ഉത്സവാനുകൂല്യങ്ങളുമായി ഉപഭോക്തൃ കമ്പനികള്‍

ഉത്സവാനുകൂല്യങ്ങളുമായി ഉപഭോക്തൃ കമ്പനികള്‍

ന്യൂഡെല്‍ഹി: ആസന്നമായ ഉല്‍സവ സീസണ്‍ ഉന്നം വെച്ച് നിത്യോപയോഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലടക്കം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമൊരുങ്ങി പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍. പലചരക്ക് വസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതിനേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വിലക്കുറവില്‍ വിറ്റഴിക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയും അതിന് മുന്‍പത്തെ വര്‍ഷം നടപ്പാക്കിയ നോട്ട് അസാധുവാക്കലിനും ശേഷം ഉണ്ടായ വ്യാപാരക്കമ്മിയും നഷ്ടവും ഇത്തവണ വമ്പന്‍ ആനുകൂല്യങ്ങളുടെയും പരസ്യത്തിന്റെയും കടന്നാക്രമണങ്ങളിലൂടെ നികത്താമെന്നാണ് കണക്കു കൂട്ടല്‍. ധനകാര്യ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വന്നെത്തുന്ന ധന്‍തേരാസ്, ദുര്‍ഗാ പൂജ, ദിവാലി, ക്രിസ്മസ് എന്നിവയാണ് വിപണിയില്‍ നവോന്മേഷം പകരുന്നത്.

‘ഞങ്ങളുടെ ജ്യൂസ്, ബിസ്‌കറ്റ്, ചോക്ലേറ്റ്, മധുരപലഹാര ബ്രാന്‍ഡുകളില്‍ ഉല്‍സവകാല സീസണുകള്‍ക്ക് മുന്നോടിയായി പ്രത്യേക ഓഫറുകള്‍ തയ്യാറാക്കും,’ ഐടിസിയുടെ ഭക്ഷ്യ ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് മലിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതാകും ഇത്തവണത്തെ ആവശ്യകതയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പത്തേതിനേക്കാളും ഏറെ മികച്ച അന്തരീക്ഷമാണ് ഇത്തവണ ദൃശ്യമാകുന്നതെന്നും ഓഫറുകളും വിലയും ഈ ആവേശം പങ്കുവെക്കുന്നതായിരിക്കുമെന്നും ഡാബര്‍ സിഇഒ സുനില്‍ ദഗ്ഗല്‍ വ്യക്തമാക്കി. ‘രണ്ടു വര്‍ഷത്തിനു ശേഷം ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും പ്രത്യാഘാതങ്ങളില്ലാത്ത സാമ്പത്തിക ത്രൈമാസമാണ് വരാനിരിക്കുന്നത്. ശക്തമായ വില്‍പ്പനയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ മെട്രോ കാഷ് ആന്‍ഡ് കാരിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അര്‍വിന്ദ് മെദിരാട്ട പറഞ്ഞു.

അനുകൂലമായ സാമ്പത്തിക നയ അന്തരീക്ഷത്തില്‍ അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്ന വിപണി ഈ കലണ്ടര്‍ വര്‍ഷം 12 മുതല്‍ 13 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് വിപണി ഗവേഷക സ്ഥാപനായ നീല്‍സണ്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടിയും നോട്ട് അസാധുവാക്കലും മൂലം രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മാറാന്‍ തുടങ്ങിയിട്ടുണ്ടെന്നും നീല്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy