അതിവേഗം വളരുന്ന ഇന്ത്യയും പ്രതിബന്ധങ്ങളും

അതിവേഗം വളരുന്ന ഇന്ത്യയും പ്രതിബന്ധങ്ങളും

ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയപ്പോഴെല്ലാം അതിന്റെ ചൂടറിഞ്ഞിട്ടുണ്ടെങ്കിലും അദൃശ്യമായ ഒരു പ്രതിരോധം ഇന്ത്യന്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥ പ്രകടിപ്പിച്ചിരുന്നു. ദശാബ്ദത്തിന് ശേഷം ആഗോള എണ്ണവില വര്‍ധനയും ഡോളറിന്റെ മൂല്യ വര്‍ധനയും അമേരിക്ക തുടക്കം കുറിച്ച വ്യാപാര യുദ്ധവുമെല്ലാം ചേര്‍ന്ന് ഒരു പ്രതിസന്ധിയുടെ അന്തരീക്ഷം കൂടിയാണ് സംജാതമാക്കിയിരിക്കുന്നത്. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും ആഘാതങ്ങളില്‍ നിന്ന് മോചിതമായി, സകാരാത്മകമായി മുന്നേറാനാരംഭിച്ച ഇന്ത്യയുടെ മുന്നിലേക്ക് ഈ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്കൊപ്പം ഒരു പൊതു തെരഞ്ഞെടുപ്പും കൂടി എത്തി നില്‍ക്കുകയാണ്. വലിയ പ്രതിബന്ധങ്ങള്‍ വരും മാസങ്ങളില്‍ അനുഭവിക്കേണ്ടി വരാം എന്ന സൂചനയാണ് ഒരു വിഭാഗം സാമ്പത്തിക നിരീക്ഷകര്‍ നല്‍കുന്നത്. എന്നാല്‍ വളര്‍ച്ചക്കാവശ്യമായ ക്രിയാത്മക ഘടകങ്ങള്‍ നിലനില്‍ക്കുന്നെന്നാണ് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

 

ലോകത്തെ അതിവേഗം വളരുന്ന വിസക്വര സമ്പദ് വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്തുന്നുണ്ടെങ്കിലും ഉയരുന്ന എണ്ണ വില, വളര്‍ന്നു വരുന്ന വിപണി സമ്മര്‍ദം, ആസന്നമായ പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന നയപരമായ മരവിപ്പുകള്‍ തുടങ്ങി ഏതാനും വെല്ലുവിളികള്‍ ഇന്ത്യക്ക് തരക്കേടില്ലാത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതേ ഘടകങ്ങള്‍ തന്നെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന കറന്‍സിയായി രൂപയെ മാറ്റി. ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി നില്‍ക്കുന്ന ശുഭാപ്തി വിശ്വാസത്തിന് അല്‍പം മങ്ങലേല്‍പ്പിക്കാനും ഈ ഘടകങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍, സങ്കീര്‍ണത നിറഞ്ഞ ഏകീകൃത നികുതി സംവിധാനമായ ചരക്ക് സേവന നികുതിയുടെ രാജ്യവ്യാപകമായ നടപ്പിലാക്കല്‍ എന്നീ ഇരട്ട ആഘാതങ്ങളെ തരണം ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടന പൂര്‍ണമായും പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുകടന്നിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇതെല്ലാം നിക്ഷേപകര്‍ക്ക് നല്‍കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവപ്പെടാറുള്ള നയ മരവിപ്പും നിക്ഷേപകര്‍ക്ക് വെല്ലുവിളിയാണ്. രൂപയുടെ റെക്കോഡ് ഇറക്കവും ഉയരുന്ന പലിശ നിരക്കുകളും ഉപഭോഗത്തെ തടസപ്പെടുത്തുകയും വീണ്ടെടുപ്പിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ആഗോള വ്യാപാര യുദ്ധത്തില്‍ നിന്ന് കയറ്റുമതിക്കാരും കടുത്ത വെല്ലുവിളി നേരിടുന്നു.

