ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി കാനഡ

ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി കാനഡ

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്നൊവേഷനു വേണ്ടിയാണെന്ന് കനേഡിയന്‍ ഇന്നൊവേഷന്‍ മന്ത്രി

ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. വടക്കേ അമേരിക്കന്‍ സ്വതന്ത്രവാണിജ്യ കരാര്‍( NAFTA) അനിശ്ചിതത്തിലായ ഘട്ടത്തിലാണ് കാനഡ വ്യാപര ബന്ധങ്ങളില്‍ വൈവിധ്യവല്‍ക്കരണത്തിന് ശ്രമം നടത്തുന്നത്. യുഎസുമായി നാഫ്റ്റ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ തങ്ങളുടെ നിക്ഷേപം വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ശ്രമം നടത്തണമെന്നാണ് കനേഡിയന്‍ സര്‍ക്കാരും ബിസിനസ് സ്ഥാപനങ്ങളും തീരുമാനിച്ചിരിക്കുന്നതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങളിലെ ഗവേഷണങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കാനഡ ഇതിനകം ഇന്ത്യയുമായി ഫലപ്രദമായ ഉടമ്പടികളില്‍ ഏത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടൊറോന്റോയില്‍ വെച്ച് നടന്ന ‘ഇന്‍വെസ്റ്റ് ഇന്ത്യ കോണ്‍ഫറന്‍സി’ന്റെ രണ്ടാം എഡിഷനില്‍ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞരും ബിസിനസ് നേതാക്കളും പങ്കെടുത്തിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ വികാസ് സ്വരൂപും ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധി നദീര്‍ പട്ടേലുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
പരിപാടിയില്‍ പങ്കെടുത്ത ഇന്‍ഡോ-കനേഡിയന്‍ വ്യവസായിയും ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സിഇഒയുമായ പ്രേം വാസ്ത, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍( എച്ച്ഡിഎഫ്‌സി) ചെയര്‍മാന്‍ ദീപക് പരേഖ് എന്നിവര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
നിക്ഷേപം നടത്താനുള്ള ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനാണ് ഇന്ത്യ എന്ന് പ്രേം വാസ്ത പറഞ്ഞു. നിക്ഷേപത്തിനാവശ്യമായ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ തന്റെ ബിസിനസ് പദ്ധതികള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനാലാണ് ചൈനയേക്കാള്‍ ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും കോണ്‍ഫറന്‍സിനു ശേഷം വാസ്ത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 15 ട്രില്യണ്‍ ഡോളറിലേക്ക് വളരുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ജിഎസ്ടി, ആധാര്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കനേഡിയന്‍ വ്യവസായികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായി സര്‍ക്കാര്‍ കൂടുതലായി ചെലവഴിക്കുന്നത് നിര്‍മാണ മേഖലയിലൂടെ കൂടുതല്‍ ശക്തിയോടെ വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്നൊവേഷനു വേണ്ടിയാണെന്ന് കനേഡിയന്‍ ഇന്നൊവേഷന്‍ മന്ത്രി നവ്ദീപ് ബെയ്ന്‍സ് പറഞ്ഞു.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ ഒന്ന് കാനഡയിലെ പ്രധാന ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ടിം ഹോര്‍ടണ്‍സാണ്. രുചികരമായ കാപ്പി, ഡോനട്ട് എന്നിവയ്ക്ക് പേരുകേട്ട ടിം ഹോര്‍ടണ്‍സ് ഇന്ത്യയില്‍ ഉടന്‍ റെസ്‌റ്റോറന്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Comments

comments

Categories: Top Stories
Tags: India-Canada