ജൂലൈയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു

ജൂലൈയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു

22-25 പ്രായത്തിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒന്നാമത്

ന്യൂഡെല്‍ഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) തയാറാക്കിയ പുതിയ പേറോള്‍ ഡാറ്റ (ശമ്പളം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഒരു കമ്പനിയുടെ ജീവനക്കാരുടെ പട്ടിക) പ്രകാരം ഇക്കഴിഞ്ഞ ജൂലൈ മാസം ഓദ്യോഗിക മേഖലയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പേറോള്‍ ഡാറ്റ ലഭ്യമായ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു മാസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ 52.30 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

നെറ്റ് പേറോള്‍ ഡാറ്റ അനുസരിച്ച് 22-25 പ്രായത്തിലുള്ള ഉദ്യാര്‍ത്ഥികള്‍ക്ക് കയറ്റുമതി സേവനം, ഇലക്ട്രിക്, മെക്കാനിക്കല്‍ /ജനറല്‍ എന്‍ജിനീയറിംഗ് പ്രൊഡക്റ്റ്, ട്രേഡിംഗ്, എന്‍ജിനീയര്‍ കോണ്‍ട്രാക്റ്റര്‍, ബ്രില്‍ഡിംഗ് & കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി, മാനുഫാക്ചറിംഗ്, ടെക്‌സ്റ്റെല്‍സ്, ആശുപത്രി, വ്യവസായങ്ങള്‍ക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ നിര്‍മാണം, ക്ലീനിംഗ് ബിസിനസ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായത്. അതുപോലെ ഈ പ്രായത്തിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. ഇക്കാര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്. ഹരിയാന, ഡെല്‍ഹി എന്നിവരാണ് ആദ്യ ആറു സ്ഥാനങ്ങളിലുള്ളത്.

ഇപിഎഫ്ഒയ്ക്കു കീഴിലുള്ള സമ്പാദ്യ പദ്ധതിയായ ഇപിഎഫിന്റെ പുതിയ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ നിന്ന് പുറത്തുപോയ അംഗങ്ങളുടെ നമ്പര്‍ കുറക്കുകയും ഇതിനോട് പോയശേഷം തിരിച്ചുവന്ന അംഗങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തുകൊണ്ടാണ് നെറ്റ് പേറോള്‍ ഡാറ്റ തയാറാക്കുന്നത്. ഇന്ത്യയില്‍ ഇരുപതോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇതിനായി ശേഖരിക്കപ്പെടുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ജീവനക്കാരുടെ എണ്ണം 20 ന് താഴെയായ സ്ഥാപനങ്ങളുടെ വിവരങ്ങളും പരിഗണിക്കാറുണ്ട്. പ്രതിമാസം 15,000 രൂപയാണ് ഇതിലെ പേമെന്റ് പരിധി. 15,000 ലധികം പേമെന്റ് നേടുന്ന വ്യക്തികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ അംഗത്വം നല്‍കാറുണ്ട്.

രാജ്യത്തെ ഔദ്യോഗിക മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ കണക്കെടുക്കുമ്പോള്‍ പേറോള്‍ വിവരങ്ങളുടെ പ്രധാന്യം വളരെ വലുതാണ്. രാജ്യത്തെ പല ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പുറത്തുവരുന്ന തൊഴിലവസരങ്ങളുടെ കണക്കും ഇപിഎഫ്ഒ, എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം), ഇഎസ്‌ഐസി (എംപ്ലോയി സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) എന്നിവയുടെ കീഴില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പേറോള്‍ കണക്കും തമ്മില്‍ പലപ്പോഴും വലിയ വ്യത്യാസം വരാറുണ്ട്. ഇന്ത്യയില്‍ മറ്റ് സമ്പദ്‌വ്യവസ്ഥകളേപ്പോലെ തന്നെ മാസാടിസ്ഥാനത്തിലുള്ള പേറോള്‍ റിപ്പോര്‍ട്ടിംഗ് വേണമെന്ന് ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇപിഎഫ്ഒ, എന്‍പിഎസ്, ഇഎസ്‌ഐസി ഗുണഭോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച സ്ഥിതി വിവരകണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള വിവരങ്ങളെ ആധാരമാക്കി ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലുള്ള ആദ്യ കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്.

Comments

comments

Categories: Current Affairs