ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

പലിശനിരക്കുകള്‍ ഉയര്‍ത്തിയത് ചെറു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങള്‍ വര്‍ധനിക്കുന്നതിന് കാരണമാകും

ന്യൂഡെല്‍ഹി: സേവിംഗ്‌സ് ഡെപ്പോസിറ്റ്, എന്‍എസ്‌സി (നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്), പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) തുടങ്ങിയ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ചെറു സമ്പാദ്യ പദ്ധതികളുടെ നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബര്‍ പാദം മുതലുള്ള പലിശയാണ് വര്‍ധിപ്പിച്ചത്. 0.3 ശതമാനം മുതല്‍ 0.4 ശതമാനം വരെയാണ് വര്‍ധന. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെകാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്കുകള്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.2 ശതമാനം എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 7.4 ശതമാനത്തില്‍ നിന്നും 7.8 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്.
റെക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.9 ശതമാനത്തില്‍ നിന്നും അടുത്ത പാദത്തില്‍ 7.3 ശതമാനമാകും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അഞ്ചുവര്‍ഷത്തെ സേവിംഗ്‌സ് നിക്ഷേപത്തിന്റെ പലിശ 8.3 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമാക്കി. അഞ്ചുവര്‍ഷത്തെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പിപിഎഫ് എന്നിവയുടെ പലിശ 7.6 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായും വര്‍ധിപ്പിച്ചു. കിസാന്‍ വികാസ് പത്രയുടെ (കെവികെ) പുതിയ പലിശ നിരക്ക് 7.7 ശതമാനവും സുകന്യ സമൃദ്ധി പദ്ധതിയുടെ പുതുക്കിയ നിരക്ക് 8.5 ശതമാനവുമാണ്.
റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന പെന്‍ഷന്‍കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പലിശ നിരക്കിലുണ്ടായ വര്‍ധന ഗുണം ചെയ്യുമെന്നും പലിശനിരക്കുകള്‍ ഉയര്‍ത്തിയത് ചെറു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങള്‍ വര്‍ധനിക്കുന്നതിന് കാരണമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പലിശ നിരക്കുകളുടെ ത്രൈമാസ അവലോകനത്തിനായുള്ള സംവിധാനം നടപ്പാക്കിയ ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.
2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് ത്രൈമാസ അവലോകന സംവിധാനം നടപ്പാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലും രണ്ടാം പാദത്തിലും പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy