400 വാന്‍ഹ്യൂസന്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ്

400 വാന്‍ഹ്യൂസന്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ്

വനിതകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കാന്‍ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍; ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിടുക, ഇന്ത്യയിലെയും ശ്രീലങ്കയിലെയും സ്ത്രീകളെ

കൊല്‍ക്കത്ത: വനിതകളുടെ അടിവസ്ത്ര, ദൈനംദിന തുണിത്തരങ്ങളുടെ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ തയാറെടുത്ത് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍. കമ്പനിക്ക് കീഴിലെ വാന്‍ഹ്യൂസന്‍ ബ്രാന്‍ഡ് വഴിയാണ് 16,000 കോടി രൂപയുടെ ഈ വിഭാഗത്തില്‍ ആക്രമണോത്സുക മുന്നേറ്റം നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നത്. വാന്‍ഹ്യൂസന്റെ 400 എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍ അടുത്ത മൂന്ന്,നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനിയുടെ ഇന്നര്‍വെയര്‍ ബിസിനസ് സിഇഒ പുനീത് കുമാര്‍ മാലിക് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് വാന്‍ഹ്യൂസന്‍ ബ്രാന്‍ഡിന് കീഴില്‍ പുരുഷന്മാരുടെ ഇന്നര്‍വെയര്‍ വിഭാഗത്തിലേക്ക് കമ്പനി പ്രവേശിച്ചിരുന്നു. നിലവില്‍ ഈ വിഭാഗത്തില്‍ 15 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുണ്ട്. ഇത്തരം സ്‌റ്റോറുകളിലും വനിതകളുടെ ഇന്നര്‍വെയറുകള്‍ വില്‍ക്കും. ഈ ശൃംഖല നടപ്പുസാമ്പത്തിക വര്‍ഷത്തോടെ 35-40 എണ്ണത്തിലേക്ക് വിപുലീകരിക്കും. ഔട്ട്‌ലെറ്റുകളില്‍ കൂടുതലും ഫ്രാഞ്ചസി മുഖേനയാണ്് സജ്ജീകരിക്കുകയെന്നും മാലിക് പറഞ്ഞു.

നിലവില്‍ 9,000 ബഹു ബ്രാന്‍ഡ് സ്‌റ്റോറുകള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിനുണ്ട്. ഈ ഔട്ട്‌ലെറ്റുകളില്‍ 80 ശതമാനത്തിലും പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വിതരണ ശൃംഖല 13,000 ഔട്ട്‌ലെറ്റുകളായി വര്‍ധിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 30,000 ആയി ഉയരുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സമഗ്രമായ പഠനം കമ്പനി നടത്തുന്നുണ്ട്. 3,000 ത്തോളം വ്യത്യസ്തരായ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചു. ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഈ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും വനിതകളെ കേന്ദ്രീകരിച്ചാവും കമ്പനി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്‌റ്റോബര്‍ മുതല്‍ വനിതാ ഇന്നര്‍വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് വിപണിയിലൂടെയും വില്‍പ്പന ആരംഭിക്കും. സ്വന്തം ഓണ്‍ലൈന്‍ ബ്രാന്‍ഡ് സ്‌റ്റോര്‍ നവംബര്‍ മുതല്‍ ആരംഭിക്കാനിരിക്കുകയാണ് കമ്പനി. ലൂയി ഫിലിപ്പെ കഴിഞ്ഞാല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ ബ്രാന്‍ഡാണ് വാന്‍ഹ്യൂസന്‍.

16,000 കോടി രൂപയുടെ വനിതാ ഇന്നര്‍വെയര്‍ വിപണിയില്‍ 3,000 കോടി രൂപയുടേത് സംഘടിതമാണ്. 9,000 കോടി രൂപയുടെ പുരുഷ ഇന്നര്‍വെയര്‍ വിപണിയില്‍ 7,000 കോടി രൂപയുടെ വ്യാപാരമാണ് സംഘടിതം. പുരുഷന്മാരുടെ വിഭാഗം 10 ശതമാനവും വനിതകളുടെ വിഭാഗം 18 ശതമാനവും വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Vanheusen

Related Articles