പത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതിയ നേതൃത്വം

പത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതിയ നേതൃത്വം

ദേനാ ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ബറോഡയെയും ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ദേനാ ബാങ്കിന് പുതിയ മേധാവിയെ നിയോഗിച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളില്‍ പുതിയ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരെ (സിഇഒ) കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റി പത്ത് ബാങ്കുകളിലേക്കുള്ള പുതിയ സാരഥികളുടെ നിയമനത്തിന് അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍. ഇതിലുള്‍പ്പെട്ട പല്ലവ് മോഹപത്ര ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെ നയിക്കും. ജെ പാക്കിരിസാമിയെ ആന്ധ്രാ ബാങ്കിന്റെ എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി നിയമിച്ചു. മൃത്യുഞ്ജയ് മഹാപത്രയെ സിന്‍ഡിക്കേറ്റ് ബാങ്കിലും പദ്മജ ചുന്ദ്രുവിനെ ഇന്ത്യന്‍ ബാങ്കിലും കര്‍ണം ശേഖറിനെ ദേനാ ബാങ്കിലും എംഡിയും സിഇഒയുമായി നിയമിച്ചു.
ദേനാ ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ബറോഡയെയും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ദേനാ ബാങ്കിന് പുതിയ മേധാവിയെ നിയോഗിച്ചിരിക്കുന്നത്. 2020 ജൂണ്‍ വരെയാണ് കര്‍ണം ശേഖറിന്റെ കാലാവധി. അതേസമയം, മൂന്ന് ബാങ്കുകളും തമ്മിലുള്ള ലയനം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബാങ്കുകളുടെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ എ എസ് രാജീവിനെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എംഡിയും സിഇഒയുമായും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ അശോക് കുമാര്‍ പ്രധാനിനെ അതേ ബാങ്കിന്റെ പുതിയ സാരഥിയായും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എസ് എസ് മല്ലികാര്‍ജുന റാവു അലഹബാദ് ബാങ്കിന്റെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ അതുല്‍ കുമാര്‍ ഗോയല്‍ യുകോ ബാങ്കിന്റെയും അലഹബാദ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എസ് ഹരിശങ്കര്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെയും എംഡിയും സിഇഒയുമാകും. ഇതില്‍ ചിലരുടെ കാലാവധി അവര്‍ വിരമിക്കുന്നതു വരെയാണ്. മറ്റുള്ളവരുടെ നിയമനം മൂന്ന് വര്‍ഷത്തേക്കാണ്. രണ്ട് വര്‍ഷം കൂടി കാലവാധി നീട്ടാനുള്ള വ്യവസ്ഥയും ഇതോടൊപ്പമുണ്ട്.

Comments

comments

Categories: Banking