”നടപ്പ് വര്‍ഷത്തെ ശേഷിക്കുന്ന കാലയളവിനെക്കുറിച്ചുള്ള വീക്ഷണം അത്ര ശുഭകരമല്ല,” ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് ലിമിറ്റഡിന്റെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ മേധാവിയായ പ്രിയങ്ക കിഷോര്‍ പറയുന്നു. പരമാവധി വോട്ട് നേടുന്നതിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതിനാല്‍ 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് വരെ പരിഷ്‌കരണ നടപടികളുടെ ഗതിവേഗം മാന്ദ്യത്തിലായിരിക്കുമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ തീരുമാനങ്ങളിലേക്കാവും ഇനി സര്‍ക്കാരിന്റെ ശ്രദ്ധ. ഒപ്പം സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് അയവുണ്ടാകുകയും ഘടനാപരമായ പരിഷ്‌കരണ നടപടികള്‍ തല്‍ക്കാലത്തേക്ക് മാറ്റി വെക്കപ്പെടുകയും ചെയ്‌തേക്കാം.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 8.2 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ഒമ്പത് പാദങ്ങളിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയായിരുന്നു ഇത്. ബ്ലൂംബെര്‍ഗ് സര്‍വെയില്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനെ മറികടക്കുന്നതായിരുന്നു രാജ്യത്തിന്റെ പ്രകടനം. ലോകത്തില്‍ അതിവേഗം വളരുന്ന സുപ്രധാന സമ്പദ്ഘടനയെന്ന ഇന്ത്യയുടെ പദവി ഉറപ്പിക്കുന്നതായിരുന്നു ഈ ജിഡിപി വളര്‍ച്ച. ഏഷ്യന്‍ പ്രതിയോഗിയായ ചൈനയേയും ഇക്കാര്യത്തില്‍ ഇന്ത്യ മറികടന്നു. യുഎസുമായി നടക്കുന്ന ശക്തമായ വ്യാപാര സംഘര്‍ഷം ചൈനയുടെ വളര്‍ച്ചക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിക്ഷേപങ്ങളിലും മറ്റും വന്‍തോതില്‍ ഇടിവുണ്ടാകുകയും കറന്‍സിയായ യുവാന്റെ മൂല്യം ശോഷിക്കുകയും ചെയ്തു.

ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് താരതമ്യേന ചെറുതാണെങ്കിലും അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് ഇന്ത്യ ഒരിക്കലും പൂര്‍ണമായും ഒഴിവാക്കപ്പെടുന്നില്ല. ഉദാഹണത്തിന്, ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പ്രത്യാഘാതമാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി നിയന്ത്രണത്തിലേക്കും രാജ്യത്ത് എണ്ണ വില ഉയരുന്നതിലേക്കും നയിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഓരോ 10 ഡോളര്‍ ഉയരുമ്പോഴും ആനുപാതികമായി പണപ്പെരുപ്പ നിരക്ക് 30-40 അടിസ്ഥാന പോയിന്റുകള്‍ വര്‍ധിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവിന്റെ സാമ്പത്തിക വളര്‍ച്ചക്ക് 15 അടിസ്ഥാന പോയിന്റുകളുടെ ആഘാതമാണ് ഇത് ഏല്‍പ്പിക്കുന്നതെന്നും ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറ ഹോള്‍ഡിംഗ്‌സ് ഇന്‍ക് പറയുന്നു.

ഈ സമവാക്യത്തിലേക്ക് ദുര്‍ബലമായ കറന്‍സി കൂടി ചേരുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും. യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ ഓരോ രൂപയുടെ വ്യത്യാസം ഉണ്ടാകുമ്പോഴും വാര്‍ഷികാടിസ്ഥാനത്തില്‍ ന്യൂഡെല്‍ഹിയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഏകദേശം 109 ബില്യണ്‍ രൂപയുടെ (1.5 ബില്യണ്‍ ഡോളര്‍) അധിക ബാധ്യതയുണ്ടാകുമെന്ന് കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനലൈസിംഗ് സെല്‍ വ്യക്തമാക്കുന്നു.

നോമുറ ഹോള്‍ഡിംഗ് ഇന്‍കിലെ അനലിസ്റ്റുകളുടെ ചില സൂചകങ്ങള്‍ ഇതിനകം മാന്ദ്യ സ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഉയര്‍ന്ന എണ്ണ വില, ആഗോള വളര്‍ച്ചാ മാന്ദ്യം, കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് എന്നിവ മൂലം വളര്‍ച്ചാ വേഗത കുറയാന്‍ സാധ്യതയുണ്ടെന്നാണ് സൊനാല്‍ വര്‍മയുടെ നേതൃത്വത്തില്‍ വിചക്ഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച ബ്ലൂംബെര്‍ഗ് പുറത്തുവിട്ട സര്‍വെയിലും സമ്പദ്ഘടനയുടെ വളര്‍ച്ച ഇനി മാന്ദഗതിയിലാകുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തിന്റ അവശേഷിക്കുന്ന മൂന്ന് പാദങ്ങളില്‍ യഥാക്രമം 7.4 ശതമാനം, 7.1 ശതമാനം, 7 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനമായ 7.4 ശതമാനം ശരാശരി വളര്‍ച്ചക്ക് അല്‍പ്പം താഴെയാണ് ഈ നിഗമനങ്ങള്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതായി വിവിധ സൂചകങ്ങള്‍ വ്യക്തമാക്കുന്നതിനാല്‍ ആഭ്യന്തര വളര്‍ച്ച വീണ്ടെടുക്കാനാവുമെന്ന് ആര്‍ബിഐ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഈ വര്‍ഷം രണ്ട് തവണ ആര്‍ബിഐ പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

