മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലളിതമാക്കി

മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലളിതമാക്കി

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവാധി പൂര്‍ത്തിയായാല്‍ 50 മില്യണ്‍ ഡോളര്‍ വരെ വിദേശ വാണിജ്യ വായ്പ സ്വീകരിക്കാന്‍ അനുമതി

മുംബൈ: മാനുഫാക്ച്ചറിംഗ് മേഖലയിലെ കമ്പനികള്‍ക്ക് വിദേശ വാണിജ്യ വായ്പായെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലഘൂകരിച്ചു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള അനുമതിയും കേന്ദ്ര ബാങ്ക് നല്‍കിയിട്ടുണ്ട്. രൂപയുടെ മൂല്യ ശോഷണം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണിത്.

വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി വര്‍ധന സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുമുള്ള നിരവധി നടപടികള്‍ കേന്ദ്രം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദേശ വാണിജ്യ വായ്പകള്‍ എടുക്കുന്നതിനുള്ള നിബന്ധനകള്‍ ഉദാരമാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുത്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നു.
പരിഷ്‌കരിച്ച നിയമം അനുസരിച്ച് മാനുഫാക്ച്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവാധി പൂര്‍ത്തിയായാല്‍ 50 മില്യണ്‍ ഡോളര്‍ വരെ വിദേശ വാണിജ്യ വായ്പ സ്വീകരിക്കാന്‍ അനുമതി ലഭിക്കും. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായ മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. മസാല ബോണ്ടുകളുടെ വിപണനം സംബന്ധിച്ച നയത്തിലും കേന്ദ്ര ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ മസാല ബോണ്ടുകളുടെ അണ്ടര്‍റൈറ്റേഴ്‌സ് എന്ന നിലയ്ക്കുള്ള അധികാരം മാത്രമാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുണ്ടായിരുന്നത്. ബോണ്ടുകള്‍ പുറത്തിറക്കി ആറുമാസങ്ങള്‍ക്കു ശേഷം മൊത്തം ബോണ്ട് തുകയുടെ 5 ശതമാനത്തില്‍ കൂടുതല്‍ ബാങ്കുകളുടെ കൈവശമായിരിക്കരുത് എന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍, പുതിയ നിയമ പ്രകാരം ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അണ്ടര്‍റൈറ്റേഴ്‌സായോ മാര്‍ക്കറ്റ് മേക്കേഴ്‌സ് ആയോ വിപണനക്കാരായോ രൂപയിലുള്ള ബോണ്ടുകളുടെ വിപണനത്തില്‍ പങ്കുകൊള്ളാമെന്ന് ആര്‍ബിഐ ഉത്തരവില്‍ പറയുന്നു.

Comments

comments

Categories: Business & Economy