റീട്ടെയ്ല്‍ മല്‍സരം ഇനിയും മുറുകും

റീട്ടെയ്ല്‍ മല്‍സരം ഇനിയും മുറുകും

ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗം കൂടുതല്‍ മല്‍സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരമാണ്. ആമസോണും വാള്‍മാര്‍ട്ടുമെല്ലാം ഇന്ത്യയില്‍ അരയുംതലയും മുറുക്കുമ്പോള്‍ സാമ്പത്തിരംഗവും ചലനാത്മകമാകും

ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗം ചൂടുപിടിക്കുകയാണ്. നാല് മാസം മുമ്പാണ് ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തത്. ഇ-കൊമേഴ്‌സ് ചരിത്രത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. യുഎസില്‍ ആമസോണിനോട് പൊരുതിനില്‍ക്കാന്‍ പാടുപെടുന്ന വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ആമസോണിനെ തോല്‍പ്പിക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു ഫഌപ്കാര്‍ട്ട്. എന്നാല്‍ അതിനുശേഷം വീണ്ടും വലിയൊരു ഏറ്റെടുക്കല്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിനെ ആമസോണും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സമര കാപ്പിറ്റലും ചേര്‍ന്ന് വാങ്ങിയിരിക്കുന്നു. വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വമ്പന്‍ നീക്കങ്ങള്‍ നടത്തുമ്പോള്‍ ആമസോണ്‍ മാറി നില്‍ക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തെ ഏറ്റവും സമ്പന്നനെന്ന് ഖ്യാതി നേടിയ ജെഫ് ബെസോസ് നല്‍കുന്നത്. ഏകദേശം 4,200 കോടി രൂപയുടെ വമ്പന്‍ ഇടപാടാണ് മോറിന്റെ ഏറ്റെടുക്കല്‍ എന്നാണ് സൂചന. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കയ്യില്‍ നിന്നാണ് മോറിനെ ആമസോണും സമരയും ചേര്‍ന്ന് വാങ്ങിയത്.

670 ബില്ല്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയുടെ റീട്ടെയ്ല്‍ വിപണി. അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടുമ്പോള്‍ ഏറ്റവുമധികം ചലനാത്മകമാകുന്നതും പണം വാരുന്നതും റീട്ടെയ്ല്‍ രംഗമാണ്. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ വമ്പന്മാര്‍ എത്തുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമനമായ ആമസോണ്‍ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ രംഗവുമായുള്ള ഏകീകരണത്തിലൂടെ കൂടുതല്‍ ബിസിനസാണ് ലക്ഷ്യമിടുന്നത്്. യുഎസില്‍ കമ്പനി ഇത്തരത്തിലുള്ള ചില സൂപ്പര്‍മാര്‍്ക്കറ്റ് ഏറ്റെടുക്കലുകള്‍ നടത്തി മികച്ച ബിസിനസ് നേടുന്നുണ്ട്. അത് ഇന്ത്യയിലും പരീക്ഷിക്കാനാണ് ശ്രമം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍ ശൃംഖലയായ ഷോപ്പേഴ്‌സ് സ്റ്റോപ്പില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനം ഓഹരിയെടുത്തിരുന്നു ആമസോണ്‍. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മോര്‍ ഏറ്റെടുക്കല്‍.

മോറിലൂടെ ഇന്ത്യയിലെ 500ഓളം സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും 20ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും ആമസോണിന് കടന്നുചെല്ലാാനാകും. ആമസോണ്‍ പ്രൈംപോലുള്ള സേവനങ്ങളെ സൂപ്പര്‍മാര്‍ക്കറ്റുകളുമായി സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ ഓഫറുകള്‍ നല്‍കുകയും കൂടുതല്‍ ബിസിനസ് നേടുകയുമാവാം. ഇതെല്ലാം കമ്പനി മുമ്പുതന്നെ പരീക്ഷിച്ചുകഴിഞ്ഞതാണ്. ഇന്ത്യപോലൊരു രാജ്യത്ത് യുഎസിലേതിനേക്കാള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചേക്കും ആമസോണിന്. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഒരുപോലെ സാന്നിധ്യമറിയിച്ച് ഓമ്‌നി ചാനല്‍ (ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ബഹുമുഖ റീട്ടെയ്ല്‍ അനുഭവം പ്രദാനം ചെയ്യുന്ന മാതൃക) രീതിയില്‍ ബിസിനസ് നേടിയെടുക്കാന്‍ ആമസോണിന് പുതിയ പദ്ധതികളിലൂടെ സാധിക്കും. വിപണി കൂടുതല്‍ മല്‍സരാധിഷ്ഠിതമാകുകയും ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുകയും ചെയ്യും. മറ്റ് കമ്പനികളും നൂതനാത്മകമായ വഴികള്‍ ആവിഷ്‌കരിക്കുന്നതോടെ വ്യത്യസ്തമായ അനുഭവമാകും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

Comments

comments

Categories: Editorial, Slider