ബെര്‍ലിന്‍: ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD) എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയോടു മൃദുസമീപനം പുലര്‍ത്തുന്നെന്ന് ആരോപിച്ചു ജര്‍മനിയില്‍ ആഭ്യന്തര ചാര സംഘടനയുടെ തലവന്‍ ഹാന്‍സ് ജിയോര്‍ഗ് മാസെനെ നീക്കം ചെയ്തു. ഇന്റലിജന്‍സ് ഏജന്‍സിയുടെ തലപ്പത്ത്നിന്നും നീക്കം ചെയ്തെങ്കിലും ആഭ്യന്തര മന്ത്രാലയത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട് മാസെന്നിന്.
35-കാരനായ ജര്‍മന്‍-ക്യൂബന്‍ വംശജന് ഡാനിയേല്‍ ഹില്ലിഗിന്റെ മരണത്തില്‍ കലാശിച്ച ഷെമിനിറ്റ്സ് വംശീയ കലാപത്തെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശമാണു മാസെന്നിനു വിനയായി മാറിയത്. ഡാനിയേലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒരു ഇറാഖിയെയും, ഒരു സിറിയന്‍ വംശജനെയും അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാഴ്ച മുന്‍പ് ഒരു ടാബ്ലോയ്ഡ് ന്യൂസ് പേപ്പറായ ബില്ഡിനു നല്കിയ അഭിമുഖത്തില്‍ മാസെന്, ഷെമിനിറ്റ്സില് നടന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ പ്രകടനത്തിന്റെ ഓണ്‍ലൈന്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. മാസെന്റെ അഭിമുഖം ജര്‍മനിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയര്‍ത്തിവിട്ടത്.
ഓഗസ്റ്റ് 26-നു കുടിയേറ്റക്കാരനുമായുണ്ടായ അടിപിടിയില്‍ ജര്‍മന്‍-ക്യൂബന്‍ വംശജനായ ഡാനിയേല്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഷെമിനിറ്റ്സില് തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പ്രകടനം അരങ്ങേറിയത്. ഏകദേശം 6,000-ത്തോളം പേര് പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.