15,000 കോടിയുടെ കച്ചവടം; ഡെലിവെറൂവിനെ വാങ്ങാന്‍ യുബര്‍

15,000 കോടിയുടെ കച്ചവടം; ഡെലിവെറൂവിനെ വാങ്ങാന്‍ യുബര്‍

അടുത്ത വര്‍ഷം പ്രഥമ ഓഹരിവില്‍പ്പന നടത്തുന്നതിന് മുമ്പ് ഭക്ഷ്യവിതരണ ബിസിനസിനെ പരമാവധി വളര്‍ത്താനാണ് യുബര്‍ സിഇഒ ദാറ ഖൊസ്രോഷാഹിയുടെ പദ്ധതി

ദുബായ്: ഭക്ഷ്യവിതരണ കമ്പനിയായ ഡെലിവെറൂവിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍ ടെക്‌നോളജീസ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ യുബര്‍ നടത്തിയതായാണ് വിവരം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡെലിവെറൂ.

ഏകദേശം രണ്ട് ബില്ല്യണ്‍ ഡോളറാണ് ഡെലിവെറൂവിന് കല്‍പ്പിക്കപ്പെടുന്ന വിപണി മൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്ക് മുകളിലായിരിക്കും ഏറ്റെടുക്കാന്‍ യുബര്‍ മുടക്കേണ്ടി വരിക.

യൂറോപ്പിലെ ഭക്ഷ്യവിതരണ ബിസിനസില്‍ മേല്‍ക്കൈ നേടാനാണ് യുബര്‍ സുപ്രധാന നീക്കം നടത്തുന്നത്. എന്നാല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യുബറും ഡെലിവെറൂവും ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്പിലെ പ്രധാന നഗരങ്ങളില്‍ സാന്നിധ്യമുള്ള ഫുഡ് ഡെലിവറി സംരംഭമാണ് ഡെലിവെറൂ. നാല് വന്‍കരകളിലായി 200ലധികം നഗരങ്ങളില്‍ ശക്തമായ ശൃംഖലകള്‍ ഈ ലണ്ടന്‍ കമ്പനിക്കുണ്ട്.

2019ലെ രണ്ടാം പാദത്തില്‍ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താനാണ് യുബര്‍ സിഇഒ ദാറ ഖൊസ്രോഷാഹി പദ്ധതിയിടുന്നത്. അതിന് മുമ്പ് കമ്പനിയുടെ ഭക്ഷ്യവിതരണ ബിസിനസ് ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യുബര്‍ ഈറ്റ്‌സ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ സജീവമാകാന്‍ കാരണവും സിഇഒയുടെ പ്രത്യേക താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്.

ഗള്‍ഫ് വിപണിയും ലക്ഷ്യം

ഗള്‍ഫ് വിപണിയില്‍ പിടിച്ചു നില്‍ക്കാനാകാതെ തദ്ദേശീയ ടാക്‌സി സംരംഭമായ കരീമുമായി ലയിക്കാനുള്ള ശ്രമത്തിലാണ് യുബര്‍. ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികളും നടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന യുബര്‍ നഷ്ടട സാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് തന്ത്രപരമായ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.

ദക്ഷിണ കിഴക്കന്‍ ഏഷ്യ, റഷ്യ, ചൈന എന്നിവിടങ്ങളിലുള്ള ബിസിനസ് യുബര്‍ നേരത്തെ വിറ്റൊഴിഞ്ഞിരുന്നു. അതേസമയം യുബര്‍ കരീമിനെ ഏറ്റെടുക്കുകയാണോ അതോ ഇരുകമ്പനികള്‍ക്കും സംയുക്ത പങ്കാളിത്തമുള്ള പുതിയ സംരംഭമാണോ ലയനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

പുതിയ സംരംഭത്തില്‍ യുബര്‍ പകുതിയിലധികം ഉടമസ്ഥതാവകാശം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ചൈനയുള്‍പ്പടെയുള്ള വിപണികളില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ യുബര്‍ വ്യക്തമാക്കിയിരുന്നത് തങ്ങളുടെ ഫോക്കസ് ഇന്ത്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക എന്നിവിടങ്ങള്‍ ആണെന്നായിരുന്നു. ആ സാഹചര്യത്തില്‍ പുതിയ കമ്പനിയില്‍ യുബറിനായിരിക്കും മേധാവിത്വം എന്നും വിലയിരുത്തലുണ്ട്.

