ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അല്‍ഷിമേഴ്സ് അഥവാ സ്മൃതി നാശ രോഗത്തെ വിശേഷിപ്പിക്കുന്നത്. 2015 ലെ ലോക അല്‍ഷിമേഴ്സ് റിപ്പോര്‍ട്ട് പ്രകാരം 46 ദശലക്ഷം ആളുകളാണ് ലോകമെങ്ങും മറവിയുടെ മരണക്കയങ്ങളിലേക്ക് ആണ്ടുപോയിരിക്കുന്നത്. 2010 ല്‍ ഇത് 35 ദശലക്ഷം മാത്രമായിരുന്നു. 2030 ആവുമ്പോള്‍ സ്മൃതിനാശ രോഗികളുടെ എണ്ണം 75 ദശലക്ഷം എത്തിയേക്കുമെന്ന കടുത്ത ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. മനുഷ്യനെ എല്ലാ എഴുത്തുകളും എന്നെന്നേക്കുമായി മായ്ച്ചുകളഞ്ഞ ഒരു ബ്ലാക്ക്്ബോര്ഡ് മാത്രമാക്കി മാറ്റുന്ന ഈ അസുഖത്തെ ഒരു വാര്‍ധക്യ രോഗം എന്നതിനപ്പുറം തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കേണ്ടതും മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്.
ഡോ. കെ എ സലാം
മെമ്മറി അഥവാ ഓര്‍മ്മയും മറ്റ് പ്രധാനപ്പെട്ട മാനസിക പ്രവര്‍ത്തനങ്ങളും കാലക്രമേണ നശിപ്പിക്കുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഇത്്് രോഗികളില്‍ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി എന്നിവ ജനിപ്പിക്കുകയും ബുദ്ധിശക്തി, സാമൂഹിക കഴിവുകള്‍ എന്നിവ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അല്‍ഷിമേഴ്സ്. ഇന്ത്യയില്‍തന്നെ നാല് ദശലക്ഷത്തിലധികം പേര് രോഗബാധിതരാണെന്ന്് കണക്കുകള്‍ പറയുന്നു. അതുപോലെ ലോകമെമ്പാടുമുള്ള 44 ദശലക്ഷം ജനങ്ങളെയാണ് ഈ രോഗം പിടികൂടിയിരിക്കുന്നത്. തലച്ചോറില്‍ ഉണ്ടാകുന്ന ചില തകരാറുകള്‍ (പ്ലാഗ്സ് ആന്റ് ടാങ്കിള്സ്്) ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
അല്‍ഷിമേഴ്സ് പ്രധാനമായിട്ടും നാല് ഘട്ടങ്ങളായാണ് വേര്‍തിരിച്ചിരിക്കുന്നത്. പ്രീ ഡിമെന്‍ഷ്യ എന്ന്് വിളിക്കുന്ന ആദ്യകാലത്തെ ലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ദ്ധക്യം മൂലമോ ജീവിതസമ്മര്‍ദ്ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഓര്‍മ്മശക്തിക്കുറവും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങള്‍ മറന്നു പോവുന്നതും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും സങ്കീര്‍ണമായ ചില ദൈനംദിനകാര്യങ്ങളെ ബാധിച്ചേക്കാം. വളരെ പ്രകടമല്ലെങ്കിലും ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓര്‍മ്മശക്തി എന്നിവയില്‍ ചെറിയ പിഴവുകള്‍ കാണപ്പെടാം.
രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും ഓര്‍മ്മശക്തിയിലുമുള്ള പ്രശ്നങ്ങള്‍ പ്രകടമായി പുറത്തുവരാം. ചുരുക്കം ചിലരില്‍ ഭാഷ, കാഴ്ചപ്പാടുകള്‍, ശരീരചലനങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങള്‍ ഓര്‍മക്കുറവിനെക്കാള്‍ പ്രകടമായി കാണാം. പഴയകാല ഓര്‍മ്മകള്‍, പഠിച്ച വസ്തുതകള്‍, ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി ഗ്രഹിച്ച കാര്യങ്ങള്‍ ഓര്മ്മിക്കുന്നതിലാണ,് ഈ ഘട്ടത്തിലെ രോഗികളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതെന്ന് കണ്ടിട്ടുണ്ട്. പദസമ്പത്തില്‍ വരുന്ന കുറവ് സംസാരഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ രോഗികള്‍ക്ക് കഴിഞ്ഞേക്കാം.
