേഡ് ഇന്റഗ്രേഷന്‍’ എന്ന് സാങ്കേതിക നാമം.

അതുപോലെ, സ്വന്തം ഉല്‍പ്പന്നം മറ്റൊരു കമ്പനിയുടെ അസംസ്‌കൃത വസ്തു ആവുന്ന അവസ്ഥയും ഉണ്ട്. ഒരു പ്ലൈവുഡ് ഫാക്ടറിയുടെ പ്രധാന ഉപഭോക്താക്കളിലൊരാള്‍ നല്ല മാര്‍ക്കറ്റുള്ള ഒരു ഫര്‍ണിച്ചര്‍ കമ്പനി ആയേക്കാം. ആ മാര്‍ക്കറ്റ് പിടിച്ച് സ്വന്തമായി പുതിയൊരു ഫര്‍ണിച്ചര്‍ കമ്പനി ആരംഭിക്കുന്നത് പ്രായോഗികമല്ല. അത്തരുണത്തില്‍ ഫര്‍ണിച്ചര്‍ കമ്പനി വാങ്ങാനാവുമോ എന്നതാവണം ശ്രദ്ധാലുവായ ഒരു സംരംഭകന്റെ താല്‍പ്പര്യം. ‘അക്വിസിഷന്‍ ഫോര്‍ ഫോര്‍വേഡ് ഇന്റഗ്രേഷന്‍’ എന്നാണ് ഇതിന് സാങ്കേതിക ഭാഷയില്‍ പറയുക.

എല്ലാ സ്ഥാപനങ്ങള്‍ക്കും അവയുടേതായ ശക്തിദൗര്‍ബല്യങ്ങള്‍ ഉണ്ട്. ഇവയിലെ ദൗര്‍ബല്യങ്ങളെ ഒഴിവാക്കി ശക്തികളെ മാത്രം സംയോജിപ്പിക്കുവാന്‍ ലക്ഷ്യമാക്കി ലയനങ്ങള്‍ നടത്താറുണ്ട്. വൊഡാഫോണ്‍-ഐഡിയ ലയനമെല്ലാം ഈ ഇനത്തില്‍ വരും. അതുപോലെ ഒരേ വ്യവസായത്തിലുള്ള രണ്ടോ അതിലധികമോ കമ്പനികളില്‍ ഒന്ന്, ചില കാര്യങ്ങളില്‍ ദുര്‍ബലവും എന്നാല്‍ രണ്ടാമത്തെ കമ്പനി അതേ കാര്യത്തില്‍ ശക്തവും ആണെങ്കില്‍ അവ തുലനം ചെയ്ത് സ്വീകാര്യമായ ശക്തി നിലവാരം നേടും. അത്തരം കമ്പനികളുടെ ലയനവും അസാധാരണമല്ല.

ലയനങ്ങളുടെ ഏറ്റവും വലിയ പരാധീനത അത് രണ്ട് സ്ഥാപനങ്ങളിലെയും ജോലിക്കാരില്‍ ഉണ്ടാക്കുന്ന വേവലാതികളാണ്. ചില ജോലികളെങ്കിലും കുറയും. നേതൃപാടവമുള്ളവര്‍ ഒന്നുകില്‍ മതിയായ സ്ഥാനം കിട്ടാതെ നിരാശരാവും. അല്ലെങ്കില്‍ ഈ സാഹചര്യം മുന്നില്‍ കണ്ട് എതിര്‍ ചേരിയിലുള്ള ഏതെങ്കിലും കമ്പനിയിലേക്ക് ചേക്കേറും. ഒരു കമ്പനിയുടെ എല്ലാ ഉള്ളറക്കാര്യങ്ങളും അറിയുന്ന ഒരാളെ എതിരാളി സ്വന്തമാക്കുന്നത് അത്ര ഭദ്രമല്ല.

ലയിപ്പിക്കപ്പെടുന്ന രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള മാനസിക ലയനം അത്ര എളുപ്പമല്ല. അവര്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കങ്ങള്‍ വലിയ രീതിയിലുള്ള ഭരണപ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ഒന്ന് മറ്റൊന്നിനോട് ലയിക്കുമ്പോള്‍ ലയിക്കപ്പെടുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് ലയിപ്പിക്കുന്ന കമ്പനിയിലെ പ്രവര്‍ത്തന പ്രക്രിയയില്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പരിശീലനം ആവശ്യമാണ്. ഇങ്ങിനെ പ്രാഥമിക നിലവാരത്തില്‍ നിന്ന് വീണ്ടും പരിശീലനം തുടങ്ങുന്നത് അവരുടെ മനസിക വീര്യത്തെ കെടുത്തിയേക്കാം.

