ആദ്യ വര്‍ഷം 40 ഡീലര്‍ഷിപ്പുകള്‍ മെക്‌സിക്കോ പിടിക്കാന്‍ ടിവിഎസ്

ആദ്യ വര്‍ഷം 40 ഡീലര്‍ഷിപ്പുകള്‍ മെക്‌സിക്കോ പിടിക്കാന്‍ ടിവിഎസ്

ടോറിനോ മോട്ടോഴ്‌സുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ടിവിഎസ് മെക്‌സിക്കോയിലെത്തുന്നത്

ചെന്നൈ : മെക്‌സിക്കോയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഓട്ടോഫിന്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടോറിനോ മോട്ടോഴ്‌സുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ടിവിഎസ് മെക്‌സിക്കോയിലെത്തുന്നത്. മെക്‌സിക്കോയില്‍ ടിവിഎസ് ബ്രാന്‍ഡിന്റെ ഔദ്യോഗിക വിതരണക്കാര്‍ ഇനി ടോറിനോ മോട്ടോഴ്‌സ് ആയിരിക്കും. ആദ്യ വര്‍ഷം തന്നെ മധ്യ അമേരിക്കന്‍ രാജ്യത്ത് 40 ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ടോറിനോ മോട്ടോഴ്‌സ് ടിവിഎസ്സിനെ സഹായിക്കും.

ഫഌഗ്ഷിപ്പ് അപ്പാച്ചെ ആര്‍ആര്‍ 310 ഉള്‍പ്പെടെ മുഴുവന്‍ ടിവിഎസ് അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളും ടിവിഎസ് എക്‌സ്എല്‍ 100 എച്ച്ഡി, ടിവിഎസ് എച്ച്എല്‍എക്‌സ് 150 (150 സിസി കമ്യൂട്ടര്‍), ടിവിഎസ് സ്‌ട്രൈക്കര്‍ (125 സിസി കമ്യൂട്ടര്‍) എന്നീ ഇരുചക്ര വാഹനങ്ങളും ടോറിനോ മോട്ടോഴ്‌സ് മെക്‌സിക്കോയില്‍ വിതരണം ചെയ്യും. സ്‌റ്റെപ്പ്-ത്രൂ ഫ്രെയിമില്‍ നിര്‍മ്മിച്ച ടിവിഎസ് റോക്ക്‌സ്, നിയോ എന്നിവയും മെക്‌സിക്കന്‍ വിപണിയിലെത്തിക്കും. ടിവിഎസ് എന്‍ടോര്‍ക്ക് 125, വീഗോ സ്‌കൂട്ടറുകളും വില്‍ക്കും.

നിലവില്‍ ലോകത്തെ അറുപതിലധികം രാജ്യങ്ങളില്‍ ടിവിഎസ്സിന് സാന്നിധ്യമുണ്ട്. ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം ഇരുചക്ര, മൂന്നുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് ടിവിഎസ്. മെക്‌സിക്കോയില്‍ നാല്‍പ്പതിലധികം വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടോറിനോ മോട്ടോഴ്‌സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അന്തര്‍ദേശീയ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ ദിലീപ് പറഞ്ഞു. മെക്‌സിക്കന്‍ വിപണി മനസ്സില്‍ക്കണ്ട് മോഡലുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto
Tags: TVS