ജുമയ്‌റയുടെ പുതിയ ചൈന ഹോട്ടല്‍ തുറന്നു

ജുമയ്‌റയുടെ പുതിയ ചൈന ഹോട്ടല്‍ തുറന്നു

യാംഗ്റ്റ്‌സെ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടല്‍ പലര്‍ക്കും വിസ്മയമാവുകയാണ്

ദുബായ്: ചൈനയിലെ വികസന പദ്ധതികളുടെ ഭാഗമായി ദുബായിലെ ജുമയ്‌റ ഗ്രൂപ്പ് പുതിയ ഹോട്ടല്‍ തുറന്നു. ജുമയ്‌റ നാന്‍ജിംഗ് എന്ന പേരിലാണ് യാംഗ്റ്റ്‌സെ നദിയുടെ തീരത്ത് പുതിയ ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഹെക്‌സി ന്യൂ ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഇന്റര്‍നാഷണല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിലെ നോര്‍ത്ത് ടവറിലാണ് ജുമയ്‌റയുടെ ആഡംബര ഹോസ്പിറ്റാലിറ്റി കേന്ദ്രം.

212 റൂമുകളും 49 സ്യൂറ്റുകളുമാണ് ഹോട്ടലിലുള്ളത്. നിരവധി ഫുഡ് ആന്‍ഡ് ബെവറെജസ് ഔട്ട്‌ലെറ്റുകളുമുണ്ട്. ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോവിലെ മൂല്യവത്തായ ഒരു കൂട്ടിച്ചേര്‍ക്കലാണ് ജുമയ്‌റ നാന്‍ജിംഗ്-ജുമയ്‌റ ഗ്രൂപ്പ് സിഇഒ ജോസ് സില്‍വ പറഞ്ഞു.

നഗരത്തിലെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാണ് തങ്ങളുടെ ഹോട്ടലെന്നും ജോസ് സില്‍വ കൂട്ടിച്ചേര്‍ത്തു. ജുമയ്‌റയുടെ ആഗോള വികസന തന്ത്രങ്ങളില്‍ സുപ്രധാന പങ്കുവഹിക്കാന്‍ ചൈനയിലെ ഹോട്ടലിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ സംരംഭത്തോടുകൂടി ജുമയ്‌റയ്ക്ക് ലോകത്തിന്റെ വിവിധയിടങ്ങളിലായി 22 ഹോട്ടലുകളും റിസോര്‍ട്ടകളുമായി.

ഈ വര്‍ഷം ആദ്യം ബഹ്‌റൈനിലെ തങ്ങളുടെ ആദ്യ ഹോട്ടല്‍ ജുമയ്‌റ ഗ്രൂപ്പ് തുറന്നിരുന്നു. ജുമയ്‌റ റോയല്‍ സരയ് എന്ന പേരിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സമ്മര്‍ ഹൗസുകളും രാജകീയ ശൈലിയിലുള്ള താമസസൗകര്യങ്ങളുമാണ് ബഹ്‌റൈന്‍ പ്രോപ്പര്‍ട്ടിയുടെ പ്രത്യേകത. 174 റൂമുകളുള്ള ബഹ്‌റൈനിലെ ഹോട്ടല്‍ അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് ജുമയ്‌റയുടെ സിഇഒ ആയി ജോസ് സില്‍വയെ നിയമിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചത്. ഗ്രൂപ്പിന്റെ ആഗോള വികസന പദ്ധതികള്‍ മുന്നില്‍ കണ്ടായിരുന്നു 35 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള അദ്ദേഹത്തെ കമ്പനിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത്. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള വ്യാപനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജോസ് സില്‍വയാണ്.

Comments

comments

Categories: Arabia
Tags: Jumeirah

Related Articles