വിഡിയോകോണ്‍ വായ്പാദാതാക്കള്‍ പൊതു ഉപദേഷ്ടാവിനെ പരിഗണിക്കുന്നു

വിഡിയോകോണ്‍ വായ്പാദാതാക്കള്‍ പൊതു ഉപദേഷ്ടാവിനെ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: പാപ്പരത്ത നടപടി നേരിടുന്ന പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് കമ്പനിയായ വീഡിയോകോണിന്റെ വായ്പാദാതാക്കള്‍ പൊതു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് പരിഗണിക്കുന്നു. വായ്പാദാതാക്കളായ 15 കമ്പനികളാണ് വീഡിയോകോണിന്റെ നിഷ്ട്കിയാസ്തി സംബന്ധിച്ച് പൊതു ഉപദേശകനെ നിയമിക്കാനൊരുങ്ങുന്നത്. ലേല നടപടികളില്‍ ഏകോപനം കൊണ്ടുവരാനാണ് പ്രധാന ശ്രമം.അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍, അന്തിമ ബിഡുകളുടെ സ്വീകരണം, പരിഹാര പദ്ധതികള്‍ എന്നിവ സംബന്ധിച്ച സമയം ഏകോപിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് വായ്പാദാതാക്കള്‍ കരുതുന്നു.

”പരസ്പര ബന്ധിതമായ വ്യത്യസ്ത ഗ്രൂപ്പ് കമ്പനികള്‍ക്കായി ബിഡ്ഡര്‍മാര്‍ പ്രത്യേക പരിഹാര പദ്ധതികള്‍ സമര്‍പ്പിച്ച ആംതെക് ഓട്ടോയുടെ ലേലം പോലെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ഇതിലൂടെ വലിയ കാലതാമസമാണ് നേരിട്ടിരുന്നത്”, ഒരു ബാങ്കര്‍ വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കള്‍ തിങ്കളാഴ്ച ചേര്‍ന്ന ഒരു യോഗത്തില്‍ ഇത്തരം ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമോപദേശകര്‍, റെസല്യൂഷന്‍ പ്രൊഫഷണലുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് യോഗത്തില്‍ വായ്പാദാതാക്കള്‍ നിര്‍ദേശിച്ചത്.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പാപ്പരത്ത പ്രക്രിയയ്ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പട്ടികപ്പെടുത്തിയ 28 കമ്പനികളിലാണ് വിഡിയോകോണ്‍ ഉള്‍പ്പെടുന്നത്. വേണുഗോപാല്‍ ധൂതിന്റെ നേതൃത്വത്തിലുള്ള വീഡിയോകോണിന്റെ വായ്പാവീഴ്ച 20,000 കോടി രൂപയാണ്. വിഡിയോകോണ്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ഒരു ഡസനോളം കമ്പനികള്‍ക്കെതിരായ പരാതിയാണ് പാപ്പരത്ത കോടതിയിലുള്ളത്.

Comments

comments

Categories: Business & Economy
Tags: Videocon