യുഎന്നിന്റെ സൗരോര്‍ജ പദ്ധതിക്ക് ഇന്ത്യയുടെ ഒരു മില്യണ്‍ ഡോളര്‍ സഹായം

യുഎന്നിന്റെ സൗരോര്‍ജ പദ്ധതിക്ക് ഇന്ത്യയുടെ ഒരു മില്യണ്‍ ഡോളര്‍ സഹായം

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സൗരോര്‍ജ പദ്ധതിക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് കെട്ടിടത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ത്യ ഒരു മില്യണ്‍ ഡോളറിന്റെ സഹായമാണ് നല്‍കിയത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുക, സുസ്ഥിര ഊര്‍ജങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് തുക കൈമാറുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നടപടികള്‍ എടുക്കുന്നതിനുള്ള യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സിന്റെ നിര്‍ദേശങ്ങളോട് പ്രതികരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎന്‍ കോണ്‍ഫറന്‍സ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ഇന്ത്യ ഇത്രയും വലിയ തുക സഹായം നല്‍കിയതിന് സയ്യിദ് അക്ബറുദ്ദീനിനെ നന്ദിയറിക്കുന്നതായി യുഎന്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള ഇന്നൊവേഷനുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അത്തരം ശ്രമങ്ങളെ കാര്യക്ഷമമാക്കുന്നതിനുമുള്ള ശക്തമായ സന്ദേശമാണിതെന്ന് യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ മാനേജ്‌മെന്റ് ഴാന്‍ ബിഗിള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിന്റെ പരിസരങ്ങളിലെ സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നതായി ജൂണ്‍ മാസത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ അക്ബറുദ്ദീന്‍ അറിയിച്ചിരുന്നു. അടുത്ത പരിസ്ഥിതി ദിനത്തോടെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ഭൂരിപക്ഷവും സൗരോര്‍ജത്തിന്റെ സംഭാവനയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: UN

Related Articles