ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രാരംഭ ഘട്ടത്തില്‍ പത്ത് കോടി കൂടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ആയുഷ്മാന്‍ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടന്നത്. പദ്ധതി പ്രകാരം രാജ്യത്തെ പത്ത് കോടി ദരിദ്ര കുടംബങ്ങളിലെ 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും.
പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക തുടക്കം കുറിച്ചതിനൊപ്പം എല്ലാ എന്‍ഡിഎ മുഖ്യമന്ത്രിമാരും അതത് സംസ്ഥാനങ്ങളില്‍ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, കേരളം, തെലങ്കാന, ഒഡീഷ, പഞ്ചാബ്, ഡെല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല. പദ്ധതിയിലെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിയോജിപ്പുകളാണ് കാരണം. നാളെ മുതല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി പദ്ധതിയുടെ തുടക്കം എന്നാകുമെന്ന് അറിയിച്ചത്.
പ്രാരംഭ ഘട്ടത്തില്‍ പത്ത് കോടി കൂടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2011ലെ സാമൂഹിക-സാമ്പത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. 8 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കും 2 കോടി നഗര കുടുംബങ്ങള്‍ക്കും നിലവില്‍ ആനൂകൂല്യങ്ങള്‍ ലഭിക്കും. തുടര്‍ന്ന് മധ്യവര്‍ഗത്തിന്റെ താഴെതട്ടിലുള്ളവരിലേക്കും മധ്യവര്‍ഗത്തിനും മധ്യവര്‍ഗത്തിന്റെ മേല്‍തട്ടിലുള്ളവരിലേക്കും പദ്ധതിയുടെ പ്രയോജനം എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ പുതിയ ആശുപത്രികളും പദ്ധതിക്കുകീഴില്‍ തുറക്കും.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ചുവടുവെപ്പുകൂടിയാണ് ഈ പദ്ധതി. നടപ്പു വര്‍ഷം പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരിന് ഏകദേശം 5,000 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തോടെ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതോടെ ഖജനാവില്‍ 10,000 കോടി രൂപയുടെ ചെലവുണ്ടാകും. ഈ വര്‍ഷം എട്ട് കോടി ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ ആനുകൂല്യം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷംകൊണ്ട് ഇത് പത്ത് കോടിയാകും.

Comments

comments

Categories: FK News

Related Articles