സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് വേഗത പോര…

സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് വേഗത പോര…

സൗദി അരാംകോയുടെ ഓഹരിവില്‍പ്പനയുടെ കാര്യത്തില്‍ ഇപ്പോഴും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. നിരവധി മറ്റ് കമ്പനികളുടെയും സ്ഥിതി ഇതുതന്നെയാണ്.സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ക്ക് വേഗത കുറവാണെന്ന വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു

റിയാദ്: ഉദാരവല്‍ക്കരണ നയങ്ങളോട് വളരെയധികം താല്‍പ്പര്യം കാണിക്കുന്നുവെന്നതായിരുന്നു സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ സവിശേഷത. സ്വകാര്യവല്‍ക്കരണത്തോടുള്ള ചായ്‌വ് വിദേശമാധ്യമങ്ങളിലും പടിഞ്ഞാറന്‍ ലോകത്തും 32കാരനായ പ്രിന്‍സ് മുഹമ്മദിന് ഒരുപാട് ആരാധകരെയും നേടിക്കൊടുത്തു. പുതിയ സൗദിയെ കെട്ടിപ്പടുക്കാനെത്തിയ നായകനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

പ്രിന്‍സ് മുഹമ്മദിന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ പ്രധാന ഭാഗമാണ് വിവിധ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍. പോര്‍ട്ട്, റെയ്ല്‍വെ, യൂട്ടിലിറ്റീസ്, എയര്‍പോര്‍ട്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നതിന് സൗദി പദ്ധതിയിട്ടിരുന്നു.

മൂന്ന് വര്‍ഷം മുമ്പായിരുന്നു സൗദി അറേബ്യ ഓഹരിവില്‍പ്പന പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അതായത് എണ്ണ വിപണി തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍. ബാരലിന് 40 ഡോളര്‍ എന്ന നിലയിലായിരുന്നു അപ്പോഴത്തെ എണ്ണ വില. ഇനി എണ്ണയെ മാത്രം ആശ്രയിച്ചുനിന്നിട്ട് കാര്യമില്ല. സാമ്പത്തിക വൈവിധ്യവല്‍ക്കരണം അനിവാര്യമാണ്. പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്തണം-ഇതായിരുന്നു അപ്പോള്‍ സൗദിയുടെ ചിന്ത. എന്നാല്‍ ഇപ്പോള്‍ കഥ അല്‍പ്പം മാറി. എണ്ണ വിപണി തിരിച്ചുകയറി, വിലയും കൂടി. നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ഇനി തിടുക്കം വേണ്ടെന്ന ചിന്തയിലാണ് സൗദിയെന്നു വേണം കരുതാന്‍.

സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് സൗദി അറേബ്യ വേഗത കൂട്ടണമെന്ന് അന്താരാഷ്ട്ര നാണ്യനിധി ഇക്കഴിഞ്ഞ ജൂലൈയിലാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഓഗസ്റ്റില്‍ വന്ന വാര്‍ത്ത സൗദി അരാംകോയുടെ ഓഹരി വില്‍പ്പന തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണെന്നതായിരുന്നു. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള അരാംകോ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന കമ്പനിയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നുതന്നെ പറയാം. പ്രിന്‍സ് മുഹമ്മദിന്റെ പരിഷ്‌കരണ നയങ്ങളുടെ കാതലായിരുന്നു അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന. കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു സൗദി പദ്ധതിയിട്ടത്.

അരാംകോയുടെ ഐപിഒ തല്‍ക്കാലം നീട്ടിവെക്കാനാണ് സൗദിയുടെ ഇപ്പോഴത്തെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുമ്പ് പദ്ധതിയിട്ടതില്‍ നിന്ന് വിഭിന്നമായി സൗദിയിലെ സ്വകാര്യവല്‍ക്കരണ മുന്നേറ്റം വളരെ പതുക്കെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്-ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണ വില കൂടിയ സാഹചര്യത്തില്‍ ഇനി തങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ചേ സൗദി സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കൂവെന്നാണ് വിലയിരുത്തല്‍.

വൈവിധ്യവല്‍ക്കരണ പദ്ധതികള്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികളിലെ ഓഹരികള്‍ വിറ്റ് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനായിരുന്നു സൗദിയുടെ ശ്രമം. അരാംകോ, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സോക്കര്‍ ക്ലബ്ബുകള്‍ തുടങ്ങിയവയിലെ ഓഹരികള്‍ വില്‍ക്കാന്‍ സൗദി പദ്ധതിയിട്ടിരുന്നു. 2017ല്‍ ഇതെല്ലാം ലക്ഷ്യമിട്ട് നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റേസേഷന്‍ എന്ന സ്ഥാപനവും സര്‍ക്കാര്‍ രൂപീകരിച്ചു. 2020 ആകുമ്പോഴേക്കും സ്വകാര്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി 11 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് (അരാംകോ ഐപിഒ കൂടാതെ) രാജ്യത്തിന്റെ ശ്രമമെന്ന് ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ നിക്ഷേപത്തിനായി തുറന്നുകൊടുത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയാണ് പ്രൈവൈറ്റൈസേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും. നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് സാധിക്കും-വിഷന്‍ 2030യുടെ വെബ്‌സൈറ്റിലൂടെ സൗദി വിശദീകരിക്കുന്നു.

