ബെയ്ജിംഗ് കൂടുതല്‍ റോഡുകള്‍ അനുവദിച്ചു

ബെയ്ജിംഗ് കൂടുതല്‍ റോഡുകള്‍ അനുവദിച്ചു

പുതുതായി അനുവദിച്ച പതിനൊന്ന് പാതകളും ബെയ്ജിംഗിലെ ഫാങ്ഷാന്‍ ജില്ലയിലാണ്

ബെയ്ജിംഗ് : സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ പരീക്ഷണത്തിന് ബെയ്ജിംഗ് തലസ്ഥാന നഗരിയില്‍ കൂടുതല്‍ റോഡുകള്‍ അനുവദിച്ചു. പുതുതായി പതിനൊന്ന് പാതകളാണ് അനുവദിച്ചിരിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കൂടുതല്‍ വേഗത്തില്‍ വികസിപ്പിക്കുന്നതിന് അടിസ്ഥാനസൗകര്യമൊരുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്. ബെയ്ജിംഗിലെ ഫാങ്ഷാന്‍ ജില്ലയിലാണ് പതിനൊന്ന് പാതകളും.

ഈ പാതകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നതിന് കര്‍ശന നിബന്ധനകളാണ് ബെയ്ജിംഗിലെ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിന് മുമ്പായി താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണമെന്നാണ് ഒരു വ്യവസ്ഥയെന്ന് ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദ്ദിഷ്ട ‘ക്ലോസ്ഡ് ടെസ്റ്റ് ഫീല്‍ഡുകളില്‍’ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ 5,000 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കേണ്ടതായി വരും. കൂടാതെ മറ്റ് ചില മാനദണ്ഡങ്ങളില്‍ വിജയിക്കുകയും വേണം.

പരീക്ഷണത്തിന് ഉപയോഗിക്കുന്ന കാറുകളില്‍ റിയല്‍-ടൈം ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കണം. ഇത് പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കപ്പെടും. ഓട്ടോണമസ് കാറില്‍ ഇരിക്കുന്ന ഡ്രൈവര്‍ അമ്പത് മണിക്കൂറില്‍ കുറയാത്ത പരിശീലനം നേടിയിരിക്കണം. പരീക്ഷണ ഓട്ടത്തിനിടെ അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇദ്ദേഹത്തിന് കഴിയണമെന്നും ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വയമോടുന്ന വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് ഇതാദ്യമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 33 പാതകള്‍ ബെയ്ജിംഗ് അനുവദിച്ചുനല്‍കിയിരുന്നു.

Comments

comments

Categories: Auto
Tags: Beijing