ക്രീസില്‍ കേമനാകാന്‍ നൂതന ടെക്‌നോളജിയുമായി ‘സ്‌ട്രെയ്റ്റ്ബാറ്റ്’

ക്രീസില്‍ കേമനാകാന്‍ നൂതന ടെക്‌നോളജിയുമായി ‘സ്‌ട്രെയ്റ്റ്ബാറ്റ്’

കാമറകളുടെ സാന്നിധ്യമില്ലാതെ ക്രിക്കറ്റ് കളിക്കാരുടെ പ്രകടനം വിലയിരുത്താന്‍ സാധിക്കുന്ന സെന്‍സര്‍ ഉപകരണം വികസിപ്പിച്ചാണ് സ്‌ട്രെയ്റ്റ്ബാറ്റ് എന്ന സംരംഭം മേഖലയില്‍ ശ്രദ്ധ നേടുന്നത്. നൂതന സാങ്കേതിക വിദ്യകളിലൂടെ ഒരു ത്രീഡി വിഷ്വല്‍ ടെക്‌നോളജി അനിമേഷന്‍ സാധ്യമാക്കുന്ന ഉപകരണത്തിലൂടെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഒരുപോലെ പിന്തുണയേകുകയാണിവര്‍

 

ക്രിക്കറ്റിനെ ഒരു മതമാക്കി ആഘോഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രവുമല്ല, ക്രിക്കറ്റിന് സ്വന്തമായി ഒരു ദൈവത്തെ തന്നെ അവരോധിച്ചിരിക്കുന്ന നാടാണിത്. ഈ കളിയോട് ഇന്ത്യാക്കാര്‍ക്കുള്ള മതിപ്പ് മനസിലാക്കാന്‍ ഇതില്‍ കൂടുതലായി എന്തുവേണം?. വളര്‍ന്നു വരുന്ന തലമുറയില്‍ കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ക്രിക്കറ്റ് പരിശീലനത്തിനായി ഇറങ്ങുമ്പോള്‍, ഇക്കൂട്ടര്‍ക്ക് അവരുടെ കഴിവ് പരിപോഷിപ്പിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കിയാണ് സ്‌ട്രെയ്റ്റ്ബാറ്റ് (ടൃേ8യമ)േ എന്ന സംരംഭം സ്‌പോര്‍ട്‌സ് മേഖലയില്‍ ശ്രദ്ധേയമാകുന്നത്. നൂതന സാങ്കേതിക വിദ്യകളിലൂടെ ഒരു ത്രീഡി വിഷ്വല്‍ ടെക്‌നോളജി അനിമേഷന്‍ സാധ്യമാക്കുന്ന ഉപകരണം വികസിപ്പിച്ചാണ് അവര്‍ മികച്ച കോച്ച് എന്ന നിലയില്‍ പൊതുജന ശ്രദ്ധ നേടിയിരിക്കുന്നത്.

ക്രിക്കറ്റിലെ വിവിധ ഷോട്ടുകളും ബാറ്റിംഗ് ടെക്‌നിക്കുകളും പഠിച്ചെടുക്കാനും പ്രയോഗത്തില്‍ വരുത്താനും ശീലിക്കുന്നതിനൊപ്പം സ്വന്തം ബാറ്റിംഗ് നേരിട്ട് കണ്ട് തെറ്റുകള്‍ തിരുത്തി മികവുറ്റതാക്കാനുള്ള സഹായലും സ്‌ട്രെയ്റ്റ്ബാറ്റ് നല്‍കി വരുന്നു. ഗഗന്‍ ദാഗ, രാഹുല്‍ നഗര്‍, രിതേഷ് കല്‍പാഹി എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം ബാറ്റ് ചെയ്യുന്ന വ്യക്തി ധരിക്കേണ്ട ഒരു ഉപകരണത്തിലൂടെയല്ല അവരുടെ ബാറ്റിംഗ് രീതികള്‍ വിശകലനം ചെയ്തു നല്‍കുന്നത്. മറിച്ച് ഈ ഉപകരണം സ്ഥിതി ചെയ്യുന്നത് ബാറ്റ്‌സ്മാന്റെ ബാറ്റിനുള്ളിലാണ്.