സാവധാനത്തില്‍ രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഡിമെന്‍ഷ്യ എന്ന അടുത്ത ഘട്ടം. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ സംസാരിക്കാനുള്ള വൈഷമ്യം ഈ ഘട്ടത്തില്‍ വളരെ പ്രകടമായി കാണാം. എഴുതാനും വായിക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടും. വീഴ്ചക്കുള്ള സാധ്യത കൂടുതലായി കാണപ്പെടുന്ന ഈ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവും. അലഞ്ഞുതിരിഞ്ഞ് നടക്കല്‍, പെട്ടെന്ന്് ദേഷ്യം വരല് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടമാവുന്നു.
ഡിമെന്‍ഷ്യ മൂര്ദ്ധന്യഘട്ടത്തിലെത്തുന്ന നാലാമത്തെ ഘട്ടമാവുന്നതോടെ രോഗിക്ക്് പരിപൂര്‍ണമായ പരിചരണമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥ വരുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കുകളിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങുകയും അവസാനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. പേശികള്‍ ശോഷിക്കുകയും നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷിയും നഷ്ടപ്പെടുന്നു. ന്യൂമോണിയയോ അള്‍സറുകളോ പോലെയുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം പലപ്പോഴും സംഭവിക്കുന്നത്.
രോഗകാരണങ്ങള്‍
അല്‍ഷിമേഴ്സ് രോഗത്തിന്റെ കാരണം ഇതുവരെ പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. എന്നിരുന്നാലും രോഗം പ്രത്യക്ഷപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവയാണ്
· ജീവിത രീതി
· മസ്തിഷ്ക കോശങ്ങള്‍ ക്ഷയിച്ചുപോകുന്നത്
· പ്രായം: 60 വയസിനു ശേഷം ഓരോ ദശകത്തിലും രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.
· ജനിതക വ്യതിയാനം: അപൂര്‍വ്വ ജനിതക മാറ്റമുള്ള ആളുകളില്‍ ഈ രോഗം 60 വയസ്സിനു മുമ്പ് പ്രത്യക്ഷപ്പെടാം
· സ്ത്രീകളില്‍ ഈ രോഗം പുരുഷന്മാരിലുള്ളതിനേക്കാള് കൂടുതലായി കണ്ടുവരുന്നു. സ്ത്രീകള്‍ കൂടുതല്‍ കാലം ജീവിക്കുന്നതാണിതിനു കാരണം
· ഡൗണ്‍ സിന്‍ഡ്രോം: ഡൗണ്‍ സിന്‍ഡ്രോം ഉള്ള ആളുകളില്‍ അല്‍ഷിമേഴ്സ് രോഗം കൂടുതലായി കാണപ്പെടുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ 10 മുതല്‍ 20 വര്‍ഷം മുമ്പേ ഇവരില്‍ കണ്ടുവരുന്നു.
· അമിതവണ്ണം
· പുകവലി
· ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
· ഉയര്‍ന്ന കൊളസ്ട്രോള്‍ ലെവല്‍
· പ്രമേഹം
· ഹൃദയസംബന്ധമായ രോഗങ്ങള്‍: തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. അതുകൊണ്ട് തന്നെ ഹൃദ്രോഗത്തിന് കാരണമാകുന്ന രോഗങ്ങളെല്ലാം അല്‍ഷിമേഴ്സിന്റെ സാധ്യത കൂട്ടുന്നു.
· മസ്തിഷ്കാഘാതം: തലച്ചോറിനുണ്ടാകുന്ന ആഘാതങ്ങള്‍ അല്‍ഷിമേഴ്സിനു വഴിതെളിക്കുന്നു.
രോഗലക്ഷണങ്ങള്‍
· മറവി: സമീപകാല ഓര്‍മകളെയാണ് രോഗം ഇല്ലാതാക്കുന്നത്. ഉദാ: സാധനങ്ങള്‍ വെച്ച സ്ഥലം, പേരുകള്‍, പണം, അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ എന്നിവ മറക്കുക. എന്നാല്‍ പഴയ കാല സംഭവങ്ങള്‍ കൃത്യമായി ഓര്‍ക്കുകയും ചെയ്യും.
