100 ജിബിപിഎസ് ഇന്‍ര്‍നെറ്റ് സ്പീഡ് വൈകാതെ ലഭ്യമാവുമെന്ന് ഐഎസ്ആര്‍ഒ

100 ജിബിപിഎസ് ഇന്‍ര്‍നെറ്റ് സ്പീഡ് വൈകാതെ ലഭ്യമാവുമെന്ന് ഐഎസ്ആര്‍ഒ

ജിസാറ്റ്-11, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങള്‍ ഈ വര്‍ഷവും ജിസാറ്റ്-20 അടുത്ത വര്‍ഷം ആദ്യവും വിക്ഷേപിക്കുന്നതോടെ ഉയര്‍ന്ന വേഗതയിലുള്ള ബാന്‍ഡ്‌വിഡ്ത്ത് കണക്ടിവിറ്റി ലഭ്യമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍

 

ഹൈദരാബാദ്: രാജ്യത്ത് വൈകാതെ തന്നെ 100 ജിബിപിഎസ് (ജിഗാബൈറ്റ് പെര്‍ സെക്കന്റ്) ഇന്റനെറ്റ് സ്പീഡ് അനുഭവവേദ്യമാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. വിവര സാങ്കേതിക വിദ്യാ ഉപഗ്രഹമായ ജിസാറ്റിന്റെ വിക്ഷേപണത്തോടെ എതാനും വര്‍ഷങ്ങള്‍ക്കകം രാജ്യമെങ്ങും ഉന്നത ബാന്‍ഡ്‌വിഡ്ത്തിലുള്ള കണക്ടിവിറ്റി ലഭ്യമാകുമെന്ന് ഹൈദരാബാദില്‍ അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന ജിസാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളാവും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗതാ വിപ്ലവം കൊണ്ടുവരിക. ‘ലോകത്തെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് ഉപഭോക്തൃ അടിത്തറയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍, നിലവിലെ ബ്രോഡ്ബാന്‍ഡ് വേഗതയുടെ അടിസ്ഥാനത്തില്‍ നാം 76ാം സ്ഥാനത്താണ്. 2017 ജൂണ്‍ മാസത്തില്‍ ഐഎസ്ആര്‍ഒ ജിസാറ്റ്-19 ഉപഗ്രഹം വിക്ഷേപിച്ചു കഴിഞ്ഞു. ഈ വര്‍ഷം ജിസാറ്റ്-11, ജിസാറ്റ്-29 എന്നിവ വിക്ഷേപിക്കും. അടുത്ത വര്‍ഷം ആദ്യം ജിസാറ്റ്-20 കൂടി വിക്ഷേപിക്കുന്നതോടെ ഉന്നത ശേഷിയുള്ള ഈ ഉപഗ്രഹങ്ങള്‍ ചേര്‍ന്ന് 100 ജിഗാബൈറ്റിലും ഉയര്‍ന്ന വേഗതയിലുള്ള ബാന്‍ഡ്‌വിഡ്ത്ത് കണക്ടിവിറ്റി രാജ്യമുടനീളം നല്‍കും. രാജ്യത്തെ ഡിജിറ്റല്‍ ഭിന്നത പരിഹരിക്കാന്‍ ഇത് സഹായിക്കും,’ ഗീതം കല്‍പ്പിതാഗ്രഹ സര്‍വലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കെ ശിവന്‍ വ്യക്തമാക്കി. ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം നല്‍കി സര്‍വകലാശാല കെ ശിവനെ ആദരിച്ചു.

