നയ രൂപീകരണവും ഡാറ്റാ സ്വകാര്യതയും 5ജിയിലെ വെല്ലുവിളികള്‍: മനോജ് സിന്‍ഹ

നയ രൂപീകരണവും ഡാറ്റാ സ്വകാര്യതയും 5ജിയിലെ വെല്ലുവിളികള്‍: മനോജ് സിന്‍ഹ

പ്രൊഫ. എ ജെ പോള്‍രാജ് സമിതിയുടെ പ്രധാന ശുപാര്‍ശകളില്‍ സര്‍ക്കാര്‍ വിലയിരുത്തലുകള്‍ തുടങ്ങിയിട്ടുണ്ട്

ന്യൂഡെല്‍ഹി: സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഉചിതമായ നയം, ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് അഞ്ചാം തലമുറ(5ജി) ടെലികോം സേവനം ലഭ്യമാക്കുന്നതിനു മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. ഇക്കോണോമിക് ടൈംസിന്റെ ടെലികോം 5ജി കോണ്‍ഗ്രസ്-2018 എന്ന പരിപാടിയില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
5 ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതും സാങ്കേതിക വികസനവും സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നത തല സമിതിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 5ജിയില്‍ എത്തിച്ചേരുന്നതില്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് പുറകിലാകാന്‍ പാടില്ല. അതിനാല്‍ പ്രൊഫ. എ ജെ പോള്‍രാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ പ്രധാന ശുപാര്‍ശകളില്‍ സര്‍ക്കാര്‍ വിലയിരുത്തലുകള്‍ തുടങ്ങിയിട്ടുണ്ട്. കാര്യക്ഷമമായ 5ജി സേവനങ്ങള്‍ വൈകാതെ ലഭ്യമാക്കുക, ഇന്ത്യയുടെ 5 ജി റിസര്‍ച്ചിന് രൂപം നല്‍കുക, സെമി കണ്ടക്റ്റര്‍ ഫാബ്രിക്കേഷന്‍, അസംബ്ലി, പരീക്ഷണ പ്ലാന്റുകള്‍ തുടങ്ങിയ 5ജി മാനുഫാക്ചറിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രാജ്യത്ത് 5ജി മൊബീല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യ ലഭ്യമാകുമ്പോള്‍ എല്ലാ പൗരന്മാരുടേയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിയമപരമായ ഒരു ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിലുള്ള വീഡിയോ ഫീഡുകളുടെയും റിയല്‍ ടൈം ഇന്റലിജന്‍സിന്റെയും രൂപത്തില്‍ 5ജിയെ ജനങ്ങളുടെ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും ഉപയോഗിക്കാമെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി. 5ജി കൊണ്ടുള്ള സാമ്പത്തിക ഫലം എന്നത് 2035 ആകുമ്പോഴേക്കും ഒരു ട്രില്യണ്‍ ഡോളര്‍ മറികടക്കും. 5 ജി ഒരു ഹൈപ്പര്‍കണക്റ്റഡ് സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. മനുഷ്യന്റെ ആശയവിനിമയത്തിനു മാത്രമല്ല യന്ത്രങ്ങള്‍ വഴിയുള്ള ആശയകൈമാറ്റത്തിനും 5ജി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News, Slider