കണ്ണൂരില്‍ ആദ്യ യാത്രാവിമാനമിറങ്ങി

കണ്ണൂരില്‍ ആദ്യ യാത്രാവിമാനമിറങ്ങി

മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടന തീയതിയില്‍ തീരുമാനമുണ്ടാകും

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്( കിയാല്‍)ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പരിശോധനയുടെ ഭാഗമായി വലിയ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണ ലാന്‍ഡിംഗ് ഇന്നലെ നടന്നു. തിരുവനന്തപുരത്തു നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 738-800 വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിനു ശേഷം ലാന്‍ഡ് ചെയ്തത്. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയതിനു ശേഷമാണ് ലാന്‍ഡിംഗ് നടത്തിയത്. ചെറുവിമാനങ്ങള്‍ പലതവണ ഇറക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങുന്നത്. കിയാല്‍ എംഡി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും പരീക്ഷണപറക്കലിനു സാക്ഷ്യം വഹിച്ചു.
താഴ്ന്നു പറക്കുന്ന ടച്ച് ആന്‍ഡ് ഗോ, ഏതെങ്കിലും സാഹചര്യത്തില്‍ വിമാനം ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ തിരികെ പറക്കുന്ന മിസ്ഡ് അപ്രോച്ച് എന്നിവയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പരീക്ഷിച്ചു. പരീക്ഷണ പറക്കല്‍ മൂന്ന് മണിക്കൂറോളം തുടര്‍ന്നു. കര്‍ണാടക സ്വദേശിയായ കമാന്‍ഡര്‍ ക്യാപ്റ്റന്‍ എ എസ് റാവുവാണ് വിമാനം പറത്തിയത്. ഡിജിസിഎ ഉദ്യോഗസ്ഥന്‍, എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് എയര്‍ക്രാഫ്റ്റ് എന്‍ജിനിയര്‍മാര്‍ എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നു.
പല തവണ ലാന്‍ഡിംഗും ടേക്ക് ഓഫും നടത്തിയതിലൂടെ റണ്‍വെയുടെയും മറ്റ് സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തി. രണ്ട് ദിവസമായി ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്റെ നടപടികളിലേക്ക് കടന്നത്. ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കുകയാണ്.
പരീക്ഷണ പറക്കല്‍ സംബന്ധിച്ച ഡിജിസിഎയുടെ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വാണിജ്യാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി മന്ത്രാലയത്തില്‍ നിന്നും ലഭിക്കും. വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാല്‍ ഈ മാസം തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ കഴിഞ്ഞ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നാണ് അടുത്ത വൃത്തങ്ങല്‍ നല്‍കുന്ന സൂചന.
ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ സ്വകാര്യ വിമാന കമ്പനികള്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകല്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ ആഭ്യന്തര വിമാന സര്‍വീസുകളും കണ്ണൂരില്‍ നിന്ന് ഉണ്ടാകും.

Comments

comments

Categories: FK News