മെഗാ വില്‍പ്പന മേളയ്‌ക്കൊരുങ്ങി ഫ്ലിപ്കാര്‍ട്ടും ആമസോണും

മെഗാ വില്‍പ്പന മേളയ്‌ക്കൊരുങ്ങി ഫ്ലിപ്കാര്‍ട്ടും ആമസോണും

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളും സ്ത്രീ ഉപയോക്താക്കളും ആവശ്യകതയെ മുന്നോട്ടു നയിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ ഉല്‍സവകാല വില്‍പ്പന മേളകള്‍ക്ക് തയാറെടുത്ത് ഫഌപ്കാര്‍ട്ടും ആമസോണും. രണ്ടാം നിര നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വമ്പിച്ച ഓഫറുകളാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ഒരുക്കിയിട്ടുള്ളത്. ലളിതമായ ഇഎംഐ സേവനങ്ങളും അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവെറി ചെയ്യുന്നതിനായി മികച്ച ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും ഇരുകമ്പനികളും ഒരുക്കിയിട്ടുണ്ട്. വിവിധ ശ്രേണിയില്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ ഈ വര്‍ഷം ഫഌപ്കാര്‍ട്ടും ആമസോണും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഇ-കൊമേഴ്‌സ് കമ്പനികളെ സംബന്ധിച്ചിടത്തോളം പുതിയ ഉപഭോക്താക്കളെ നേടുന്നതിനുള്ള മികച്ച അവസരമാണ് ഉല്‍സവകാല വില്‍പ്പന മേളകള്‍. അടുത്ത മാസം നടക്കുന്ന അഞ്ച് ദിവസത്തെ മെഗാ വില്‍പ്പന മേളകളില്‍ 20 മില്യണിലധികം ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുമെന്നാണ് കരുതുന്നതെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്, അഡൈ്വസറി സംരംഭമായ റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500 മില്യണ്‍ വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വെറും 100 മില്യണ്‍ ആളുകള്‍ മാത്രമാണ് നിലവില്‍ ാണ്‍ലൈന്‍ വഴി ഷോപ്പിംഗ് നടത്തുന്നത്. 2020ഓടെ ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ എണ്ണം 185 മില്യണായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗ് എന്‍ഗേജ്‌മെന്റ് മാനേജര്‍ ഉജ്വല്‍ ചൗധരി പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയില്‍ മുഖ്യ പങ്കുവഹിക്കുന്നത് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 ഓടെ രണ്ടാം നിര, മൂന്നാം നിര വിപണികളും സ്ത്രീ ഉപഭോക്താക്കളുമായിരിക്കും ഇ-കൊമേഴ്‌സ് ആവശ്യകതയെ മുന്നോട്ടുനയിക്കുകയെന്ന്  ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള സീനിയര്‍ ഡയറക്റ്റര്‍ സ്മൃതി രവിചന്ദ്രന്‍ പറഞ്ഞു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നുള്ള പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ശതമാനം പേര്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളോട് താല്‍പ്പര്യമുള്ളവരായിരിക്കുമെന്നും സ്മൃതി രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു.  ഫ്ലിപ്കാര്‍ട്ടിന്റെ വില്‍പ്പനയില്‍ സുപ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് ഫാഷന്‍.
കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ 55-60 ശതമാനം ഓര്‍ഡറുകള്‍ ലഭിച്ചത് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നാണ്. ഈ വര്‍ഷത്തെ വില്‍പ്പനയില്‍ 67 ശതമാനം വിഹിതം ഈ വിപണികളില്‍ നിന്നായിരിക്കുമെന്നാണ് ഫിള്പ്കാര്‍ട്ടിന്റെ നിഗമനം. ഫാഷന്‍ വിഭാഗത്തിനു പുറമെ ഫര്‍ണിച്ചര്‍ വിഭാഗത്തിലും മൊബീല്‍, ടിവി, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ അവതരണത്തിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കും.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ‘കാര്‍ഡ്‌ലെസ് ക്രെഡിറ്റ്’ സൗകര്യവും ഫഌപ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌കോര്‍ അനുസരിച്ച് 60,000 രൂപ വരെ രൊക്കം കടം കിട്ടും. ഉപഭോക്താക്കള്‍ ഫഌപ്കാര്‍ട്ടില്‍ നടത്തിയ ഷോപ്പിംഗ് ഹിസ്റ്ററി പരിശോധിച്ചായിരിക്കും ഈ കടം അനുവദിക്കുന്നത്. ഇഎംഐ വ്യവസ്ഥയില്‍ ഈ തുക തിരിച്ചടക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
ഈസി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സേവനങ്ങള്‍ ലഭ്യമാക്കികൊണ്ട് ഉല്‍സവ കാല വില്‍പ്പന മേള പൊടിപെടിക്കാന്‍ ആമസോണും മുന്‍നിരയില്‍ തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് കൂട്ടിച്ചേര്‍ത്ത പുതിയ ഉപഭോക്താക്കളില്‍ 86 ശതമാനം പേര്‍ പുതിയ മേഖലകളില്‍ നിന്നുള്ളവരാണെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.

Comments

comments

Categories: Tech
Tags: Flipkart