93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി അനുവദിച്ചു

93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി അനുവദിച്ചു

18 സംസ്ഥാനങ്ങളിലായുള്ള 99 പ്രധാനപ്പെട്ട, ഇടത്തരം ജലസേചന പദ്ധതികള്‍ 2019 ഡിസംബറോടുകൂടി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി കൃഷി സിഞ്ചയ് യോജന (പിഎംകെഎസ്‌വൈ)യ്ക്ക് കീഴില്‍ മുന്‍ഗണനാ പ്രകാരമുള്ള 93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി രൂപ അനുവദിച്ചു. ദീര്‍ഘകാല ജലസേചന ഫണ്ട്( എല്‍ടിഐഎഫ്) വഴിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ് കുമാര്‍ ബന്‍വാല അറിയിച്ചു.
ഇതില്‍ 86 പദ്ധതികള്‍ക്കായി ഇതുവരെ 23,402.70 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. 75 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജലസേചന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞത് കര്‍ഷകര്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണകരമാണെന്നും ബന്‍വാല കൂട്ടിച്ചേര്‍ത്തു.
ഭൂരിഭാഗം പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
18 സംസ്ഥാനങ്ങളിലായുള്ള 99 പ്രധാനപ്പെട്ട, ഇടത്തരം ജലസേചന പദ്ധതികള്‍ 2019 ഡിസംബറോടുകൂടി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവഴി 7.6 മില്യണ്‍ ഹെക്റ്റര്‍ ഭൂമിയിലെ ജലസേചനം നടത്താമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ കൃഷി ഭൂമിയുടെ 54 ശതമാനവും മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. എങ്കിലും എല്ലാ കൃഷിഭൂമികള്‍ക്കും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ജലസേചന സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.
93 പദ്ധതികള്‍ക്കായുള്ള കേന്ദ്ര വിഹിതം 40,384.91 കോടി രൂപയാണ്. ഇതില്‍ 15242.02 കോടി രൂപ ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചത് 25,250.03 കോടി രൂപയാണ്. ഇതില്‍ 8,160.70 കോടി രൂപ ചെലവഴിച്ചുവെന്ന് നബാര്‍ഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ആറ് ശതമാനം പലിശനിരക്കില്‍ 15 വര്‍ഷത്തെ ബോണ്ടുകളിറക്ക് നബാര്‍ഡ് നേരിട്ട് വിപണിയില്‍ നിന്നും തുക സമാഹരിച്ചിട്ടുണ്ട്. അതേസമയം ബജറ്റില്‍ വകയിരുത്തിയ വിഹിതത്തില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാരുകള്‍ തുക അനുവദിക്കുന്നത്.

Comments

comments

Categories: Current Affairs