ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ 5 കാരണങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ 5 കാരണങ്ങള്‍

ഒരു വ്യക്തിക്ക് എപ്പോള്‍ രോഗം വരുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. എന്നാല്‍ രോഗം വന്നാല്‍ ചികില്‍സാ ചെലവിന്റെ കാര്യത്തില്‍ ഒരു പദ്ധതി തയാറാക്കി വെക്കാനാകുമെന്നതാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതുകൊണ്ടുള്ള പ്രയോജനം

 

രാജ്യത്ത് ആരോഗ്യമേഖലയിലെ ചെലവുകളുടെ നിരക്ക് അനുദിനം വര്‍ധിച്ചു വരികയാണ്. ഓരോ കാലഘട്ടങ്ങളിലും വരുന്ന രോഗങ്ങളുടെ രൂപവും ഭാവവും മാറുന്നത് അനുസരിച്ച് ചെലവും കൂടുന്നു. അതുകൊണ്ടുതന്നെ ഇന്ന് സാധാരണക്കാര്‍ മുതല്‍ എല്ലാ തലങ്ങളിലുമുള്ളവരിലും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യകത വര്‍ധിച്ചു വരികയാണ്. അടിയന്തര ചികില്‍സ ലഭ്യമാക്കേണ്ട അവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി കഴിയും.

ഒരു വ്യക്തിക്ക് എപ്പോള്‍ രോഗം വരുമെന്ന് മുന്‍കൂട്ടി തയാറാക്കാന്‍ കഴിയില്ല. എന്നാല്‍ രോഗം വന്നാല്‍ ചികില്‍സ ചെലവിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു പദ്ധതി തയാറാക്കി വെക്കാനാകും. അതിനായി ശരിയായ ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ മാത്രം മതിയാകും. ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് ചികില്‍സാ ചെലവിനുള്ള മതിയായ കവേറജാണ് ലഭിക്കുക. വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് മുതല്‍ കുടുംബാരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് തുടങ്ങി പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്തി ഓരോരുത്തര്‍ക്കും അനുയോജ്യമായവ സ്വന്തമാക്കുന്നതാണ് മികച്ച പ്ലാനിംഗ്.

ഇന്ന് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് രണ്ടാം സ്ഥാനമാണുള്ളത്. രാജ്യത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വന്തമാക്കിയവരുടെ തോത് വളരെ തുശ്ചമാണെന്നും കണക്കുകള്‍ വഴി മനസിലാക്കാവുന്നതേയുള്ളൂ. ഒരു വ്യക്തി ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കേണ്ടത് പലവിധ കാരണങ്ങള്‍ കൊണ്ടാണ്. അവ എന്താണെന്നു നോക്കാം.

മാറുന്ന ജീവിതശൈലി

ആധുനിക ജീവിതശൈലി പുതിയ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. യാത്രകള്‍, തിരക്കേറിയ ജോലി ഷെഡ്യൂളുകള്‍, തെറ്റായ ആഹാരശൈലി, ഗുണമേന്‍മയില്ലാത്ത ഭക്ഷണം എന്നിവയ്ക്കു പുറമെ മലിനീകരണത്തിന്റെ തോത് കൂടുന്നതും രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഇത്തരം അവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മികച്ച മാര്‍ഗമാണ്.

ചെലവേറുന്ന ചികില്‍സ

മുമ്പത്തേക്കാളേറെ ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. ഈ ചെലവുകള്‍ക്ക് പിന്തുണയേകാന്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് കഴിയും. അടിയന്തര ചികില്‍സ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കരുതിവെച്ച നിക്ഷേപമെല്ലാം കാലിയാകുമെന്ന ആശങ്ക ഒഴിവാക്കാം. ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യക്കാര്‍ പൊതുവെ ആദ്യം ആശ്രയിക്കുന്നത് അവരുടെ കരുതല്‍ ധനത്തെയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചികില്‍സയുടെ ചെലവ് കൂടുന്നത് അനുസരിച്ച് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വ്യക്തിയുടേയും അതുവഴി കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താന്‍ ഉപകരിക്കും.