മാന്ദ്യം സമഗ്രമായി ബാധിക്കുന്നു എന്ന ആശങ്ക വേണ്ടെന്നതാണ് വാസ്തവം. ആവശ്യകത ഉയരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ പുനരുജ്ജീവിക്കപ്പെടുകയും കമ്പനികളുടെ ശേഷി വിനിയോഗത്തില്‍ മെച്ചപ്പെടലും ദൃശ്യമാണ്. 2018 ലെ ആദ്യ പാദത്തിലെ 71 ശതമാനത്തില്‍ നിന്ന് 76 ശതമാനത്തിലേക്ക് നാലാം പാദത്തില്‍ നിക്ഷേപങ്ങള്‍ വളര്‍ന്നു. ‘നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി എന്നിവ മൂലമുണ്ടായ ഇരട്ട ആഘാതങ്ങള്‍ മങ്ങുകയും ആവശ്യകതയും ഉല്‍പ്പാദനവും ഉയരുകയും ചെയ്തു. വളര്‍ച്ചയില്‍ സാധാരണയില്‍ കവിഞ്ഞുള്ള മുന്നേറ്റത്തിലേക്കും ഇത്് നയിച്ചു,’എച്ച്എസ്‌സിബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി ചീഫ് ഇന്ത്യാ ഇക്കണോമിസ്റ്റായ പ്രാന്‍ജുള്‍ ഭണ്ഡാരി പറയുന്നു. 2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള അര്‍ദ്ധ വര്‍ഷ കാലയളവില്‍ രാജ്യം ശരാശരി 7.8 ശതമാനം വളരുമെന്നാണ് എച്ച്എസ്ബിസി കണക്കാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്ക് തിരിച്ചെത്തുന്നതോടെ ഡിസംബറില്‍ വളര്‍ച്ചാ നിരക്ക് തിരികെ 7.1 ശതമാനത്തിലെത്തുമെന്നും പ്രാന്‍ജുള്‍ അനുമാനിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഓഹരി വിപണി വിലയിരുത്തല്‍ പ്രകാരം ജിഡിപി സംബന്ധിച്ച പ്രധാന വിവരങ്ങള്‍: മൊത്തം മൂല്യ വര്‍ധനവ് (ജിവിഎ, നികുതി ഒഴിവാക്കിയുള്ള കണക്ക്) ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 8 ശതമാനം വര്‍ധിച്ചു. സര്‍വേ അനുമാനം 7.5 ശതമാനമായിരുന്നു. കൃഷി 5.3 ശതമാനവും, ഉല്‍പ്പാദനം 13.5 ശതമാനവും വൈദ്യുതി-ഗ്യാസ് മേഖല 7.3 ശതമാനവും, നിര്‍മാണം 8.7 ശതമാനവും വളര്‍ച്ച നേടി.

നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന പ്രവണത തുടരുമെന്നാണ് ബാര്‍ക്ലേസ് ബാങ്ക് പിഎല്‍സി ഇന്ത്യാ ചീഫ് ഇക്കണോമിസ്റ്റായ സിദ്ധാര്‍ത്ഥ സന്യാല്‍ പ്രതീക്ഷിക്കുന്നത്. ”വിതരണത്തിലെ സ്തംഭനം നീക്കുന്നതിനും, തടസപ്പെട്ട നിക്ഷേപ പദ്ധതികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും, പൊതു അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഊന്നല്‍ നില്‍കുന്നതിനും സര്‍ക്കാര്‍ തുടര്‍ന്നും ശ്രദ്ധ ചെലുത്തുമെന്നാണ് വിശ്വസിക്കുന്നത്. ഇത് നിക്ഷേപ വേഗത വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും,” 2018 ന്റെ ആദ്യപകുതിയിലെ ഉയര്‍ന്ന സ്റ്റീല്‍ സിമെന്റ് ഉല്‍പ്പാദനം ചൂണ്ടിക്കാട്ടി സന്യാല്‍ പറഞ്ഞു.

Comments

comments

Categories: FK Special, Slider
Tags: India Growth