നിയന്ത്രണാതീതമാകുന്ന വ്യാപാരയുദ്ധം

നിയന്ത്രണാതീതമാകുന്ന വ്യാപാരയുദ്ധം

വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തന്നെ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ചൈന ചിന്തിച്ചു തുടങ്ങി. ആഗോള വ്യാപാരരംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയുടെ സൂചനയായി ഇതിനെ കാണണം

ചൈനീസ് ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജാക് മാ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പെന്നോണം ചൈനയോട് പറഞ്ഞതിങ്ങനെ, 20 വര്‍ഷം വരെ നീണ്ടേക്കാവുന്ന വ്യാപാര യുദ്ധത്തിന് സജ്ജമായിരിക്കുക. അതിനുതൊട്ടുപിന്നാലെയാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വാര്‍ത്തകൂടി എത്തിയത്. വ്യാപാര യുദ്ധം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചൈന ആലോചിക്കുന്നു എന്നായിരുന്നു അത്.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ സൂചനകള്‍ തന്നെയാണിത്. ആഗോള അപ്രമാദിത്വത്തിനായി ചൈനയും യുഎസും തമ്മില്‍ നടത്തുന്ന വ്യാപാര മല്‍സരം ആഗോളതലത്തിലും ചലനങ്ങളുണ്ടാക്കുന്നുണ്ട്. ചൈനയുടെ വലിയ വിപണിയായ യുഎസില്‍ നിന്നു തിരിച്ചടി നേരിട്ടതോടെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ശ്രദ്ധ മാറ്റുകയാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ്.

200 ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ചൈന തയാറെടുക്കുന്നതിനിടെയാണ് ജാക് മായുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

വ്യാപാര യുദ്ധത്തെ കുറിച്ച് ആശ്വാസങ്ങള്‍ക്കൊന്നും ഹ്രസ്വകാലാടിസ്ഥാനത്തില്‍ വകയില്ലെന്ന സന്ദേശമാണ് ജാക് മായുടെ പ്രസ്താവനയിലൂടെ ലഭിക്കുന്നത്. കാരണം യുഎസുമായി ഏറ്റവും അടുത്തിടപഴകുന്ന ബിസനസുകാരന്‍ കൂടിയാണ് ആലിബാബയുടെ സ്ഥാപകന്‍. കഴിഞ്ഞ വര്‍ഷം ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയ മാ, അമേരിക്കയില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ 2021 ആകുമ്പോഴേക്കും സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു.

യുഎസ് ഇത്തരത്തില്‍ നികുതി ചുമത്തുകയാണെങ്കില്‍ അവിടെ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ബിസിനസ് മാറ്റുന്നതാണ് ചൈനയ്ക്ക് നല്ലതെന്ന നിലപാടാണ് ഇപ്പോള്‍ ജാക് മായ്ക്കുള്ളത്. ചര്‍ച്ചകള്‍ക്ക് ഇനി ചൈന തയാറാകാത്ത അവസ്ഥ കൂടി വന്നാല്‍ ആഗോളവ്യാപാരരംഗത്ത് കടുത്ത സങ്കീര്‍ണതകള്‍ അനുഭവപ്പെടും. ഒരു മുഴുനീള വ്യാപാരയുദ്ധം ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന പോസിറ്റീവ് സൂചകങ്ങളെ ഇല്ലാതാക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി അടക്കമുള്ള സ്ഥാപനങ്ങള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

എന്താണ് വ്യാപാര യുദ്ധത്തിന് പുറകിലുള്ള യഥാര്‍ത്ഥ കാരണമെന്ന് ട്രംപിന് ഇതുവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചൈനയുടെ കൊളോണിയല്‍ വികസനം തടയുകയാണ് ഉദ്ദേശ്യമെങ്കില്‍ അതിന്റെ രീതി ഇതല്ല.

വ്യാപാര യുദ്ധം മൂലം ചൈനയ്ക്ക് മറ്റ് മേഖലകളില്‍ കാലുറപ്പിക്കാനുള്ള അവസരമാണുണ്ടാകുന്നതെന്ന വിമര്‍ശനങ്ങളൊന്നും ട്രംപ് ഉള്‍ക്കൊണ്ടിട്ടുമില്ല. എന്തായാലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു ട്രംപ് പുറത്തുപോകുന്ന അവസ്ഥയില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നു വേണം കരുതാന്‍. വ്യാപാരയുദ്ധം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച്ചയ്ക്ക് ട്രംപിന് താല്‍പ്പര്യമുണ്ടെന്നാണ് വൈറ്റ്ഹൗസ് ഇക്കണോമിക് അഡൈ്വസര്‍ ലാറി കഡ്‌ലോ സൂചിപ്പിച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ചൈന ഇത്തരമൊരു കൂടിക്കാഴ്ച്ചയോട് എന്ത് നിലപാടെടുക്കും എന്നത് വ്യക്തമല്ല.

Comments

comments

Categories: Editorial, Slider
Tags: trade war