ടെക്‌നോപാര്‍ക്കില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനി

ടെക്‌നോപാര്‍ക്കില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനി

ജീവനക്കാരുടെ എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 ആക്കും

തിരവനന്തപുരം: സംസ്ഥാനത്തെ ടെക്‌നോപാര്‍ക് കാംപസില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനിയായ ഫ്‌ളൈടെക്സ്റ്റ്. ടെക്‌നോപാര്‍ക്കിലെ തങ്ങളുടെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് കമ്പനി 250 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനിലിറ്റിക്‌സ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫ്‌ളൈടെക്സ്റ്റ്. ആംസ്റ്റര്‍ഡാം ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെങ്കിലും കമ്പനിയുടെ നാഡീ കേന്ദ്രമെന്ന് പറയുന്നത് ടെക്‌നോപാര്‍ക്കിലെ സാന്നിധ്യമാണെന്ന് ഫ്‌ളൈടെക്സ്റ്റ് ഗ്രൂപ്പ് സിഇഒ വിനോദ് വാസുദേവന്‍ പറഞ്ഞു. കമ്പനിയുടെ എല്ലാ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നത് ടെക്‌നോപാര്‍ക്കിലാണ്. ജീവനക്കാരുടെ എണ്ണം 300ല്‍ നിന്നും 500 ആയി ഉയര്‍ത്തുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 1000 ആക്കുമെന്നും വിനോദ് വാസുദേവന്‍ അറിയിച്ചു.
2008ലാണ് ഫ്‌ളൈടെക്‌സ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍, എയര്‍ടെല്‍, എംടിഎന്‍ ഗ്രൂപ്പ്, വിറ്റല്‍, അമേരിക്ക മോവില്‍, സെയ്ന്‍ എന്നിവര്‍ കമ്പനിയുടെ ക്ലൈന്റുകളാണ്. ടെലികോം വിഭാഗത്തിലുള്ളതാണ് കമ്പനിയുടെ മിക്ക സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളും. ലോകവ്യാപകമായി 70 ഓളം കമ്പനികള്‍ ഫ്‌ളൈടെക്സ്റ്റിന്റെ പ്രൊഡക്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. റീട്ടെയ്ല്‍ ബാങ്കിംഗ്, എയര്‍ലൈന്‍സ്, ഹോസ്പിറ്റാലിറ്റി, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് കടക്കുന്നതിനായാണ് പുതിയ നിക്ഷേപം വിനിയോഗിക്കുകയെന്നും വിനോദ് വാസുദേവന്‍ അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Technopark