സ്വിഗ്ഗി 700 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു

സ്വിഗ്ഗി 700 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു

എട്ടു നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കും

ബെംഗളരു: രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടയുള്ള പുതു നിക്ഷേപകരില്‍ നിന്ന് 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും ചുവടുവെക്കുന്നതിനുവേണ്ടിയാണ് നിക്ഷേപ സമാഹരണം. എട്ടു നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പിന് പദ്ധതിയുണ്ട്.

ഈ വര്‍ഷം ആദ്യം നടന്ന നിക്ഷേപ സമാഹരണത്തെത്തുടര്‍ന്ന് 1.3 ബില്യണ്‍ ഡോളറിലെത്തിയ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം പുതിയ നിക്ഷേപസമാഹരണത്തോടെ 2.5 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്നു വരെ 465 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിട്ടുള്ള സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ ഏറ്റവുമധികം നിക്ഷേപ സമാഹരണം നടത്തിയിട്ടുള്ള കമ്പനിയാണ്. സ്വിഗ്ഗിയുടെ പ്രധാന വിപണി എതിരാളികളായ സൊമാറ്റോ 375 ദശലക്ഷം ഡോളറാണ് ആകെ സമാഹരിച്ചിട്ടുള്ളത്.

രാജ്യത്തെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെറാഡൂണ്‍, പുതുച്ചേരി, മൈസൂര്‍, വിജയവാഡ, നാസിക്, ഗുവാഹത്തി, കാന്‍പൂര്‍, ലുധിയാന എന്നീ നഗരങ്ങളിലാണ് സ്വിഗ്ഗി പുതിയതായി സേവനമാരംഭിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രസ്തുത നഗരങ്ങളിലെ 1, 200 ലധികം റെസ്റ്റൊറന്റുകളുമായി പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ടെന്ന് സ്വിഗ്ഗി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിവേക് സുന്ദര്‍ അറിയിച്ചു. വര്‍ഷങ്ങളായി രാജ്യത്താകമാനമുള്ള ഉപഭോക്താക്കള്‍ക്ക് ഫുഡ് ഓര്‍ഡറിംഗും ഡെലിവറിയും കൂടുതല്‍ സൗകര്യപ്രദവും വിശ്വനീയവുമാക്കുന്നതില്‍ കമ്പനി പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഹെപ്പര്‍ലോക്കല്‍ ഡെലിവറി പോലുള്ള പുതിയ മേഖലകളിലേക്ക് ചുവടുവെക്കാനുള്ള പദ്ധതികള്‍ സ്വിഗ്ഗി ശക്തമാക്കിയിട്ടുണ്ട്. ഹൈബ്രിഡ് സമീപനത്തിലൂടെ ഹെപ്പര്‍ലോക്കല്‍ ഡെലിവറി മേഖലയിലേക്ക് പ്രവശിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ ഈ മേഖലയില്‍ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകളുമായി ബിസിനസ് പങ്കാളിത്തങ്ങളുണ്ടാക്കാനും ഏറ്റെടുക്കലുകള്‍ നടത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.

അടുത്തിടെ പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ സൂപര്‍ഡെയ്‌ലിയെ ഏറ്റെടുത്തുകൊണ്ട് ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി മേഖലയിലേക്ക് കടന്നു വരാനുള്ള താല്‍പ്പര്യം സ്വിഗ്ഗി പ്രകടമാക്കിയിരുന്നു. നിലവില്‍ ഈ മേഖലയില്‍ ബിഗ്ബാസ്‌ക്കറ്റാണ് ആധിപത്യം പുലര്‍ത്തുന്നത്.കഴിഞ്ഞ മാസം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണം, കളിപ്പാട്ടങ്ങള്‍, സൗന്ദര്യവര്‍ധന, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണക്കാരായ സ്‌കൂട്‌സിയെ സ്വിഗ്ഗി ഏറ്റെടുത്തിരുന്നു. 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്വിഗ്ഗിക്ക് രാജ്യത്തെ 27 നഗരങ്ങളിലായി 40,000 ലധികം റെസ്റ്റൊറന്റ് പങ്കാളികളാണുള്ളത്.

Comments

comments

Categories: Business & Economy
Tags: Swiggy