അതിദാരിദ്ര്യത്തില്‍ റെക്കോഡ് കുറവ്; മന്ദഗതിയില്‍ ആശങ്ക: ലോക ബാങ്ക്

അതിദാരിദ്ര്യത്തില്‍ റെക്കോഡ് കുറവ്; മന്ദഗതിയില്‍ ആശങ്ക: ലോക ബാങ്ക്

കാല്‍ നൂറ്റാണ്ടുകൊണ്ട് അതിദാരിദ്ര്യം 36 ല്‍ നിന്ന് 10 ശതമിനത്തിലേക്ക് കുറഞ്ഞു; 2013-15 കാലഘട്ടത്തിലുണ്ടായ കുറവ് ഒരു ശതമാനം മാത്രം; 2030 ലെ പ്ര്ഖ്യാപിത ലക്ഷ്യം നേടിയെടുക്കാനാവില്ലെന്ന് ആശങ്ക

 

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ അതിദാരിദ്ര്യത്തില്‍ റെക്കോഡ് കുറവുണ്ടായെന്ന് ലോക ബാങ്ക് വ്യക്തമാക്കി. 2015 ലെ കണക്ക് പ്രകാരം അതിദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 10 ശതമാനത്തിലേക്കാണ് താഴ്ന്നത്. 2013 ല്‍ ലോക ജനസംഖ്യയുടെ 11 ശതമാനം ആളുകള്‍ അതി ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സുസ്ഥിരമായ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്ന മാന്ദ്യം ആശങ്കപ്പെടുത്തുന്നതാണെന്നും ബാങ്ക് വ്യക്തമാക്കുന്നു. പ്രതിദിനം 1.9 ഡോളര്‍ ചെലവാക്കാന്‍ വകയില്ലാത്തവരെയാണ് അതിദാരിദ്ര്യ രേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഈ വിഭാഗത്തിലുണ്ടായിരുന്ന 68 ദശലക്ഷം ആളുകള്‍ അതി ദാരിദ്ര്യത്തില്‍ നിന്ന് മോചിതമായെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു. ലോകത്ത് 736 ദശലക്ഷം ആളുകളാണ് 2015 ലെ കണക്കുകള്‍ പ്രകാരം അതിദാരിദ്ര്യത്തില്‍ കഴിയുന്നത്. 2018 ലെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ദാരിദ്ര്യ നിരക്ക് 8.6 ശതമാനത്തിലേക്ക് കുറയുമെന്നാണ് അനുമാനമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു.

‘കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു ബില്യണിലധികം ആളുകള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടിയിട്ടുണ്ട്. ആഗോള ദാരിദ്ര്യ നിരക്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കിലാണ്. നമ്മുടെ കാലത്തെ മാനവരാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്,’ ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോംഗ് കിം പ്രസ്താവനയില്‍ പറഞ്ഞു. 1990 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 36 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് അതിദാരിദ്ര്യം കുറക്കാനായത് അഭിനന്ദനീയമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2013 ഉം 2015ഉം താരതമ്യം ചെയ്യുമ്പോള്‍ സബ് സഹാറന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക പ്രദേശങ്ങളൊഴിച്ച് ലോകത്തെല്ലായിടത്തും മികച്ച നേട്ടമാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ദക്ഷിണേഷ്യയില്‍ 2013 ലെ 16.2 ശതമാനത്തില്‍ നിന്ന് 12.4 ശതമാനത്തിലേക്ക് അതിദരിദ്രരുടെ നിരക്ക് കുറഞ്ഞു. 274.5 ദശലക്ഷം ആളുകളാണ് 2013 അതിദരിദ്ര പട്ടികയിലുണ്ടായിരുന്നതെങ്കില്‍ 2015 എത്തുമ്പോള്‍ ഇത് 216.4 ദശലക്ഷം ആയി കുറഞ്ഞു. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലയില്‍ 4.6 ശതമാനത്തില്‍ നിന്ന് ദരിദ്രരുടെ ശതമാനം 4.1 ലേക്ക് താഴ്ന്നു. യൂറോപ്പ്, മധ്യേഷ്യ വിഭാഗത്തില്‍ 1.6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായാണ് ദാരിദ്ര്യ നിരക്ക് കുറഞ്ഞത്. കിഴക്കന്‍ ഏഷ്യ, പസഫിക് മേഖലയില്‍ 3.6 ശതമാനത്തില്‍ നിന്ന് 2.3 ശതമാനത്തിലേക്കാണ് നിരക്ക് താഴ്ന്നത്. ആശങ്കപ്പെടുത്തുന്ന അവസ്ഥ നിലനില്‍ക്കുന്ന സബ് സഹാറന്‍ ആഫ്രിക്ക മേഖലയില്‍ 42.5 ശതമാനത്തില്‍ നിന്ന് 41.1 ലേക്ക്, നേരിയ കുറവ് മാത്രമാണ് അതിദാരിദ്ര്യത്തിന് ഉണ്ടായിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ ഇക്കാലയളവില്‍ 2.6 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ദരിദ്രരുടെ എണ്ണം വര്‍ധിച്ചതും നിസാരമായി തള്ളിക്കളയാനാവില്ല.

ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതില്‍ മികച്ച നേട്ടം കൈവരിച്ചെങ്കിലും ഭാവിയുടെ ലക്ഷ്യങ്ങളെ ചൊല്ലിയുള്ള ആശങ്ക ലോക ബാങ്ക് മറച്ചു വെക്കുന്നില്ല. 2013-15 കാലയളവില്‍ ഒരു ശതമാനം കുറവ് മാത്രമാണ് ദാരിദ്ര്യ നിരക്കിലുണ്ടായിരിക്കുന്നത്. ലോക രാജ്യങ്ങളിലെ പകുതിയിലധികം രാജ്യങ്ങളില്‍ ദാരിദ്ര്യ നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ ആണെങ്കിലും 2030 ഓടെ ആഗോള ദാരിദ്ര്യ നിരക്ക് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനുള്ള പരിപാടി ലക്ഷ്യം കണ്ടേക്കില്ല. ‘ദാരിദ്ര്യം 2030 ഓടെ അവസാനിപ്പിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്, പ്രത്യേകിച്ച് മൂലധന നിര്‍മാണത്തിലും സമഗ്ര വികസനത്തിലും. പാവപ്പെട്ടവരുടെ നന്മയെക്കരുടെ നാം ഈ ദൗത്യത്തില്‍ പരാജയപ്പെടരുത്,’ ജിം യോംഗ് കിം പറഞ്ഞു. ദാരിദ്ര്യവും അതിന്റെ നിര്‍മാര്‍ജനവും സംബന്ധിച്ച ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് അടുത്ത മാസം 17 ന് ലോക ബാങ്ക് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: Poverty

Related Articles