‘ഹാര്‍ലി ഡേവിഡ്‌സണ്‍ ഒറിജിനല്‍സ്’ പ്രഖ്യാപിച്ചു

‘ഹാര്‍ലി ഡേവിഡ്‌സണ്‍ ഒറിജിനല്‍സ്’ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസ് ആരംഭിക്കുകയാണെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസ് ആരംഭിക്കുകയാണെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ ഒറിജിനല്‍സ് എന്ന പേരിലാണ് അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യയിലെ യൂസ്ഡ് ബൈക്ക് വിപണിയില്‍ അങ്കം കുറിക്കുന്നത്. ഒരു വര്‍ഷ ഔദ്യോഗിക വാറന്റി ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കും. രണ്ടും മൂന്നും വര്‍ഷത്തേക്ക് വാറന്റി നീട്ടാനും സൗകര്യമുണ്ടായിരിക്കും.

99 പോയന്റ് ഗുണനിലവാര പരിശോധന അഷുറന്‍സുമായിട്ടായിരിക്കും എല്ലാ ഹാര്‍ലി ഡേവിഡ്‌സണ്‍ ഒറിജിനല്‍സ് ബൈക്കുകളും വില്‍ക്കുന്നത്. ഇതിനായി ബൈക്കുകള്‍ കര്‍ശനമായി പരിശോധിക്കും. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസ് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളെ സഹായിക്കും.

ഇന്ത്യയില്‍ 17 മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വില്‍ക്കുന്നത്. 2009 ഓഗസ്റ്റിലാണ് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2009 ജൂലൈയില്‍ മുംബൈയില്‍ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു. ഇപ്പോള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം 28 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍.

5.31 ലക്ഷം രൂപ (ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ്) മുതല്‍ ഏകദേശം 50 ലക്ഷം രൂപ (ഹാര്‍ലി ഡേവിഡ്‌സണ്‍ സിവിഒ) വരെയാണ് ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില. രാജ്യത്തെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തന്നെയാണ് ഇപ്പോഴും ലീഡര്‍. ഏഷ്യന്‍ വിപണികളിലേക്കായി പ്രത്യേകിച്ച് ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകള്‍ നിര്‍മ്മിക്കുമെന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. ഏഷ്യന്‍ കമ്പനിയുമായി ചേര്‍ന്നായിരിക്കും 250-500 സിസി ബൈക്കുകള്‍ നിര്‍മ്മിക്കുകയെന്നും ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Auto