2019 വെസ്പ 150 സ്‌കൂട്ടറുകള്‍ വിപണിയില്‍

2019 വെസ്പ 150 സ്‌കൂട്ടറുകള്‍ വിപണിയില്‍

പുതിയ ഫാക്റ്ററി ഫിറ്റഡ് കണക്റ്റിവിറ്റി ഫീച്ചറും പിയാജിയോ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ പിയാജിയോ വെസ്പ 150 സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വിഎക്‌സ്എല്‍ 150 സ്‌കൂട്ടറിന് 91,140 രൂപയും എസ്എക്‌സ്എല്‍ 150 എന്ന ടോപ് വേരിയന്റിന് 97,276 രൂപയുമാണ് പുണെ എക്‌സ് ഷോറൂം വില. സൗന്ദര്യം വര്‍ധിപ്പിച്ചും കൂടുതല്‍ ഫീച്ചറുകളോടെയുമാണ് പുതിയ വെസ്പ 150 സ്‌കൂട്ടറുകള്‍ വരുന്നത്. മാറ്റ് റോസ്സോ ഡ്രാഗണ്‍, മാറ്റ് യെല്ലോ, അസ്സൂറോ പ്രോവെന്‍സ എന്നീ പുതിയ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ഇപ്പോള്‍ സ്‌കൂട്ടറുകള്‍ ലഭിക്കും. പുതിയ മെഷീന്‍ കട്ട് അലോയ് പെരിഫെറി വീലുകളാണ് മറ്റൊരു ആകര്‍ഷണം.

സ്‌കൂട്ടറുകള്‍ കൂടാതെ വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ക്കായി പുതിയ ഫാക്റ്ററി ഫിറ്റഡ് കണക്റ്റിവിറ്റി ഫീച്ചറും പിയാജിയോ അവതരിപ്പിച്ചു. ഇതിനായുള്ള മൊബീല്‍ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭിക്കും. ഡിസ്‌ട്രെസ് ബട്ടണ്‍, ഫൈന്‍ഡ് മൈ വെഹിക്കിള്‍ തുടങ്ങിയവയാണ് ചില ഫീച്ചറുകള്‍. സമീപത്തെ പെട്രോള്‍ പമ്പുകളും സര്‍വീസ് സെന്ററുകളും കണ്ടെത്താന്‍ കഴിയും. ആപ്പ് യഥാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് പിയാജിയോ അറിയിച്ചു.

പുതിയ വെസ്പ 150 സ്‌കൂട്ടറുകളുടെ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 150 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 11.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുകളുമായി ചേര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ വെസ്പയുടെ ആറാം വാര്‍ഷികവും അപ്രീലിയയുടെ രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്ന സമയമാണിതെന്ന് പിയാജിയോ ഇന്ത്യ ഇരുചക്ര വാഹന ബിസിനസ് വിഭാഗം മേധാവി ആശിഷ് യാഖ്മി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 300 മോട്ടോപ്ലെക്‌സുകള്‍ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതോടൊപ്പം പുതിയ ഓള്‍-ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ പിയാജിയോ വെസ്പ നോട്ട് പ്രദര്‍ശിപ്പിച്ചു. 125 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ സ്‌കൂട്ടര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. 10 ബിഎച്ച്പി കരുത്തും 10.6 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനാണ് (സിവിടി) എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 68,829 രൂപയാണ് പുണെ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Vespa