വരത്തന്‍ (മലയാളം)

വരത്തന്‍ (മലയാളം)

സംവിധാനം: അമല്‍ നീരദ്
അഭിനേതാക്കള്‍: ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍
ദൈര്‍ഘ്യം: 122 മിനിറ്റ്

2014-ല്‍ ഇയ്യോബിന്റെ പുസ്തകം എന്ന ദൃശ്യവിസ്മയം പ്രേക്ഷകര്‍ക്കു സമ്മാനിച്ച ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ട്‌കെട്ട് വരത്തന്‍ എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തിയിരിക്കുകയാണ്. ഇവരോടൊപ്പം ഐശ്വര്യ ലക്ഷ്മി എന്ന നടിയും മുന്‍നിര വേഷത്തിലുണ്ട്. എബിന്‍ (ഫഹദ് ഫാസില്‍), പ്രിയ (ഐശ്വര്യ ലക്ഷ്മി) ദമ്പതികളെ ചുറ്റിപ്പറ്റിയുള്ളതാണു കഥ. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായി ഇവര്‍ സന്തോഷത്തോടെ കഴിയുകയാണ്. ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇവര്‍. ഒരു ദിവസം എബിനു ജോലി നഷ്ടപ്പെടുന്നു. ഇരുവരും ചേര്‍ന്ന് പ്രിയയുടെ പൈതൃക ഭവനം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു. ഇതേ തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളാണു കഥയെ മുന്നോട്ടു നയിക്കുന്നത്.
വളരെ പരിഷ്‌കൃതമായ നഗരജീവിതത്തില്‍നിന്നും അപരിഷ്‌കൃതമായ ഗ്രാമീണ ജീവിതത്തിലേക്കുള്ള മാറ്റം എബിക്കും പ്രിയയ്ക്കും എളുപ്പമാകുന്നില്ല ഇവിടെ. ഗ്രാമവാസികളുടെ നിരന്തരമായ തുറിച്ചുനോട്ടവും, അമിത ശ്രദ്ധയുമൊക്കെ എബിക്കും പ്രിയയ്ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. അതിലൂടെ അവര്‍ സമൂഹത്തിന് പുറത്തുള്ളവരാണെന്ന അവസ്ഥ കൈവരുന്നു, നാട്ട് ഭാഷയില്‍ പറഞ്ഞാല്‍ വരത്തനാകുന്നു.
ഒരു സിനിമയ്ക്കു വേണ്ടുന്ന എല്ലാ ഘടകങ്ങളും വരത്തനില്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തിട്ടുണ്ട്. പുതുമകള്‍ സമ്മാനിച്ചു കൊണ്ട്, അമല്‍ നീരദ് വളരെ മനോഹരമായി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാതെ കഥ പറയാന്‍ ശ്രമിച്ചതിന് എഴുത്തുകാര്‍ക്കും അഭിനന്ദനം നല്‍കണം. ഒരു വ്യത്യസ്ത ചുറ്റുപാടില്‍ കഥ എഴുതാന്‍ എഴുത്തുകാരനു സാധിച്ചിട്ടുണ്ട്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ടാണു സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. വരത്തനില്‍ ത്രില്‍ മാത്രമല്ല, ഫാമിലി, ഇമോഷന്‍ തുടങ്ങിയ ഘടകങ്ങളും ആവോളമുണ്ട്.
രണ്ട് വ്യത്യസ്ത കാര്യങ്ങളാണു ചിത്രത്തില്‍ സംവിധായകന്‍ അമല്‍ നീരദ് പരീക്ഷിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നു കൊണ്ടുള്ള കഥയാണു പറയുന്നത്. രണ്ടാം പകുതിയില്‍ ചുവട് മാറ്റുകയാണ്. പ്രത്യേകിച്ചു ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ അമല്‍ നീരദിലെ ഫിലിം മേക്കറുടെ മികവ് ഇവിടെ പ്രകടമാവുന്നു. ചിത്രത്തിന്റെ ആദ്യ പകുതിക്കും രണ്ടാം പകുതിക്കും രണ്ട് വ്യത്യസ്ത ഗതിവേഗമാണുള്ളത്. ഈ പരീക്ഷണം ചിത്രത്തിന് നന്നായി യോജിക്കുന്നുണ്ട്. ഇത്തരം പരീക്ഷണ ചിത്രങ്ങളില്‍ നിര്‍ണായകമാവുന്നത് അതിന്റെ അവസാന നിമിഷങ്ങളാണ്. വരത്തന്‍ അക്കാര്യത്തില്‍ ഉയര്‍ന്ന തലത്തില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
തിരക്കഥാകൃത്തുക്കളായ ഷറഫും, സുഹാസും വളരെ ഭംഗിയായി എഴുത്ത് നിര്‍വഹിച്ചിരിക്കുന്നു. സ്‌ട്രോ ഡോഗ്‌സ് എന്ന ഹോളിവുഡ് ചിത്രത്തില്‍നിന്നും ചില ആശയങ്ങള്‍ കടമെടുത്തിരിക്കാമെങ്കിലും, വരത്തനില്‍ ആ ആശയം കേരള പശ്ചാത്തലത്തില്‍നിന്നു കൊണ്ട് ഭംഗിയായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഐശ്വര്യ ലക്ഷ്മി, മായാനദിക്കു ശേഷം പക്വത നിറഞ്ഞ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. എബിയായി ഫഫദ് തിളങ്ങിയിരിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഫഫദിന്റെ രസകരമായൊരു കഥാപാത്രമാണ് വരത്തനിലേത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ മഹേഷിന്റെ പ്രതികാരത്തിന്റെ സ്റ്റൈലിഷ് പതിപ്പാണ് വരത്തനില്‍ ഫഹദിന്റേത്.

Comments

comments

Categories: Movies
Tags: Varathan