ആദായനികുതിയിലും പ്രയോജനങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സിനായി പ്രീമിയം തുക അടയ്ക്കുന്നത് ഇന്ത്യന്‍ ആദായനികുതി ആക്റ്റ് സെക്ഷന്‍ 80 ഡി പ്രകാരം ആദായനികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും. അറുപത് വയസുവരെയുള്ളവര്‍ക്ക് സ്വന്തം പേരിലോ ഭാര്യയുടേയോ കുട്ടികളുടെയോ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് അടയ്ക്കുമ്പോള്‍ 25,000 രൂപവരെ ആദായനികുതി ഇളവിന് അര്‍ഹതയുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ക്ക് ഇത് 50,000 രൂപ വരെയാണ്.

കിടത്തി ചികില്‍സയ്ക്കു മുമ്പും പിമ്പും കവറേജ്

വ്യക്തികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷമല്ലാതെ അതിനു മുമ്പുള്ള ഒപിഡി ചെലവുകളും രോഗ നിര്‍ണയ ടെസ്റ്റുകള്‍ക്കുള്ള ചെലവുകള്‍ക്കും കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്നു നിലവിലുണ്ട്. ആശുപത്രി വാസത്തിന് ശേഷം ഒരു നിശ്ചിത കാലയളവിലേക്കു കൂടി ചില ഇന്‍ഷുറന്‍സ് പദ്ധതികള്‍ കവറേജ് നല്‍കി വരുന്നു. ഇത് രോഗിയെ സംബന്ധിച്ചിടത്തോളം മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് സഹായിക്കുക. രോഗം വന്നാലും നിക്ഷേപത്തിന് കുറവ് വരാതെ പണം ചെലവഴിക്കപ്പെടുമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ആശ്വാസകരമായ വിഷയമാണ്.

മറ്റ് പ്രയോജനങ്ങള്‍

ആംബുലന്‍സ് കവറേജ്, ഡേ-കെയര്‍ സര്‍ജറി കവറേജ്, ഹെല്‍ത്ത് ചെക്കപ്പ് കവറേജ്, വാക്‌സിനേഷന്‍ ചെലവുകള്‍ എന്നിവയൊക്ക ഉള്‍പ്പെടുന്ന വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. അടുത്തിടെയായി ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആയുര്‍വേദ, സിദ്ധ, യുനാനി ചികില്‍സകള്‍ ഉള്‍പ്പെടുന്ന ആയുഷ് ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നു.

ഇന്‍ഷുറന്‍സ് എടുക്കേണ്ട ശരിയായ പ്രായം

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ട ശരിയായ പ്രായം പലര്‍ക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിഷയമാണ്. എന്നാല്‍ ഈ ഇന്‍ഷുറന്‍സ് എടുക്കാന്‍ നിര്‍ദിഷ്ട പ്രായമൊന്നുമില്ല എന്നതാണ് വസ്തുത. ചെറിയ പ്രായത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്താല്‍ പ്രീമിയം തുക കുറവായിരിക്കും. ആരോഗ്യ പദ്ധതികളുടെ പ്രീമിയം ഒരു വ്യക്തിയുടെ പ്രായം അനുസരിച്ചാണ് കണക്കാക്കപ്പെടുന്നത്. പ്രായം കൂടുന്നത് അനുസരിച്ച് പലവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുന്നതാണ് ഇതിനു കാരണം. പ്രായം, മെഡിക്കല്‍ ഹിസ്റ്ററി, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും പ്രീമിയം നിശ്ചയിക്കുക. അതായത് ഒരു വ്യക്തി എത്രയും വേഗം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നുവോ അത്രയും വേഗം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നുവെന്നു സാരം.

Comments

comments

Categories: FK News