100 കോടി വരുമാനം ലക്ഷ്യമിട്ട് പാനസോണിക്

100 കോടി വരുമാനം ലക്ഷ്യമിട്ട് പാനസോണിക്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉപകരണ കയറ്റുമതി വരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ പാനസോണിക്. സാര്‍ക് ( ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക സഹകരണ സഖ്യം), യുഎസ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ആവശ്യകതയാണ് ഈ ലക്ഷ്യത്തിലേക്ക് നയിക്കുന്നതെന്നാണ് കമ്പനിയുടെ നിരീക്ഷണം. ഇലക്ട്രോണിക് കുക്കറുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, വെറ്റ് ഗ്രൈന്‍ഡറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇതിനകം തന്നെ കമ്പനി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 64 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനമായി നേടിയത്.

” ഞങ്ങളെ സംബന്ധിച്ച് സുപ്രധാന കയറ്റുമതി കേന്ദ്രമാണ് ഇന്ത്യ. സാര്‍ക്, ഹോങ്കോംഗ്, മലേഷ്യ, യുഎസ്, തായ്‌ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വന്‍കിട വിപണികള്‍ ഞങ്ങളുടെ ഉപകരണ കയറ്റുമതി ബിസിനസില്‍ ഉള്‍പ്പെടുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി വരുമാനം 60 ശതമാനത്തിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഏകദേശം 100 കോടി രൂപയായിരിക്കും”, പാനസോണിക് അപ്ലൈന്‍സസ് ഇന്ത്യ കമ്പനി എംഡി ഹിഡെനൊറി എസൊ പറഞ്ഞു.

പാനസോണിക് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസിന്റെ ഏകദേശം ആറ് ശതമാനമാണ് ചെറുകിട ഉപകരണ ബിസിനസ്. നിലവില്‍ 43 രാജ്യങ്ങളിലേക്കാണ് പാനസോണിക് ഉപകരണങ്ങള്‍ കയറ്റി അയക്കുന്നത്. വളര്‍ച്ചാ ആവശ്യകത കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശാലയുടെ ശേഷി വര്‍ധിപ്പിക്കാനും 30 കോടി രൂപ നിക്ഷേപം നടത്താനുമാണ് കമ്പനിയുടെ പദ്ധതി.

Comments

comments

Categories: Business & Economy
Tags: Panasonic