സമ്പദ് വ്യവസ്ഥയും സമൂഹവും ഉദാരമാകുന്നതിന്റെ ഫലമായിട്ടായിരുന്നു വനിതകള്‍ക്ക് രാജ്യത്ത് നിലനിന്നിരുന്ന ഡ്രൈവിംഗ് വിലക്ക് നീക്കാനുള്ള ധീരമായ തീരുമാനം സൗദി കൈക്കൊണ്ടത്. അതുപോലെ തന്നെ സിനിമയ്ക്കുള്ള നിരോധനം നീക്കിയ നടപടി വിനോദ വ്യവസായത്തിന്റെ കുതിപ്പിന് പുതുമാനങ്ങള്‍ നല്‍കുകയും ചെയ്തു.

വിമാനത്താവള പരിഷ്‌കരണം

കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതിയും മുന്നോട്ടുപോയിട്ടില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 7.2 ബില്ല്യണ്‍ ഡോളറിന്റെ റാസ് അല്‍ ഖയര്‍ ഊര്‍ജ്ജ പ്ലാന്റിന്റെ വില്‍പ്പനയും എങ്ങുമെത്തിയിട്ടില്ല.

സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ പ്രായോഗികവല്‍ക്കരിക്കുന്നതില്‍ വരുന്ന കാലതാമസം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ബാധിക്കാന്‍ സാധ്യതയില്ല. എണ്ണ വിലയിലെ ഉയര്‍ച്ച തന്നെയാണ് കാരണം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗദി സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് പരമപ്രധാനമാണ് സ്വകാര്യവല്‍ക്കരണ പദ്ധതികള്‍. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തികരംഗം പൂര്‍ണമായും സര്‍ക്കാരിനെ ആശ്രയിച്ച് നില്‍ക്കുന്ന അവസ്ഥ മാറുന്നത് രാജ്യത്തിന് ഗുണം മാത്രമേ ചെയ്യൂ.

അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കുണ്ടാകുന്ന കാലതാമസം സൗദി അറേബ്യയുടെ സ്വകാര്യവല്‍ക്കരണ പദ്ധതികളുടെ സങ്കീര്‍ണതയാണ് വരച്ചിടുന്നതെന്ന അഭിപ്രായം ശക്തമാണ്. ഈ മാസം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ചൂണ്ടിക്കാണിക്കുന്നത് സൗദിയുടെ സ്വകാര്യവല്‍ക്കരണ നയങ്ങളിലെ പുരോഗതി പതുക്കെ മാത്രമേ സംഭവിക്കുകയുള്ളൂവെന്നാണ്. വേഗത അല്‍പ്പം കുറവാണെങ്കിലും സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്ന അഭിപ്രായത്തില്‍ മിക്കവര്‍ക്കും രണ്ടഭിപ്രായമില്ല.

സമ്പദ് വ്യവസ്ഥയും സമൂഹവും ഉദാരമാകുന്നതിന്റെ ഫലമായിട്ടായിരുന്നു വനിതകള്‍ക്ക് രാജ്യത്ത് നിലനിന്നിരുന്ന ഡ്രൈവിംഗ് വിലക്ക് നീക്കാനുള്ള ധീരമായ തീരുമാനം സൗദി കൈക്കൊണ്ടത്

  • എണ്ണ വില ബാരലിന് 40 ഡോളര്‍ അവസ്ഥയിലേക്ക് കൂപ്പു കുത്തിയ സമയത്താണ് സൗദി സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങിയത്
  • എണ്ണ വിലയിലെ വന്‍ വര്‍ധന കാരണം സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് തിടുക്കം കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് സൗദിയെന്ന് വിലയിരുത്തലുകളുണ്ട്
  • അരാംകോ ഐപിഒ എന്നു നടക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല
  • ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗദിയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് സ്വകാര്യവല്‍ക്കരണം ഗുണം ചെയ്യും
  • സ്വകാര്യവല്‍ക്കരണത്തിലുള്ള നിലിവിലെ മെല്ലെപ്പോക്ക് സൗദിയെ സാമ്പത്തികമായി തല്‍ക്കാലം ബാധിക്കില്ല
  • വിഷന്‍ 2030യുടെ പ്രധാന അജണ്ടയാണ് സ്വകാര്യവല്‍ക്കരണ പദ്ധതികള്‍. അതുകൊണ്ടുതന്നെ സമയമെടുത്താണെങ്കിലും തെരഞ്ഞെടുത്ത കമ്പനികളുടെ ഓഹരിവല്‍പ്പന നടക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

Comments

comments

Categories: Arabia