ചൈനയുടെ ഇക്കണോമിക് ഹബ്ബ് എന്നാണു ഷാങ്ഹായ് നഗരം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ നഗരം നിരവധി ആഭ്യന്തര, അന്തര്‍ദേശീയ കലാകാരന്മാരുടെ വാസസ്ഥാനമായിരിക്കുന്നു. ഷാങ്ഹായിയുടെ സാംസ്കാരികവും, കലാപരവുമായ വിഭവങ്ങളാല്‍ ആകര്ഷിക്കപ്പെട്ടവരാണിവര്. 1,000-ത്തിലേറെ വരുന്ന സ്വകാര്യ ഗാലറികള്‍ ഇന്ന് ഷാങ്ഹായ് നഗരത്തിലുണ്ട്.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ അസ്വസ്ഥമാക്കാന്‍ കഴിയുന്നൊരു മാധ്യമമാണു ഫോട്ടോഗ്രാഫി. അനീതികള്‍ തുറന്നു കാണിക്കാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ അത് ഉപയോഗിക്കാറുണ്ട്. ഒരു കലാരൂപമെന്നു വിശേഷണം നല്കുമ്പോഴും ഫോട്ടോഗ്രാഫുകളെ പ്രതിഷേധങ്ങള്‍ക്കായും ഉപയോഗിക്കുന്നു.1999 സെപ്റ്റംബര്‍ നാല് മുതല്‍ ആറ് വരെ ‘വുഷിരെന്ഫെയ്’ (Wushirenfei) എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ചൈനയില്‍ ചില കലാകാരന്മാര് തീരുമാനിച്ചിരുന്നു. പ്രദര്‍ശനത്തെ കുറിച്ച് ഒരു പരസ്യം പോലും നല്‍കിയിരുന്നില്ല. ചിത്രങ്ങളെടുത്ത കലാകാരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്ന ഈ പ്രദര്‍ശനത്തിന്റെ ഓഡിയന്‍സ്. എന്നാല്‍ ഈ പ്രദര്‍ശനം തുടര്‍ന്നില്ല. ഉദ്ഘാടന ദിനത്തില്‍ തന്നെ ഷാങ്ഹായ് പോലീസ് ഇടപെട്ട് പ്രദര്‍ശനം നിറുത്തിവയ്പ്പിക്കുകയുണ്ടായി. ഇതിന് അധികാരികളെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നെന്ന് ഈ ദിനം വരെ ആര്‍ക്കും അറിയില്ല. ഒരു പക്ഷേ, ഒരു പുരുഷന്റെ ട്രൗസറിന്റെ കാലുകള്‍ ചേരുന്ന ഭാഗത്ത് അര്‍ത്ഥഗര്‍ഭമായി വീക്ഷിക്കുന്ന നാല് സ്ത്രീകളുടെ ചിത്രം പ്രദര്‍ശിപ്പിച്ചതു കൊണ്ടാവാം, അതുമല്ലെങ്കില്‍ ഷാങ്ഹായിലെ ഏറ്റവും ആവേശകരമായ കലാകാരന്മാരില് 15 പേര് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ കാഴ്ചപ്പാടിനുമപ്പുറം അവരുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിലെ വിജയ സാധ്യതയാവാം. 1990-കളില്‍ ഇത്തരം നടപടികള്‍ (ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍) ചൈനയില്‍ താരതമ്യേന സാധാരണമായിരുന്നു. സമകാലീന കല പ്രദര്‍ശിപ്പിക്കുന്നതില്‍ ചൈനയിലെ ഭരണകൂടം പ്രത്യേക മുന്‍കരുതലെടുത്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ക്ക് ഇന്നു വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു. ഈയാഴ്ച ഷാങ്ഹായില്‍ നടക്കുന്ന (സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ) ഫോട്ടോ ഫെയറില്‍ (Photofairs Shanghai), മുന്‍പു ഭരണകൂടം നിരോധിച്ച ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫെയേഴ്സ് ഷാങ്ഹായില്‍ 30,000 സന്ദര്‍ശകരാണ് പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ, ഭരണകൂടത്തിന്റെ മനോഭാവത്തില്‍ സംഭവിച്ച മാറ്റത്തിന്റെ സൂചകമാണ് ഈ നീക്കമെന്നു ഫോട്ടോഫെയേഴ്സ് ഷാങ്ഹായുടെ ക്യൂറേറ്റര്‍ വിക്ടര്‍ വാങ് പറയുന്നു. ‘ 1990-കള്‍ക്കു ശേഷം നമ്മള് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ചൈനയിലെ ആദ്യത്തെ കലാസ്ഥാപനങ്ങള്‍ കഴിഞ്ഞ ദശകത്തിനിടയില്‍ മാത്രമാണു നിര്‍മിച്ചത് ‘ അദ്ദേഹം പറഞ്ഞു. 1999-ല്‍ ഭരണകൂടം തടഞ്ഞ ചിത്രപ്രദര്‍ശനം ആവര്‍ത്തിക്കുക എന്നതിനേക്കാളുപരിയായി സമീപകാലത്തു വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതിനാണു ക്യൂറേറ്റര്‍ വിക്ടര്‍ വാങ് മുന്‍ഗണന നല്‍കുന്നത്. ചൈനയിലെ സമകാലിക കലയുടെ പരിണാമത്തിന്റെ ഒരു പ്രതിഫലനം അതിലുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കവിത, സംഗീതം, ചിത്രമെഴുത്ത്, ശില്പം, വാസ്തുവിദ്യ തുടങ്ങിയ കലയോടുള്ള ചൈനീസ് ജനതയുടെ ഇഷ്ടം പതിന്മടങ്ങ് വര്‍ധിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ കലാ വിപണി ഇപ്പോള്‍ ചൈനയിലാണുള്ളത്. ആഗോളതലത്തില്‍ കലയുമായി ബന്ധപ്പെട്ട് നടക്കുന്ന വില്‍പ്പനയുടെ 21 ശതമാനം ഇപ്പോള്‍ സംഭവിക്കുന്നതു ചൈനയിലാണെന്നു യുബിഎസ് & ആര്‍ട്ട് ബേസലിന്റെ വാര്‍ഷിക മാര്‍ക്കറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇപ്പോള്‍ ചൈനയിലെ പ്രമുഖ നഗരമായ ഷാങ്ഹായ് പ്രതിവര്‍ഷം, ഒരു ഡസന്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളെങ്കിലും സംഘടിപ്പിക്കുന്നുണ്ട്. ചിത്രപ്രദര്ശനങ്ങള്ക്കായി സമര്‍പ്പിച്ചിട്ടുള്ള ഷാങ്ഹായ് സെന്റര്‍ ഓഫ് ഫോട്ടോഗ്രാഫി പോലുള്ള അനേകം ഗ്യാലറികളും ഷാങ്ഹായിലുണ്ട്. ഷാങ്ഹായ് സെന്റര്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ സ്ഥാപകന്‍ പുലിറ്റ്സര്‍ സമ്മാന ജേതാവ് കൂടിയായ ഫോട്ടോഗ്രാഫര്‍ ലിയു ഹ്യുങ് ഷിങാണ്. ഹാങ്ഹായിലെ സാമൂഹ്യ കാലാവസ്ഥ മറ്റു ചൈനീസ് പട്ടണങ്ങളെ അപേക്ഷിച്ചു മികച്ചുനില്ക്കുന്നതാണെന്ന അഭിപ്രായക്കാരനാണ് ലിയു ഹ്യുങ് ഷിങിനുള്ളത്. ഷാങ്ഹായ് കോസ്മോപൊളിറ്റന്‍, ഇന്റര്‍നാഷണല്‍ സിറ്റിയാണ്. ഇതാകട്ടെ, ആശയങ്ങള്‍ കൂടുതല്‍ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
