ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ കൂടുതല്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ കൂടുതല്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍

റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഡിസ്‌കവറി മോഡലുകളിലാണ് പുതിയ ഫീച്ചറുകള്‍ നല്‍കിയത്

ന്യൂഡെല്‍ഹി : ഇന്‍കണ്‍ട്രോള്‍ പാക്കേജിന് കീഴിലായി റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഡിസ്‌കവറി മോഡലുകളില്‍ ജെഎല്‍ആര്‍ ഇന്ത്യ പുതിയ കണക്റ്റിവിറ്റി ഫീച്ചറുകള്‍ നല്‍കി. 2017 ല്‍ അവതരിപ്പിച്ച ഇന്‍കണ്‍ട്രോള്‍ പാക്കേജിന്റെ ഭാഗമായി 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് നല്‍കിവരുന്നുണ്ട്. ലാന്‍ഡ് റോവര്‍ ഓപ്റ്റിമൈസ്ഡ് അസിസ്റ്റന്‍സ്, എസ്ഒഎസ് എമര്‍ജന്‍സി കോള്‍ എന്നിവയാണ് പുതുതായി പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊട്ടക്റ്റ്, റിമോട്ട് പ്രീമിയം, സെക്യൂര്‍ ട്രാക്കര്‍ എന്നീ മൂന്ന് കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്‍കണ്‍ട്രോള്‍ പാക്കേജ്.

ബ്രേക്ക്ഡൗണ്‍ സാഹചര്യങ്ങളില്‍ ഉപയോക്താക്കളെ സഹായിക്കാനുള്ളതാണ് പ്രൊട്ടക്റ്റ് ഫീച്ചര്‍. ഓവര്‍ഹെഡ് കണ്‍സോളിന്റെ ഇടത് ഭാഗത്താണ് ‘ഓപ്റ്റിമൈസ്ഡ് അസിസ്റ്റന്‍സ്’ ബട്ടണ്‍ നല്‍കിയിരിക്കുന്നത്. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടമയും ഹെല്‍പ്പ്‌ലൈന്‍ ഓപ്പറേറ്ററും തമ്മില്‍ കണക്റ്റ് ചെയ്യപ്പെടും. ശേഷം സര്‍വീസ് യൂണിറ്റുമായി ഇദ്ദേഹം വാഹനത്തിനടുത്ത് എത്തും. ‘ഇന്‍കണ്‍ട്രോള്‍ റിമോട്ട്’ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയും ഓപ്റ്റിമൈസ്ഡ് അസിസ്റ്റന്‍സ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ഗുരുതരമാണ് കാര്യങ്ങളെങ്കില്‍ എസ്ഒഎസ് എമര്‍ജന്‍സി കോള്‍ ഓട്ടോമാറ്റിക്കായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമായി കണക്റ്റ് ചെയ്യും. വാഹനത്തിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കും. മാന്വലായും എമര്‍ജന്‍സി അസിസ്റ്റന്‍സ് തേടാം. ഇതിനായി ഓവര്‍ഹെഡ് കണ്‍സോളിലെ വലത് വശത്തെ ബട്ടണ്‍ അമര്‍ത്തണം.

ആപ്പ് വഴി വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് റിമോട്ട് പ്രീമിയം ഫീച്ചര്‍. വിദൂരത്തിരുന്ന് വാഹനവുമായി ആശയവിനിമയം നടത്താന്‍ ഉടമയ്ക്ക് സാധിക്കും. വിദൂരത്തിരുന്ന് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ താപനില ക്രമീകരിക്കാനും അലാം അടിക്കുമ്പോള്‍ അലര്‍ട്ടുകള്‍ ലഭ്യമാക്കാനും വിദൂരത്തിരുന്ന് വാഹനം ലോക്ക്/അണ്‍ലോക്ക് ചെയ്യാനും ഈ ആപ്പ് സഹായിക്കും. അനവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെങ്കില്‍ ഹോണ്‍ മുഴക്കിയും ലൈറ്റുകള്‍ തെളിയിച്ചും സ്വന്തം വാഹനം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കും.

ഇന്‍കണ്‍ട്രോള്‍ പാക്കേജിലെ മൂന്നാമത്തെ ഫീച്ചറാണ് സെക്യൂര്‍ ട്രാക്കര്‍. വാഹനം കേടുവരുത്തുകയോ മോഷണം പോവുകയോ ചെയ്താല്‍ ആപ്പ് വഴി ഉടമയെ ഉടന്‍ അലര്‍ട്ട് ചെയ്യും. മോഷണം പോയ വാഹനം എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയിക്കും. അധിക കണക്റ്റിവിറ്റി ഫീച്ചറുകള്‍ നല്‍കിയപ്പോഴും മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ ജെഎല്‍ആര്‍ ഇന്ത്യ തയ്യാറായില്ല.

Comments

comments

Categories: Auto
Tags: Land Rover