സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധന കേന്ദ്രം പരിഗണിക്കുന്നു

സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധന കേന്ദ്രം പരിഗണിക്കുന്നു

ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റ സ്റ്റീല്‍ ഇറക്കുമതിക്കാരായി ഇന്ത്യ മാറിയിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 12.5 ശതമാനം വരെയാണ് കേന്ദ്രം ഇറക്കുമതി തീരുവ ചുമത്തുന്നത്. ഇത് 15 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് സ്റ്റീല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.
രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്. അത്യാവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറച്ചുകൊണ്ട് ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് കേന്ദ്രം നോക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ ഇന്നലെ വാണിജ്യ മന്ത്രാലയം ചര്‍ച്ച നടത്തിയതായാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഉയര്‍ത്തുന്നതിലൂടെ വ്യാപാര സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആഭ്യന്തര സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പ്രചാരം വര്‍ധിപ്പിക്കാനും ഇതോടൊപ്പം സര്‍ക്കാര്‍ ശ്രമിക്കും. അതേസമയം, 15 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ മന്ത്രാലയമോ വാണിജ്യ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റ സ്റ്റീല്‍ ഇറക്കുമതിക്കാരായി ഇന്ത്യ മാറിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ സ്റ്റീല്‍ ഇറക്കുമതിക്കാരായി മാറുന്നത്. ഇക്കാലയളവില്‍ 2.1 മില്യണ്‍ ടണ്‍ സ്റ്റീലാണ് ഇന്ത്യ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി 15 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2017ല്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി ഏഴ് മില്യണിലധികം സ്റ്റീലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

Comments

comments

Categories: FK News, Slider
Tags: Steel import