ഗള്‍ഫ് വിപണിയിലെ ജനകീയ ടാക്‌സി സംരംഭമാണ് കരീം. നിലവില്‍ 500 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. അതോടെ ദുബായ് കേന്ദ്രമാക്കിയ ഈ സംരംഭത്തിന്റെ വിപണിമൂല്യം 1.5 ബില്ല്യണ്‍ ഡോളറായി ഉയരും. അടുത്ത ജനുവരിയില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്താനും കരീമിന് പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഗള്‍ഫിലും നോര്‍ത്ത് ആഫ്രിക്കയിലുമായി 250 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കരീം ഉദ്ദേശിക്കുന്നതെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. കരീമിന് സര്‍വീസ് നടത്താന്‍ പറ്റിയ 250 നഗരങ്ങള്‍ ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. അവിടങ്ങളിലുള്ളവര്‍ക്ക് വരുമാനത്തിനുള്ള അവസരവും മികച്ച ഗതാഗത സൗകര്യത്തിനുള്ള അവസരവും ഞങ്ങള്‍ക്ക് ഒരുക്കാന്‍ സാധിക്കും-കരീം സഹസ്ഥാപകന്‍ മുദസ്സീര്‍ ഷേഖ പറഞ്ഞു.

ഒമാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി വൈകാതെ പ്രവേശിക്കും. നിലവില്‍ 14 രാജ്യങ്ങളിലായി 100ലധികം നഗരങ്ങളില്‍ കരീം സേവനം നല്‍കുന്നുണ്ട്. ഞങ്ങള്‍ എത്തിപ്പെടാത്ത രാജ്യങ്ങളിലേക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ എത്തിപ്പെടാത്ത നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുദസ്സീര്‍ കൂട്ടിച്ചേര്‍ത്തു.

2012ല്‍ പ്രവര്‍ത്തനം തുടങ്ങിയ കരീം ഇതുവരെ ലാഭത്തിലായിട്ടില്ലെങ്കിലും ബിസിനസിന്റെ ചില മേഖലകള്‍ ഇപ്പോള്‍ ലാഭകരമാണെന്ന് മുദസ്സീര്‍ വ്യക്തമാക്കിയിരുന്നു. മൊത്തത്തിലുള്ള ബിസിനസ് ബ്രേക്ക് ഈവന്‍ ആകാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി എടുക്കും. എന്നാല്‍ ചില ഏരിയകള്‍ ഇപ്പോള്‍ ലാഭകരമാണ്-മേയ് മാസത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈജിപ്റ്റ്, സൗദി അറേബ്യ, പാക്കിസ്ഥാന്‍, യുഎഇ തുടങ്ങിയ കരീമിന്റെ ഏറ്റവും വലിയ വിപണികള്‍.

യുബര്‍-കരീം ലയനം യാഥാര്‍ത്ഥ്യമായാല്‍ തദ്ദേശീയ കമ്പനികള്‍ പടിഞ്ഞാറന്‍ വമ്പന്മാരുടെ കൂടാരത്തിലേക്ക് പോകുന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി അത് മാറും. മ്യൂസിക്ക് ഐഡന്റിഫിക്കേഷന്‍ സേവനമായ ഷാസാമിനെ 400 മില്ല്യണ്‍ ഡോളറിനാണ് ആപ്പിള്‍ ഏറ്റെടുത്തത്. ദുബായ് കേന്ദ്രമാക്കിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ സൗക്കിനെ 580 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ആമസോണ്‍ ഏറ്റെടുത്തത്.

Comments

comments

Categories: Business & Economy
Tags: Uber