സെന്‍സര്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെ പരിശീലനം

ബാറ്റ്‌സ്മാന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നതിനാണ് സ്‌ട്രെയ്റ്റ്ബാറ്റ് പിന്തുണ നല്‍കുന്നത്. ക്രിക്കറ്റ് ബാറ്റിനുള്ളില്‍ സ്ഥാപിക്കുന്ന ഉപകരണത്തിലെ സെന്‍സറുകളുടെ സഹായത്തോടെ ബാറ്റ് ചെയ്യുന്നയാളുടെ ഓരോ ചലനങ്ങളും ഇതില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ബാറ്റിംഗ് ആംഗിള്‍, ഡൗണ്‍സ്വിംഗ്, ബാറ്റിന്റെ വേഗത, വാഗണ്‍ വീല്‍, സ്പീഡ് ഇംപാക്റ്റ് എന്നിവയെല്ലാം ഇതില്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടും.
സ്‌ട്രെയ്റ്റ്ബാറ്റ് വികസിപ്പിച്ച അനലിറ്റ്ക്‌സ് അല്‍ഗൊരിതങ്ങളുടേയും സൊലൂഷന്‍സിന്റെയും സഹായത്തോടെ പിന്നീട് ഇവ അനിമേഷന്‍ രൂപത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു.

ബാറ്റിംഗ് പൂര്‍ത്തിയായശേഷം ബാറ്റ്‌സ്മാന് നേരിട്ടുതന്നെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ഡാറ്റ മൊബൈലിലോ ലാപ്‌ടോപിലോ, ബിഗ് സ്‌ക്രിനിലോ ബന്ധിപ്പിച്ച് കാണാന്‍ കഴിയും. ബാറ്റിംഗിലെ പിഴവുകളും മെച്ചപ്പെടുത്തേണ്ട ഷോട്ടുകളും മറ്റും സ്വയം മനസിലാക്കാന്‍ ഇതുവഴി അവര്‍ക്കു കഴിയും. ഇതോടൊപ്പം പരിശീലനകര്‍ക്ക് തെറ്റായ ഷോട്ടുകള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കളിക്കാര്‍ക്കു നല്‍കാനും ഇതു സഹായകമാകുന്നു. ബാറ്റില്‍ ഘടിപ്പിക്കുന്ന സ്‌ട്രെയ്റ്റ്ബാറ്റ് സെന്‍സറിന് 15 ഗ്രാം ഭാരമാണുള്ളത്. ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് അനുസരിച്ച് നിലവിലെ ഉപകരണത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്താനും കമ്പനി തയാറായിട്ടുണ്ടെന്ന് ഗഗന്‍ പറയുന്നു. ” ഈ ഉപകരണം ക്രിക്കറ്റ് പ്രൊഫഷണലുകള്‍ക്കുള്ളതല്ല. ക്രിക്കറ്റ് പരിശീലനത്തിലെ തുടക്കക്കാര്‍ക്ക് അവരുടെ മികവ് മെച്ചപ്പെടുത്താനുള്ള ഒന്നാണ്. സ്വന്തം ഷോട്ടുകള്‍ നേരിട്ട് കണ്ട് തിരുത്താനുള്ള അവസരമാണ് ഇവിടെ നല്‍കപ്പെടുന്നത്. ഓരോ ദിവസവും കളി മെച്ചപ്പെടുത്താനുള്ള ടെക്‌നിക്കുകള്‍ പഠിക്കാന്‍ അവര്‍ക്കു കഴിയും,” ഗഗന്‍ പറയുന്നു.

ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊതിച്ച ടെക്‌നോളജി വിദഗ്ധന്‍

ബൃഹത്തായ ക്രിക്കറ്റ് ഗ്രൗണ്ടും പച്ചപ്പും ബാറ്റും മാത്രം സ്വപ്‌നം കണ്ടു നടന്ന ബാല്യമായിരുന്നു ഗഗന്‍ ദാഗയുടേത്. എന്നാല്‍ കരിയര്‍ ചെന്നെത്തിയത് ടെക്‌നോളജിയുടെ പാതയിലാണ്. എന്നാല്‍ സ്‌പോര്‍ട്‌സിലുള്ള തന്റെ നടക്കാതെ പോയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് സ്‌ട്രെയ്റ്റ്ബാറ്റ് എന്ന സംരംഭം. ടെക്‌നോളജിയും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തിയ ഈ സംരംഭം കെട്ടിപ്പെടുക്കുന്നതില്‍ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളും ഒപ്പം കൂടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തോടുകൂടി സ്‌ട്രെയ്റ്റ്ബാറ്റ് പിറവിയെടുത്തു. ടെക്‌നോളജി മേഖലയില്‍ 17 വര്‍ഷം ജോലി ചെയ്ത ശേഷമാണ് ഗഗന്‍ സ്വന്തം സംരംഭത്തിലേക്ക് കടന്നു വരുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റ് താരമല്ലെങ്കിലും ക്രിക്കറ്റിനെ ആരാധിക്കുന്ന ഗഗന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ക്രിക്കറ്റ് കളിക്കാറുമുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച 50 സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഈ സംരംഭത്തെ ഹൈപ്പ് ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എലിവേറ്റ് 100 പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ട 100 സ്റ്റാര്‍ട്ടപ്പുകളിലും മുന്‍നിരയിലെത്താന്‍ സ്‌ട്രെയ്റ്റ്ബാറ്റിന് സാധിച്ചിട്ടുണ്ട്.

കാമറകളില്ലാതെ വിഷ്വല്‍ അനുഭവം

ക്രിക്കറ്റ് കളിയിലെ ഓരോ ചലനങ്ങളും 360 ഡിഗ്രിയില്‍ സാധ്യമാകുന്ന ഒന്നാണ്. മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കുമുള്ള ബാറ്റ്‌സ്മാന്റെ ചലനം ഒപ്പിയെടുക്കാന്‍ ചുറ്റിലും കാമറ വെക്കുന്ന രീതിയല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അത്തരം ചെലവേറിയ മാര്‍ഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് സെന്‍സറില്‍, അതും ബാറ്റ്‌സ്മാന് ഒരു ബുദ്ധിമുട്ടും വരാത്ത രീതിയില്‍ ബാറ്റിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നത്. കാമറകള്‍ ഒന്നും തന്നെയില്ലാതെ സെന്‍സറുകള്‍ വഴി ബാറ്റ്‌സ്മാന്റെ ചലനം റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണം അനിമേഷന്‍ മാതൃകയിലാണ് പിന്നീട് വിര്‍ച്വല്‍ അനുഭവം സാധ്യമാക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയില്‍ വിതരണം ചെയ്യുന്ന ഉപകരണം ഒരു കളിക്കാരന് പ്രതിമാസം 2000 രൂപ എന്ന നിരക്കിലാണ് നല്‍കി വരുന്നത്. 20 കളിക്കാര്‍ ഒരേ സെന്‍സര്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രതിമാസ വരിസംഖ്യ 10,000 രൂപയാണ്. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സ്‌ട്രെയ്റ്റ്ബാറ്റ് സെന്‍സര്‍ നിലവില്‍ 200 ല്‍ പരം കളിക്കാര്‍ ഉപയോഗിച്ചു വരുന്നുണ്ട്. 80 ഓളം അക്കാഡമികളിലേക്ക് ഉപകരണം എത്തിച്ച് കുറഞ്ഞത് 6000 ല്‍ പരം കളിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കാനാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഭാവിയില്‍ ബാറ്റ്‌സ്മാന്റെ തലയുടെയും പാദത്തിന്റെയും ചലനങ്ങളും കൂടി ഉള്‍പ്പെടുത്തുന്നതിനൊപ്പം ബൗളര്‍മാരുടെ പ്രകടനം കൂടി വിശകലനം ചെയ്യുന്ന നൂതന സാങ്കേതിക വിദ്യ ആസൂത്രണം ചെയ്തുവരികയാണെന്നും ഗഗന്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories
Tags: cricket, Strait