പ്രകൃതി സൗഹാര്‍ദ ടൂത്ത്ബ്രഷ് വികസിപ്പിച്ച് പതിമൂന്നുകാരന്‍

പ്രകൃതി സൗഹാര്‍ദ ടൂത്ത്ബ്രഷ് വികസിപ്പിച്ച് പതിമൂന്നുകാരന്‍

മത്തന്‍ ചെടിയുടെ ഉണങ്ങിയ വള്ളിയും പനമരത്തിന്റെ നാരുകളും ഉപയോഗിച്ചാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പതിമൂന്നുകാരന്‍ പ്രകൃതിക്കിണങ്ങും വിധത്തില്‍ ബ്രഷ് നിര്‍മിച്ചിരിക്കുന്നത്

പ്ലാസ്റ്റിക്കുകള്‍ക്ക് ബദല്‍ കണ്ടുപിടിക്കുന്ന കാലമാണിത്. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ ഉപയോഗയോഗ്യമായ എന്തിനും ഇന്ന് വിപണിയിലും ഡിമാന്‍ഡ് ഏറിവരുന്നു. എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ടൂത്ത്ബ്രഷും പ്ലാസ്റ്റിക്കിലുള്ളതാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിമാസം 150 ദശലക്ഷം ടൂത്ത്ബ്രഷുകളാണ് ഉപയോഗയോഗ്യമല്ലാതാകുമ്പോള്‍ വലിച്ചെറിയപ്പെടുന്നവയുടെ നിരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ മലിനീകരണത്തെ കുറിച്ച് പലരും ബോധവാന്‍മാരാകുന്നുമില്ല.

പ്ലാസ്റ്റിക്കിന് പകരക്കാരെ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ പല കമ്പനികളും ബയോഡീഗ്രെയ്ഡബിള്‍ ആയതും പ്ലാസ്റ്റിക്, ബിപിഎ രഹിതവുമായ പ്രകൃതി സൗഹാര്‍ദ ടൂത്ത് ബ്രഷുകളിലേക്ക് അന്വഷിച്ചു തുടങ്ങി. ഈ നിരയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തത്തിന്റെ വാര്‍ത്തകള്‍ ആന്ധ്രാപ്രദേശിലെ ധര്‍മവാരം ഗ്രാമത്തിലാണ് ഇപ്പോഴുള്ളത്. അതും വെറും പതിമൂന്നു വയസ് പ്രായമുള്ള കെ തേജ എന്ന ആണ്‍കുട്ടിയാണ് ഈ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. പ്ലാസ്റ്റിക്കിനു ബദലായി തേജ കണ്ടത്തിയ ടൂത്ത്ബ്രഷ് ഹാന്‍ഡില്‍ നൂറു ശതമാനവും പ്രകൃതിദത്തം എന്നു നിസംശയം പറയാനാകും. മത്തന്‍ ചെടിയുടെ ഉണങ്ങിയ വള്ളിയാണ് ഈ കൊച്ചു പയ്യന്‍ ബ്രഷിന്റെ ഹാന്‍ഡില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.

ബ്രഷ് നിര്‍മാണത്തിന് മത്തന്‍ ചെടിയും പനമരവും

പ്ലാസ്റ്റിക്ക് ബ്രഷിനു പകരക്കാരനെ തേടി നടന്ന തേജ വീടുകളില്‍ ലഭിക്കുന്ന എല്ലാവിധ തടികളും പരീക്ഷിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവില്‍ സ്വന്തം വീടിന്റെ അടുക്കള തോട്ടത്തിലുള്ള മത്തന്‍ ചെടിയിലായി അവസാന പരീക്ഷണം, ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. ഇതു കൊണ്ടു നിര്‍മിച്ച ബ്രഷിന് മറ്റു ബ്രഷുകളുടെയത്ര ഭാരമില്ല എന്നതും പ്രത്യേകതയാണ്.

തേജ കണ്ടുപിടിച്ച പ്രകൃതിദത്ത ബ്രഷില്‍ പനമരത്തിന്റെ നാരുകള്‍ മൃദുവാക്കിയാണ് ബ്രഷ് നാരുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് പല്ലിന്റെ മോണകള്‍ക്ക് വേദന ഉണ്ടാക്കുകയില്ല. കുറഞ്ഞത് പത്തു തവണ ഈ ബ്രഷ് ഉപയോഗിക്കാമെന്നാണ് തേജയുടെ അവകാശവാദം. അതിനുശേഷം നാരുകള്‍ ഉപയോഗശൂന്യമാകും. ബ്രഷിന്റെ ഹാന്‍ഡില്‍ കളയാതെ നാരുകള്‍ മാത്രം മാറ്റിവെക്കാനുള്ള മാര്‍ഗത്തെ കുറിച്ച് കൂടുതല്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ തേജ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജിന്റെ ആഭിമുഖ്യത്തില്‍ നടന്ന റൂറല്‍ ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ച തേജയുടെ ഈ പ്രോജക്റ്റ് സന്ദര്‍ശകരുടെ കൈയടി വാരിക്കൂട്ടി. തികച്ചും പ്രകൃതിദത്തമായ ഈ ടൂത്ത്ബ്രഷ് പരിസ്ഥിതിക്ക് ദോഷം ചെയ്യില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ വിപണിയില്‍ എത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രദേശിക ഭരണകൂടത്തിന്റെ പിന്തുണയില്‍ തേജയുടെ ബ്രഷ് വിപണയിലെത്തുമെന്നു തന്ന പ്രതീക്ഷിക്കാം.

Comments

comments

Categories: FK News, Slider