ഈ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്ന ബഹുതല സ്‌പോട്ട് ബീം സാങ്കേതിക വിദ്യയാണ് ഇന്‍ര്‍നെറ്റ് വേഗതക്ക് കരുത്ത് പകരുക. നിയന്ത്രിത ഭൗമ പ്രദേശത്ത് മാത്രം അതിശക്തമായ ഉപഗ്രഹ സിഗ്നലുകള്‍ അയക്കാനുള്ള സങ്കേതമാണ് സ്‌പോട്ട് ബീം. വിസ്താരം കുറയുന്നതിനനുസരിച്ച് കരുത്ത് കൂടുന്നെന്നതാണ് ഈ രശ്മികളുടെ പ്രത്യേകത. സിഗ്നലുകളെ പല മടങ്ങ് പുനരുപയോഗിച്ച് രാജ്യം മുഴുവന്‍ എത്തിക്കാനാണ് ഉപഗ്രഹങ്ങള്‍ ശ്രമിക്കുക. പരമ്പരാഗത ഉപഗ്രഹങ്ങള്‍ വിസ്താരമേറിയ ഏക രശ്മിയാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. കൂടുതല്‍ ഭൂതല പ്രദേശത്ത് എത്തിപ്പെടാമെങ്കിലും ഈ സിഗ്നലുകള്‍ തീരെ കരുത്ത് കുറഞ്ഞവയാണ്. നിലവില്‍ രാജ്യം നേരിടുന്ന ഇന്റര്‍നെറ്റ് വേഗതാ മാന്ദ്യത്തിന് കാരണവും ഇതാണ്.

ഈ വര്‍ഷം ആദ്യം വിക്ഷേപിക്കാനിരിക്കുന്ന ജിസാറ്റ്-11 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്. 6,000 കിലോഗ്രാമോളം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മാണ ചെലവ് 500 കോടി രൂപയാണ്. ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങള്‍ക്ക് തുല്യമായ ഇന്റര്‍നെറ്റ് വേഗത ഉറപ്പാക്കാന്‍ ഈ സാറ്റലൈറ്റിനാവും. ഇന്ത്യ ഇതുവരെ ബഹിരാകാശത്തേക്കയച്ച എല്ലാ ആശയവിനിമയ ഉപഗ്രഹങ്ങളുടെയും സംയുക്തമായ കരുത്തിന് തുല്യമായ ശക്തി ജിസാറ്റ്-11 ന് ഉണ്ടാവും. നവംബര്‍ 30 നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഫ്രഞ്ച് ഗയാനയില്‍ നിന്നാവും ജിസാറ്റ്-11 ആകാശത്തേക്ക് കുതിക്കുക.

2016 ല്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് ഉപഭോക്തൃ രാഷ്ട്രമായി ഇന്ത്യ മുന്നേറിയിരുന്നു. ചൈനയാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമത്. എന്നാല്‍ ഇന്റര്‍നെറ്റ് വേഗതയുടെ വിഷയത്തില്‍ നിരവധി വികസ്വര ഏഷ്യന്‍ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. 2018 ജൂണില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സംഖ്യ 50 കോടി കടന്നെന്നാണ് അനുമാനം. 2016 ഡിസംബറില്‍ ഇത് 43.2 കോടി ആയിരുന്നു. ടെലികോം മേഖലയില്‍ രൂപപ്പെട്ട കിടമല്‍സരം സൗജന്യ ഡാറ്റയുടെ കുത്തൊഴുക്കിന് കാരണമായെങ്കിലും ഇന്റര്‍നെറ്റ് വേഗത പോരെന്ന പരാതി സജീവമാണ്. ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് 109 ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് ഏജന്‍സിയായ സ്‌പേസ് എക്‌സും സമാനമായ രീതിയില്‍ ഉപഗ്രഹങ്ങളില്‍ അധിഷ്ഠിതമായ ഇന്റര്‍നെറ്റ് സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. പരീക്ഷണ അടിസ്ഥാനത്തില്‍ മൈക്രോസാറ്റ് 2-എ, മൈക്രോസാറ്റ് 2-ബി എന്നീ ഉപഗ്രഹങ്ങള്‍ സ്‌പേസ് എക്‌സ് വിക്ഷേപിച്ചു കഴിഞ്ഞു.

Comments

comments

Categories: FK News
Tags: Dr. K Shivan