ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ട്രെയ്ന്‍ ജര്‍മനിയില്‍ സര്‍വീസ് ആരംഭിച്ചു

ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ട്രെയ്ന്‍ ജര്‍മനിയില്‍ സര്‍വീസ് ആരംഭിച്ചു

ബെര്‍ലിന്‍: ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ജര്‍മനിയില്‍ ആരംഭിച്ചു. സുസ്ഥിര വികസനമെന്ന പോലെ സുസ്ഥിര യാത്രയ്ക്കായുള്ള ഒരു പുതിയ കാലഘട്ടത്തിന്റെ ആരംഭം കുറിക്കുന്നതായി മാറി ഹൈഡ്രജന്‍ ട്രെയ്‌നിന്റെ വരവ്. 2050-ാടെ മലിനീകരണം കുറയ്ക്കുന്നതിനും, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ജര്‍മനിയുടെ എനര്‍ജി ട്രാന്‍സിഷന്‍ പ്ലാനിലെ (ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതി) സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഹൈഡ്രജന്‍ ട്രെയ്ന്‍ സര്‍വീസിനെ കണക്കാക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോം (Alstom) ആണ് ട്രെയ്ന്‍ നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ ട്രെയ്ന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. വടക്കന്‍ ജര്‍മനിയിലെ കക്‌സ്ഹാവന്‍, ബുക്‌സ്റ്റെഹ്യൂഡ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 100 കിലോമീറ്റര്‍ റൂട്ടിലാണു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിലവില്‍ ഡീസല്‍ ട്രെയ്‌നുകളാണു സര്‍വീസ് നടത്തുന്നത്. ഡീസല്‍ ട്രെയ്‌നുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഹൈഡ്രജന്‍ ട്രെയ്ന്‍ ചെലവേറിയതാണ്. പക്ഷേ, മലിനീകരണം കുറവാണ്. ഹൈഡ്രജന്‍ ട്രെയ്ന്‍ പുറന്തള്ളുന്നത് ആവിയും, വെള്ളവുമാണ്. ഹൈഡ്രജന്‍ ട്രെയ്‌നില്‍ ഊര്‍ജ്ജം ശേഖരിച്ചു വയ്ക്കുന്നത് ഇയോണ്‍ ലിഥിയം ബാറ്ററിയിലാണ്. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയ്‌നുകളിലുള്ളത്. 2021-ാടെ 14 സീറോ എമിഷന്‍ ട്രെയ്‌നുകള്‍ കൂടി വിതരണം ചെയ്യാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന് ആല്‍സ്റ്റോം കമ്പനി അറിയിച്ചു.

Comments

comments

Categories: World
Tags: Hydregen