ഒരേ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ ലയിക്കുമ്പോള്‍ ചില ജോലിക്കാര്‍ അധികമാവും. അവരില്‍ ചിലരെ അപ്പോള്‍ ഒഴിവാക്കേണ്ടി വന്നേക്കും. വ്യവസായത്തര്‍ക്കങ്ങള്‍ക്കും മറ്റും ഇത് നയിക്കും. ശോഭനമായ ഔദ്യോഗിക ഭാവി സ്വപ്നം കണ്ടിരുന്നവര്‍ പലരും കമ്പനി ലയനത്തോടെ അനിശ്ചിതത്വത്തില്‍ ആഴും. ഇത് കമ്പനികളുടെ ഉല്‍പ്പാദനക്ഷമതയെ തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ബാലന്‍സ്ഷീറ്റുകളല്ല രണ്ട് സംസ്‌കാരങ്ങളെയാണ് സംയോജിപ്പിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ ലയനങ്ങള്‍ക്ക് കാര്യമായ ഗുണം നല്‍കാന്‍ കഴിയില്ല.

കാര്‍ട്ടൂണിസ്റ്റ് ടോംസ,് ‘ബോബനും മോളി’യില്‍ പണ്ടൊരിക്കല്‍ വരച്ച ഫലിതം ഓര്‍മ്മ വരുന്നു. അമ്മച്ചിയും മരുമകളും തമ്മില്‍ നിരന്തര ശണ്ഠയാണ്. ഓരോ നിമിഷത്തിലും മരുമകള്‍ പറയും: ‘ഈ മുതുക്കീടെ തല ഇടി വെട്ടിപ്പോണേ’. അമ്മച്ചി അരുമയായി വളര്‍ത്തുന്ന തത്ത ഇതു കേട്ടുകേട്ട് അമ്മച്ചിയെ കാണുമ്പോള്‍ അതുപോലെ പറയാന്‍ തുടങ്ങി. ദുഃഖിതയായ അമ്മച്ചി പള്ളിയിലെ അച്ചനോട് സങ്കടം പറഞ്ഞു. അച്ചന്‍ ഒരു പോംവഴി നിര്‍ദേശിച്ചു. കേട്ടത് ആവര്‍ത്തിക്കുക എന്നതാണല്ലോ തത്തയുടെ ശീലം. പള്ളിയില്‍ അച്ചന്‍ വളര്‍ത്തുന്ന തത്ത എപ്പോഴും ‘കര്‍ത്താവേ അങ്ങീ പ്രാര്‍ത്ഥന കേള്‍ക്കേണമേ’ എന്നാണ് പറയുക. ആ തത്തയുടെ കൂട്ടില്‍ അമ്മച്ചിയുടെ തത്തയെ വിട്ടാല്‍ അത് പള്ളിയിലെ തത്ത പറയുന്നത് പോലെ മാത്രമേ പറയൂ. അങ്ങിനെ രണ്ട് തത്തകളും ഒരു കൂട്ടില്‍ കുറച്ച് ദിവസം ഒന്നിച്ച് കഴിഞ്ഞു. അമ്മച്ചിയുടെ തത്ത അച്ചന്റെ തത്ത പറയുന്നത് പോലെ പറയാന്‍ തുടങ്ങി. തത്തയെ തിരിച്ചു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറയാന്‍ വേണ്ടി അച്ചന്‍ അമ്മച്ചിയെ വിളിപ്പിച്ചു. അമ്മച്ചിയെ കണ്ടതും അച്ചന്റെ തത്ത പറഞ്ഞു: ‘ഈ മുതുക്കീടെതല ഇടി വെട്ടിപ്പോണേ’. ഉടനെ അമ്മച്ചിയുടെ തത്ത കൂട്ടിച്ചേര്‍ത്തു: ‘കര്‍ത്താവേ അങ്ങീ പ്രാര്‍ത്ഥന കേള്‍ക്കേണമേ’. ലയനങ്ങള്‍ ചിലപ്പോള്‍ ഇത്തരം അബദ്ധങ്ങളും സൃഷ്ടിക്കാം. പിന്നീടവ തിരുത്താനാവില്ല.

പരപരാഗണംനടത്തുമ്പോള്‍ കാറ്റാണ് വിത്ത് വിതക്കുന്നത്. ചിലത് മുളക്കുന്നു. ചിലത് മുളക്കാതിരുന്നാലോ? ഒന്നു പോലും മുളക്കാതെ പോകുന്നത് താങ്ങാനുള്ള വരാഴിക നമുക്കില്ല. പലതൊന്നാക്കുകയാണെങ്കില്‍, വളവും വേണ്ട, ചെരിവും വേണ്ട, കുത്തനെയൊരു വര, കുറിയ വരയാവണം വര്ക്കുന്നത്. ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി. അതിലധികം വ്യാമോഹങ്ങളൊന്നും വേണ്ട.

Comments

comments

Categories: FK Special, Slider