പിഎന്‍ബിയും ഒബിസിയും ആന്ധ്രാ ബാങ്കും ലയിപ്പിച്ചേക്കും

പിഎന്‍ബിയും ഒബിസിയും ആന്ധ്രാ ബാങ്കും ലയിപ്പിച്ചേക്കും

ഡിസംബര്‍ 31ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനൊരുങ്ങുന്നതിനു പുറമെ മറ്റു മൂന്നു ബാങ്കുകളെ കൂടി ലയിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ കൂടി ലയനം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി), ആന്ധ്രാ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളായിരിക്കും ലയിച്ചൊന്നാകുക. ഈ ബാങ്കുകളെ കൂടി ഏകോപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നതായും ലയനം സംബന്ധിച്ച് ബാങ്കിംഗ് വൃത്തങ്ങളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 31ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ചെറു ബാങ്കുകളെ വന്‍കിട ബാങ്കുകളുമായി ലയിപ്പിച്ച് ഇന്ത്യയുടെ ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള ആദ്യ പടിയെന്നോണം അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ലയിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച തീരുമാനം സെപ്റ്റംബര്‍ 17നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബാങ്കുകളെ ലയിപ്പിക്കുന്നതിന് അടുത്ത ആഴ്ച കേന്ദ്ര കാബിനറ്റ് അനുമതി നല്‍കിയേക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ലയനം പൂര്‍ത്തിയാക്കി 2019 ഏപ്രിലില്‍ ഒറ്റ ബാങ്കായി പ്രര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Banking
Tags: OBC, PNB

Related Articles