ഫെറാറിയുടെ പുതിയ കാര്‍ പ്രഖ്യാപിച്ചു ; പ്യുവറോസാംഗ്‌വേ

ഫെറാറിയുടെ പുതിയ കാര്‍ പ്രഖ്യാപിച്ചു ; പ്യുവറോസാംഗ്‌വേ

5 ഡോര്‍ ബോഡിയുമായി വരുന്ന ആദ്യ ഫെറാറിയാണ് പ്യുവറോസാംഗ്‌വേ. 2022 അവസാനത്തോടെ വിപണിയിലെത്തിക്കും

മാരാനെല്ലോ : ഫെറാറിയുടെ പുതിയ എസ്‌യുവി ഏതെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ലോകമെങ്ങുമുള്ള ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളുടെ ആരാധകര്‍. എന്നാല്‍ തങ്ങളുടെ പുതിയ വാഹനം എസ്‌യുവി അല്ലെന്നും ക്രോസ്ഓവറാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്യുവറോസാംഗ്‌വേ എന്നാണ് ക്രോസ്ഓവറിന് നല്‍കിയിരിക്കുന്ന പേര്. ഉന്നതകുല ജാതന്‍, കുലീനന്‍ എന്നെല്ലാമാണ് ഇറ്റാലിയന്‍ ഭാഷയില്‍ അര്‍ത്ഥം. തറോബ്രെഡ് കുതിര എന്നും അര്‍ത്ഥമാക്കാം.

ഫെറാറിയുടെ ആദ്യ ക്രോസ്ഓവറാണ് പ്യുവറോസാംഗ്‌വേ. 2022 അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് ഫെറാറിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലൂയിസ് കാരി കാമില്ലേരി പറഞ്ഞു. 5 ഡോര്‍ ബോഡിയുമായി വരുന്ന ഫെറാറിയുടെ ആദ്യ വാഹനമാണ് പ്യുവറോസാംഗ്‌വേ. ആകൃതിയില്‍ കൂപ്പെയുമായിട്ടായിരിക്കും കൂടുതല്‍ സാമ്യം. പെര്‍ഫോമന്‍സ്, വില എന്നീ കാര്യങ്ങളില്‍ ലംബോര്‍ഗിനി ഉറുസുമായി ഫെറാറി പ്യുവറോസാംഗ്‌വേ മത്സരിക്കും.

ഫെറാറിയുടെ പുതിയ ഫ്രണ്ട് മിഡ്-എന്‍ജിന്‍ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് പ്യുവറോസാംഗ്‌വേ നിര്‍മ്മിക്കുന്നത്. അതായത് മുന്നിലെ ചക്രങ്ങള്‍ക്ക് തൊട്ടുപിന്നിലായിരിക്കും എന്‍ജിന്‍ സ്ഥാപിക്കുന്നത്. അതേസമയം ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ പിന്നിലേക്ക് മാറും. വാഹനത്തിന്റെ ഭാരം തുല്യമായി വിതരണം ചെയ്തുനിര്‍ത്തുന്നതിന് ഈ സജ്ജീകരണം സഹായിക്കും.

ഓള്‍ വീല്‍ ഡ്രൈവിനെ പിന്തുണയ്ക്കുന്നതാണ് പ്ലാറ്റ്‌ഫോം. ഒരു പക്ഷേ വാഹനം ഹൈബ്രിഡ് ആകാനും മതി. ഹൈ-റൈഡിംഗ് 5 ഡോര്‍ ക്രോസ്ഓവറായിരിക്കും ഫെറാറി പ്യുവറോസാംഗ്‌വേ. ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നത് തുടരാനാണ് ഫെറാറിയുടെ തീരുമാനം.

Comments

comments

Categories: Auto
Tags: Ferrari