വരിക്കാരുടെ എണ്ണത്തില്‍ ജിയോ രണ്ടാം സ്ഥാനത്ത്

വരിക്കാരുടെ എണ്ണത്തില്‍ ജിയോ രണ്ടാം സ്ഥാനത്ത്

ലയനം പൂര്‍ത്തിയാക്കിയതോടെ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് ഒന്നാമതെത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം ടെലികോം മേഖലയില്‍ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണിനെയും ഐഡിയ സെല്ലുലാറിനെയും പിന്തള്ളി റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തിയെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ആദ്യം വോഡാഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനി രൂപീകൃതമായിരുന്നു. ഇതിനു മുമ്പുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഓരോ മാസവും വരിക്കാരുടെ എണ്ണം ജിയോ കാര്യമായി കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും ജൂണ്‍ അവസാനം വരെ ഐഡിയ സെല്ലുലാറിന് തൊട്ടുപിന്നിലായി കമ്പനി നാലാം സ്ഥാനത്തായിരുന്നു. ജൂണ്‍ അവസാനം മൊത്തം 215 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. ജൂലൈയില്‍ 12 മില്യണ്‍ ഉപയോക്താക്കളെ കൂടി കൂട്ടിച്ചേര്‍ത്ത് 227 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നിലയിലേക്ക് ജിയോ എത്തി. ഐഡിയക്ക് 2213 മില്യണ്‍ ഉപയോക്താക്കളും വോഡഫോണിന് 223 മില്യണ്‍ ഉപയോക്താക്കളുമാണ് ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഉണ്ടായിരുന്നത്.
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെലിനേക്കാളും മുന്നിലാണ് ലയനത്തിനു ശേഷം വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് രൂപീകൃതമായതിനു ശേഷം ജിയോയുടെ സ്ഥാനം മൂന്നാം സ്ഥാനത്താണ്. ജൂലൈ അവസാനത്തില്‍ ഭാരതി എയര്‍ടെലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 345 മില്യണ്‍ ആണ്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ജിയോയിലേക്കുള്ള പുതിയ വരിക്കാരുടെ എണ്ണത്തില്‍ 50 ശതമാനംവും ജിയോഫോണിന്റെ വിതരണത്തിലൂടെയാണ് ഉണ്ടായതെന്നാണ് കണക്കുകള്‍. പഴയ ഫീച്ചര്‍ ഫോണുകള്‍ക്ക് പകരം ജിയോയുടെ 4ജി ഫോണുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതിനു ശേഷമാണ് കൂടുതലായും പുതിയ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ഇതിനു മുമ്പ് പ്രതിമാസം, 6-7 മില്യണ്‍ ഉപയോക്താക്കളെയാണ് ജിയോ കൂട്ടിച്ചേര്‍ത്തിരുന്നത്. ജിയോ ഫോണിന്റെ വരവോടെ ഇത് 10 മുതല്‍ 12 മില്യണ്‍ വരിക്കാരെ എന്ന നിലയിലേക്ക് ഉയര്‍ന്നു.

Comments

comments

Categories: Tech
Tags: Jio