2018 സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

2018 സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എന്‍ജിനായ സി 300ഡി നല്‍കി

ന്യൂഡെല്‍ഹി : 2018 മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സി 220ഡി പ്രൈമിന് 40 ലക്ഷം രൂപയും സി 220ഡി പ്രോഗ്രസീവിന് 42.25 ലക്ഷം രൂപയും സി 300ഡി എഎംജി ലൈനിന് 48.50 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആഗോളതലത്തില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ബെസ്റ്റ് സെല്ലറായ നിലവിലെ സി-ക്ലാസ് കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. അകത്തും പുറത്തും സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ വരുത്തിയാണ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 2018 മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് സെഡാനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. നിരവധി പുതിയ ഫീച്ചറുകളും കൂടുതല്‍ കരുത്തുറ്റ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളും സവിശേഷതകളാണ്.

മുഖം മിനുക്കി എന്നതുതന്നെയാണ് പുതിയ സി-ക്ലാസിന്റെ വലിയ പ്രത്യേകത. മെഴ്‌സിഡീസ് ബെന്‍സ് എ-ക്ലാസ് കാറുകളില്‍ കാണുന്ന ഡയമണ്ട് പാറ്റേണ്‍ ഗ്രില്‍ ഡിസൈനാണ് പുതിയ സി-ക്ലാസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ സി 300ഡി എഎംജി ലൈന്‍ വേരിയന്റില്‍ മാത്രമേ ഈ ഗ്രില്‍ ലഭിക്കൂ. ഇ 220ഡി ഉപയോഗിക്കുന്ന 2 സ്ലാറ്റ് ക്രോം ഗ്രില്ലാണ് സി 200ഡി വേരിയന്റിന് നല്‍കിയിരിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, പുതിയ ഫ്രണ്ട് ബംപര്‍ എന്നിവയോടെയാണ് കാര്‍ വരുന്നത്. പുതിയ അലോയ് വീലുകള്‍, ചെറുതായി പരിഷ്‌കരിച്ച പുറം കണ്ണാടികള്‍ എന്നിവ സൈഡ് പ്രൊഫൈലില്‍ ദര്‍ശിക്കാം. പിന്‍വശത്തെ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ പുതിയതാണ്.

പുതിയ സി-ക്ലാസ് സെഡാന്റെ ഉള്‍വശത്ത് കാര്യമായ പുരോഗതിയുണ്ട്. പുതിയ 10.25 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ സ്‌ക്രീന്‍, ന്യൂ-ജെന്‍ ടെലിമാറ്റിക്‌സ്, എന്‍ജിടി 5.5 സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ എന്നിവ ഫീച്ചറുകളാണ്. സാഡില്‍ ബ്രൗണ്‍ & ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ ലഭിച്ച സി 300ഡി വേരിയന്റിലെ എഎംജി ലൈന്‍ ഇന്റീരിയര്‍ സ്‌പോര്‍ടിനെസ് പ്രകടിപ്പിക്കുന്നു.

ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് സി-ക്ലാസ് ലഭിക്കുന്നത്. പെട്രോള്‍ വേരിയന്റ് കമ്പനി ഓഫര്‍ ചെയ്യുന്നില്ല. സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എന്‍ജിനായ സി 300ഡി മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചു. ഈ 2 ലിറ്റര്‍ എന്‍ജിന്‍ 245 ബിഎച്ച്പി കരുത്തും 500 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതി. പുതിയ സി-ക്ലാസിലെ സി 220ഡി 2 ലിറ്റര്‍ എന്‍ജിന്‍ 194 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 6.9 സെക്കന്‍ഡ് വേണം. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ എന്നിവയാണ് പുതിയ മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസിന്റെ എതിരാളികള്‍.

Comments

comments

Categories: Auto