ഷാങ്ഹായ് പോലെ ചൈനയിലെ മറ്റൊരു പ്രമുഖ നഗരമാണു ബെയ്ജിംഗ്. ഒരു ദശാബ്ദത്തിനു മുമ്പ് ബെയ്ജിംഗില്‍ എല്ലാ പ്രമുഖ കല അക്കാദമികളുമുണ്ടായിരുന്നു. ചൈനയുടെ തലസ്ഥാന നഗരി കൂടിയാണു ബെയ്ജിംഗ്. അതു കൊണ്ടു തന്നെ കലയെ കൈകാര്യം ചെയ്യുന്ന ബ്യൂറോക്രാറ്റുകളും ബെയ്ജിംഗിലുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ സ്വകാര്യ മ്യൂസിയങ്ങള്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ സ്ഥാപിക്കപ്പെട്ടതും, കളക്ടര്‍മാര്‍ (കലാസൃഷ്ടികള്‍ ശേഖരിക്കുന്നവര്‍) മ്യൂസിയങ്ങളുടെ ശക്തിയായി മാറിയതും ഷാങ്ഹായ് പോലെയുള്ള നഗരത്തെ കലയുടെയും ഫോട്ടോഗ്രാഫിയുടെയും ഒരു മുന്‍നിര നഗരമാക്കി മാറ്റി. ബെയ്ജിംഗ് നഗരം നിരവധി ആര്‍ട്ട് സോണുകളുടെ വാസകേന്ദ്രമാണെങ്കിലും, സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ നിരവധി ആര്‍ട്ട് ഗ്യാലറികള്‍ അധികാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയുണ്ടായി. അതേസമയം, ഷാങ്ഹായ് നഗരം ഫോട്ടോഗ്രാഫിക്ക് മാത്രമല്ല, പൊതുവായി മറ്റു കലകളുടെ വളര്‍ച്ചയ്ക്കും അനുകൂല സാഹചര്യമുള്ള നഗരമായി മാറി. നഗരത്തിലെ ഗ്യാലറികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പാരീസിലെ പ്രശസ്തമായ പോംപിഡോ സെന്ററിന്റെ ഒരു ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍ പോവുകയാണ് ഷാങ്ഹായില്‍. ‘ഷാങ്ഹായ് 2035’ എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതി, രണ്ട് പതിറ്റാണ്ടിനുള്ളില്‍ നഗരത്തെ അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. ഡിസൈന്‍, ഫിലിം, പെര്‍ഫോമിംഗ് ആര്‍ട്സ്, ഗെയിമിംഗ്, പബ്ലിഷിംഗ് എന്നീ വ്യവസായങ്ങളെ ഭരണകൂടത്തിന്റെ ഫണ്ട് ഉപയോഗിച്ചു വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഷാങ്ഹായ് എന്ന സാംസ്കാരിക കേന്ദ്രം
ചൈനയുടെ ഇക്കണോമിക് ഹബ്ബ് എന്നാണു ഷാങ്ഹായ് നഗരം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ നഗരം നിരവധി ആഭ്യന്തര, അന്തര്‍ദേശീയ കലാകാരന്മാരുടെ വാസസ്ഥാനമായിരിക്കുന്നു. ഷാങ്ഹായിയുടെ സാംസ്കാരികവും, കലാപരവുമായ വിഭവങ്ങളാല്‍ ആകര്ഷിക്കപ്പെട്ടവരാണിവര്. 1,000-ത്തിലേറെ വരുന്ന സ്വകാര്യ ഗാലറികള്‍ ഇന്ന് ഷാങ്ഹായ് നഗരത്തിലുണ്ട്. ചൈനീസ് സംസ്കാരത്തിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു സ്വീഡിഷ് വംശജനായ ലൊറേന്സ് ഹെല്ബ്ലിംഗ്. ഇദ്ദേഹം ഷാങ്ഹായില്‍ 1994-ല്‍ ഷാങ് ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. ഷാങ്ഹായിലെ ആദ്യ ആധുനിക ആര്‍ട്ട് ഗാലറിയാണിത്. സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസലില്‍ നടക്കുന്ന അന്താരാഷ്ട്ര ആര്‍ട്ട് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഈ ആര്‍ട്ട് ഗാലറി നിരവധി ചൈനീസ് ആര്‍ട്ടിസ്റ്റുകളുടെ കലാരൂപങ്ങള്‍ വാങ്ങിയിരുന്നു.