ഔഡി ഇ-ട്രോണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ഔഡി ഇ-ട്രോണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ഔഡിയില്‍നിന്നുള്ള ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് കാറാണ് ഇ-ട്രോണ്‍. 66.92 ലക്ഷം രൂപയായിരിക്കും വില

സാന്‍ ഫ്രാന്‍സിസ്‌കോ : ഔഡി ഇ-ട്രോണ്‍ അനാവരണം ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഈ വര്‍ഷത്തെ ആഗോള ഔഡി ഉച്ചകോടിയിലാണ് ഇലക്ട്രിക് എസ്‌യുവി മറ നീക്കി പുറത്തുവന്നത്. ഔഡിയില്‍നിന്നുള്ള ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് കാറാണ് ഇ-ട്രോണ്‍. ഈ മാസം അവസാനത്തോടെ കാര്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിതരണം ആരംഭിക്കുന്നത്. 79,000 യൂറോ അഥവാ 66.92 ലക്ഷം ഇന്ത്യന്‍ രൂപ മുതലായിരിക്കും വില. 2019 അവസാനത്തോടെ ഔഡി ഇ-ട്രോണ്‍ ഇന്ത്യയിലുമെത്തും.

ഔഡിയുടെ തനത് സ്‌റ്റൈലിംഗ് (ഷാര്‍പ്പ് & എഡ്ജി) ഇ-ട്രോണിന് ലഭിച്ചിരിക്കുന്നു. ഔഡിയുടെ മുന്‍ കണ്‍സെപ്റ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ-ട്രോണ്‍ കുറേക്കൂടി പാരമ്പര്യം മുറുകെപ്പിടിച്ചു എന്ന് കാണാന്‍ കഴിയും. ആക്റ്റിവ് ഫഌപ്പുകള്‍ സഹിതം മുന്നില്‍ ഒക്റ്റാഗണല്‍ ഗ്രില്‍ നല്‍കിയിരിക്കുന്നു. ഇതുവഴി കാറ്റ് സുഗമമായി കടന്നുവന്ന് ഫ്രണ്ട് ആക്‌സില്‍ മോട്ടോറിന് തണുപ്പേകും.

രൂപസൗകുമാര്യം കണക്കിലെടുത്താല്‍, ക്രോസ്ഓവറിന് സമാനമാണ് ഇ-ട്രോണ്‍ എസ്‌യുവിയുടെ ഛായാചിത്രം. വലുപ്പം പരിഗണിച്ചാല്‍ ഔഡി ക്യു5, ഔഡി ക്യു7 എന്നിവര്‍ക്കിടയില്‍ സ്ഥാനം ലഭിക്കും. ചെരിഞ്ഞ റൂഫ്‌ലൈന്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍ഭാഗത്തെ വിശേഷങ്ങള്‍. ടെയ്ല്‍ലൈറ്റ് എസ്‌യുവിയുടെ ബൂട്ടില്‍ തിരശ്ചീനമായി നീണ്ടുകിടക്കുന്നു. ഔഡിയുടെ ക്യു എസ്‌യുവികളും ഇ-ട്രോണും തമ്മില്‍ രൂപകല്‍പ്പനയുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ സവിശേഷ സ്റ്റൈലിംഗ് മറ്റ് ഔഡി എസ്‌യുവികളില്‍നിന്ന് ഇ-ട്രോണിനെ വേര്‍തിരിച്ചുനിര്‍ത്തുന്നു.

ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോറുമായാണ് ഔഡി ഇ-ട്രോണ്‍ വരുന്നത്. മുന്നിലെ മോട്ടോര്‍ 125 കിലോവാട്ട് കരുത്താണ് പുറപ്പെടുവിക്കുന്നതെങ്കില്‍ പിന്‍ ആക്‌സിലിലെ മോട്ടോര്‍ 140 കിലോവാട്ട് കരുത്തേകും. ആകെ 265 കിലോവാട്ട് അഥവാ 355 ബ്രേക്ക് ഹോഴ്‌സ് പവര്‍ (ബിഎച്ച്പി). 561 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബൂസ്റ്റ് മോഡില്‍ പവര്‍ ഔട്ട്പുട്ട് 300 കിലോവാട്ട് അഥവാ 408 ബിഎച്ച്പി ആയി വര്‍ധിക്കും. ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന വേഗം കൈവരിക്കാന്‍ കഴിയും.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ (0-100 കിമീ/മണിക്കൂര്‍) വേഗം കൈവരിക്കാന്‍ സാധാരണ മോഡില്‍ 6.6 സെക്കന്‍ഡ് വേണം. എന്നാല്‍ ബൂസ്റ്റ് മോഡില്‍ 5.7 സെക്കന്‍ഡ് മതി. ഔഡി എസ്‌യുവി ആയതിനാല്‍ ക്വാട്രോ (4 വീല്‍ ഡ്രൈവ് സിസ്റ്റം) സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. 36 മൊഡ്യൂളുകളിലായി 432 സെല്ലുകളാണ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. ഇവയെല്ലാം ഒരുമിച്ച് വാഹനത്തിന്റെ ഫ്‌ളോറിന് താഴെ സ്ഥാപിച്ചിരിക്കുന്നു. ആകെ 699 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി 95 കിലോവാട്ട്അവര്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കും.

ഔഡി ഇ-ട്രോണിന്റെ ഉള്‍ഭാഗവും ഫ്യൂച്ചറിസ്റ്റിക് എന്നതിനേക്കാള്‍ കണ്ടംപററിയാണ്. കാബിനില്‍ ബട്ടണുകളൊന്നും കാണാന്‍ കഴിയില്ല. ഡാഷ്‌ബോര്‍ഡിലെ മൂന്ന് ഡിസ്‌പ്ലേ പാനലുകള്‍ വഴിയാണ് സകലമാന നിയന്ത്രണങ്ങളും. വിര്‍ച്വല്‍ കാമറ റിയര്‍ വ്യൂ മിററുകളാണ് ഔഡി ഇ-ട്രോണ്‍ എസ്‌യുവിയുടെ ഒരു പ്രധാന സവിശേഷത. അതായത് വിംഗ് മിററുകളില്‍ എച്ച്ഡി കാമറകളാണ് നല്‍കിയിരിക്കുന്നത്. കാമറ പിടിച്ചെടുക്കുന്ന റിയര്‍ വ്യൂ ചിത്രങ്ങള്‍ കാബിനകത്ത് മുന്‍ ഡോറുകളിലെ രണ്ട് ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സ്പര്‍ശനം വഴിയും ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ നിയന്ത്രിക്കാം. വിര്‍ച്വല്‍ റിയര്‍ വ്യൂ മിററുകള്‍ ലഭിച്ച ലോകത്തെ ആദ്യ പ്രൊഡക്ഷന്‍ കാറാണ് ഇ-ട്രോണ്‍ എന്ന് ഔഡി അവകാശപ്പെട്ടു.

എസ്‌യുവിയില്‍ അഞ്ച് പേര്‍ക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാം. 660 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. ഹുഡിന് കീഴില്‍ 60 ലിറ്ററിന്റെ സ്‌റ്റോറേജ് ശേഷി വേറെയുമുണ്ട്. ചാര്‍ജിംഗ് വയറുകളും മറ്റും ഇവിടെ സൂക്ഷിക്കാം. ഭാവിയില്‍ ഇ-ട്രോണ്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Audi