· ചിന്തയും യുക്തിയും: രോഗികളില്‍ ഈ രോഗം സങ്കീര്‍ണത ഉളവാക്കുന്നു. ഒന്നിലധികം കാര്യങ്ങള്‍ ചിന്തിക്കാനും യുക്തിക്കനുസരിച്ച് അവ നടപ്പിലാക്കാനും രോഗിക്ക് സാധിച്ചെന്നും വരില്ല.
· പണം കൈകാര്യം ചെയ്യുക, ബാലന്‍സ് നോക്കുക, ബില്ലുകള്‍ അടക്കുക തുടങ്ങിയവ യുക്തിപൂര്‍വ്വം നടത്താന്‍ കഴിയാതെ വരിക.
· അക്കങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ ഈ ബുദ്ധിമുട്ടുകളെ വര്‍ധിപ്പിക്കുന്നു.
· സ്വന്തമായി തീരുമാനം എടുക്കാന്‍ പ്രയാസം അനുഭവപ്പെടുക
· പരിചിതമായ ജോലികളും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളും തെറ്റിക്കുകയും പാകപ്പിഴ വരുത്തുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം.
· രോഗികളില്‍ വിഷാദം, സാമൂഹിക പിന്വലിയല്, മറ്റുള്ളവരിലുള്ള അവിശ്വാസം എന്നിവ പ്രകടമാവുന്നു. ചിലരില്‍ അക്രമസ്വഭാവവും ഉപദ്രവ മനോഭാവവും കാണപ്പെടുന്നു. ചില രോഗികളില്‍ ഉറക്കത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമാകും. പകല്‍ ഉറക്കം കൂടുകയും രാത്രിയില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടുകയും സ്വപ്ന ദര്ശനങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്.
· സ്ഥലകാലബോധം നഷ്ടപ്പെടുക
· പ്രാരംഭലക്ഷണങ്ങള്‍ വാര്‍ദ്ധക്യ സഹജമോ ജീവിത സമ്മര്‍ദ്ദമോ (സ്ട്രെസ്) ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
രോഗനിര്‍ണയം
അല്‍ഷിമേഴ്സ് രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ പ്രത്യേക പരിശോധനകളൊന്നും നിലവിലില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം നടത്തുന്നത്. ചില വിറ്റാമിനുകളുടെ കുറവുകളും തൈറോയ്ഡ് രോഗങ്ങളും സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവയാണ്.
ഇമേജിങ്ങ്: സിടി/എംആര്‍ഐ തുടങ്ങിയ ആധുനിക സ്കാനുകള്‍ വഴി തലച്ചോറിന്റെ ഘടന മനസ്സിലാക്കാനും കോശങ്ങള്‍ നശിച്ചുപോകുന്നതും തലച്ചോര്‍ ചുരുങ്ങിപ്പോകുന്നതും സ്ഥിരീകരിക്കാനും കഴിയും.
അല്‍ഷിമേഴ്സിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലെങ്കിലും ഇതിന്റെ ലക്ഷണങ്ങളെ നമുക്ക് ചികിത്സിക്കാവുന്നതാണ്. ഓര്‍മ്മശക്തി പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ചില മരുന്നുകള്‍ ലഭ്യമാണ്. അതുപോലെ സ്വഭാവവൈകല്യങ്ങളെ നമുക്ക് മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കും. അതേസമയം ഇതിനൊക്കെ പരിമിതികളുമുണ്ട്. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും അല്‍ഷിമേഴ്സിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിത ഭാരം, പ്രമേഹം ഇവയെയൊക്കെ നിയന്ത്രിക്കുന്നത് മൂലം ഹൃദ്രോഗത്തെയും അല്‍ഷിമേഴ്സിന്റെ സാധ്യതയെയും അകറ്റിനിര്‍ത്താം. കൂടാതെ ശാരീരികമായും മാനസികമായും നിങ്ങളുടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നത് അല്‍ഷിമേഴ്സിന്റെ സാധ്യത കുറയ്ക്കും.
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ന്യൂറോസയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനാണ് ലേഖകന്‍