ലൂസിഡിന്റെ സ്വപ്‌നങ്ങള്‍ക്ക് ‘ഇന്ധന’ മേകി സൗദി

ലൂസിഡിന്റെ സ്വപ്‌നങ്ങള്‍ക്ക് ‘ഇന്ധന’ മേകി സൗദി

ടെസ്ലയുടെ എതിരാളികളാകാന്‍ ശ്രമിക്കുന്ന ലൂസിഡ് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ പദ്ധതി ഫണ്ടിന്റെ അഭാവം കാരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സൗദി ഫണ്ട് ചെയ്യാനെത്തിയതോടെ എയര്‍ സെഡാന്റെ നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി

റിയാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ ലൂസിഡ് മോട്ടോഴ്‌സിന് പുതുജീവനേകി സൗദി അറേബ്യ. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തെ അതികായരായ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയില്‍ അഞ്ച് ശതമാനം ഓഹരി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ സമാന കമ്പനിയായ ലൂസിഡില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമിറക്കാനുള്ള കരാറില്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) ഒപ്പുവെച്ചു.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു്. ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ എതിരാളികളാകാന്‍ ശ്രമിക്കുന്ന സംരംഭമാണ് ലൂസിഡ് മോട്ടോഴ്‌സ് ഇന്‍ക്.

ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള പിഐഎഫ് പദ്ധതികളുടെ ഭാഗമായി തന്നെയാണ് ലൂസിഡിനെ പിന്തുണയ്ക്കുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയാണ് ലൂസിഡ് മോട്ടോഴ്‌സ്.

അടുത്തിടെയാണ് ടെസ്ലയെ സ്വകാര്യ കമ്പനിയാക്കാന്‍ പോകുകയാണെന്ന് മസ്‌ക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിവാദമുണ്ടായത്. ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിന്ന് ടെസ്ലയെ പ്രൈവറ്റ് ആക്കി മാറ്റണമെങ്കില്‍ ഏകദേശം 72 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ട് ആവശ്യമാണ്. ഈ തുക സൗദി അറേബ്യയുടെ പിഐഎഫ് നല്‍കുമെന്നായിരുന്നു മസ്‌ക്ക് സൂചിപ്പിച്ചത്. എന്നാല്‍ പിന്നീട് മസ്‌ക്ക് തീരുമാനം മാറ്റി. ടെസ്ല ലിസ്റ്റഡ് ആയി തന്നെ തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഒരു ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തി ലൂസിഡ് മോട്ടോഴ്‌സിന്റെ പ്രധാന ഉടമസ്ഥതാഅവകാശം സ്വന്തമാക്കാനാണ് പിഐഎഫ് തയാറെടുക്കുന്നത്.

ആദ്യഘട്ടത്തില്‍ 500 മില്ല്യണ്‍ ഡോളറായിരിക്കും നിക്ഷേപിക്കുക. ഇത് ക്രമാനുഗതമായി ഒരു ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്തും. തങ്ങളുടെ പുതിയ പദ്ധതി ഫണ്ടിന്റെ അഭാവം കാരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു ലൂസിഡ്. സൗദി ഫണ്ട് ചെയ്യാനെത്തിയതോടെ എയര്‍ സെഡാന്റെ നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. 2020ല്‍ എയര്‍ വിപണിയിലെത്തുമോയെന്നതാണ് ഓട്ടോലോകം ഉറ്റുനോക്കുന്നത്. പ്രതിവര്‍ഷം 20,000 യുണിറ്റുകളുടെ നിര്‍മാണം അരിസോണയിലെ പ്ലാന്റില്‍ സാധ്യമാക്കാനാണ് ലൂസിഡ് ശ്രമിക്കുന്നത്.

Comments

comments

Categories: Arabia
Tags: Lucid