വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടിക്കായി രജിസ്റ്റര്‍ ചെയ്യണം

വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടിക്കായി രജിസ്റ്റര്‍ ചെയ്യണം

ഒക്‌റ്റോബര്‍ 1 മുതല്‍ ഉറവിട നികുതി ശേഖരണം; 2.5 ലക്ഷം രൂപക്ക് മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സംസ്ഥാന, കേന്ദ്ര ജിഎസ്ടികള്‍

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍, ഗൂഗിള്‍ അടക്കമുള്ള വിദേശ കമ്പനികള്‍ 10 ദിവസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ചരക്ക് സേവന നികുതിക്കായി (ജിഎസ്ടി) രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്രോതസില്‍ നിന്നുള്ള നികുതി ശേഖരണം (ടിസിഎസ്) ഒക്‌റ്റോബര്‍ 1 മുതല്‍ കമ്പനികള്‍ ആരംഭിക്കണമെന്നാണ്് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടിസിഎസ് ചട്ടങ്ങള്‍ പാലിക്കേണ്ടതിന് ഓരോ സംസ്ഥാനങ്ങളിലും ഇ-കൊമേഴ്‌സ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്. ഇകോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ വില്പന നടത്തുന്ന വ്യപാരികളില്‍ നിന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ ശേഖരിക്കേണ്ട നികുതിയാണ് ടിസിഎസ്.

ചെലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ രജിസ്‌ട്രേഷന് പകരം ഏക രജിസ്‌ട്രേഷന്‍ വേണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ ഏക രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. 2.5 ലക്ഷം രൂപക്ക് മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സംസ്ഥാന ജിഎസ്ടിയും, അത്ര തന്നെ കേന്ദ്ര ജിഎസ്ടിയും അടക്കണം. സാധനങ്ങള്‍ വിറ്റുപോകുമ്പോള്‍ ഈ നികുതി തുക കിഴിച്ച് വേണം ഇ-കൊമേഴ്‌സ് കമ്പനി, വ്യാപാരികള്‍ക്ക് തുക കൈമാറാന്‍. നികുതി വെട്ടിപ്പ് തടയാനാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍, വില്‍പ്പനക്കാരന്‍ ഇന്ത്യയുടെ പുറത്താണെങ്കില്‍ ടിസിഎസ് ബാധ്യത ചുമത്താറില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ഇ-കൊമേഴ്‌സ് കമ്പനികളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസും (സിബിഇസി) തമ്മില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്.

മാനദണ്ഡങ്ങള്‍ പ്രകാരം നിരക്കുകള്‍ 1 ശതമാനം വരെയെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നിലവില്‍ 0.5 ശതമാനം വീതം കേന്ദ്ര-സംസ്ഥാന ജിഎസ്ടി ഈടാക്കാനാണ് തീരുമാനം. ആകെ ഒരു ശതമാനത്തിന്റെ നിരക്കിളവ് ഇത് മൂലം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കും. അത് സര്‍ക്കാരിലേക്ക് നിക്ഷേപിക്കണം. വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കായി കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് നികുതി വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

Comments

comments

Categories: Business & Economy